നെറ്റ്ഫ്‌ളിക്‌സിൽ നിന്ന് 11 ദശലക്ഷം ഡോളർ തട്ടിയ കേസ്; സംവിധായകൻ കാൾ റിൻഷിന് രണ്ടര വർഷം തടവ്

നെറ്റ്ഫ്‌ളിക്‌സിൽ നിന്ന് 11 ദശലക്ഷം ഡോളർ തട്ടിയ കേസ്; സംവിധായകൻ കാൾ റിൻഷിന് രണ്ടര വർഷം തടവ്


ന്യൂയോർക്ക്: നെറ്റ്ഫ്‌ളിക്‌സിനെ പറ്റിച്ച് 11 ദശലക്ഷം ഡോളർ (ഏകദേശം 95 കോടി രൂപ) തട്ടിയ കേസിൽ ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ കാൾ റിൻഷിനെ രണ്ടര വർഷം തടവിന് ശിക്ഷിച്ചു. ന്യൂയോർക്കിലെ ഫെഡറൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

2013ൽ പുറത്തിറങ്ങിയ 47 റോനിൻ എന്ന ചിത്രത്തിന്റെ സംവിധായകനായ റിൻഷ്, 'വൈറ്റ് ഹോഴ്‌സ്' എന്ന സയൻസ് ഫിക്ഷൻ പരമ്പരയുടെ നിർമ്മാണം പൂർത്തിയാക്കാൻ കൂടുതൽ പണം വേണമെന്ന് പറഞ്ഞാണ് നെറ്റ്ഫ്‌ളിക്‌സിൽ നിന്ന് 11 ദശലക്ഷം ഡോളർ അധികമായി വാങ്ങിയത്. എന്നാൽ ആ തുക പരമ്പരയുടെ നിർമ്മാണത്തിനായി ഉപയോഗിക്കാതെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി ആഡംബര ജീവിതത്തിനായി ചെലവഴിച്ചെന്നാണ് കോടതി കണ്ടെത്തിയത്.

അഞ്ച് റോൾസ് റോയ്‌സ് കാറുകൾ, ഒരു ഫെറാരി, ലക്ഷക്കണക്കിന് ഡോളർ വിലവരുന്ന വാച്ചുകൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ വാങ്ങാനാണ് റിൻഷ് പണം ചെലവഴിച്ചത്. രണ്ട് മെത്തകൾ വാങ്ങാൻ മാത്രം 6.38 ലക്ഷം ഡോളറും ആഡംബര കിടക്കസാമഗ്രികൾക്കായി 2.95 ലക്ഷം ഡോളറും ചെലവഴിച്ചതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കൂടാതെ ഏകദേശം 18 ലക്ഷം ഡോളറിന്റെ ക്രെഡിറ്റ് കാർഡ് കുടിശ്ശികയും ഈ തുക ഉപയോഗിച്ച് അടച്ചു.

റിൻഷിന്റെ മാനസികാരോഗ്യ പ്രശ്‌നങ്ങളും മരുന്നുകളുടെ പാർശ്വഫലങ്ങളുമാണ് ഇത്തരം പ്രവൃത്തികൾക്ക് കാരണമായതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. തന്റെ പ്രവൃത്തികൾ മറ്റുള്ളവർക്ക് യഥാർഥ നഷ്ടമുണ്ടാക്കിയെന്നും സംഭവിച്ചതിൽ ഖേദിക്കുന്നുവെന്നും റിൻഷ് കോടതിയിൽ പറഞ്ഞു.

എന്നാൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ചില കാര്യങ്ങൾ വിശദീകരിക്കുമെങ്കിലും നെറ്റ്ഫ്‌ളിക്‌സിനോട് കള്ളം പറഞ്ഞ് പണം തട്ടിയെടുത്ത നടപടി ന്യായീകരിക്കാനാകില്ലെന്ന് ജഡ്ജി വ്യക്തമാക്കി.

പ്രോസിക്യൂഷൻ അഞ്ചു വർഷം തടവ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി രണ്ടര വർഷം തടവാണ് വിധിച്ചത്. കൂടാതെ ഏകദേശം 11 ദശലക്ഷം ഡോളർ നഷ്ടപരിഹാരമായി റിൻഷ് നൽകേണ്ടിവരും.

റിൻഷിന് അനുകൂലമായി ഹോളിവുഡ് താരം കീനു റീവ്‌സ്  കോടതിയിൽ കത്ത് നൽകിയിരുന്നു. ശിക്ഷയിൽ കരുണ കാണിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന.

2018ലും 2019ലുമായി 'വൈറ്റ് ഹോഴ്‌സ്' പരമ്പരയ്ക്കായി നെറ്റ്ഫ്‌ളിക്‌സ് റിൻഷിന് ഏകദേശം 44 ദശലക്ഷം ഡോളർ നൽകിയിരുന്നു. തുടർന്ന് 2020ൽ നിർമ്മാണം പൂർത്തിയാക്കാൻ എന്ന പേരിൽ 11 ദശലക്ഷം ഡോളർ കൂടി അനുവദിക്കുകയായിരുന്നു. എന്നാൽ പരമ്പര ഒരിക്കലും പൂർത്തിയായില്ല. സെപ്തംബറിൽ റിൻഷ് ജയിലിൽ കീഴടങ്ങും. കേസിനെതിരെ അപ്പീൽ നൽകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിച്ചു.