ന്യൂഡല്‍ഹി: ഡെലിവറി ജീവനക്കാരുടെ യൂണിയനുകള്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗിയും സൊമാറ്റോയും വേതന ഇന്‍സെന്റീവ് വര്‍ധിപ്പിച്ചു. പുതുവര്‍ഷത്തലേന്ന് വൈകുന്നേരം ആറുമുതല്‍ അര്‍ധരാത്രി 12 വരെയുള്ള സമയത്ത് ജോലി ചെയ്യുന്ന ഡെലിവറി ജീവനക്കാര്‍ക്ക് ഓരോ ഓര്‍ഡറിനും 120 മുതല്‍ 150 രൂപ വരെ ഇന്‍സെന്റീവ് നല്‍കുമെന്ന് സൊമാറ്റോ അറിയിച്ചു. വര്‍ഷാന്ത്യ തിരക്ക് കണക്കിലെടുത്ത് സ്വിഗ്ഗിയും സമാനമായി ഇന്‍സെന്റീവ് വര്‍ധിപ്പിച്ചിട്ടുണ്ട്.
പുതുവര്‍ഷത്തലേന്ന് വന്‍ വരുമാനം പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ഡെലിവറി ജീവനക്കാരുടെ യൂണിയനുകള്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തത്. മികച്ച വേതനവും സുരക്ഷിതമായ ജോലി സാഹചര്യങ്ങളും ഉറപ്പാക്കണമെന്ന ആവശ്യവുമായി ഡിസംബര്‍ 31ന് പണിമുടക്ക് നടത്താനാണ് യൂണിയനുകള്‍ തീരുമാനിച്ചിരുന്നത്.
തെലങ്കാന ഗിഗ് ആന്റ് പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സ് യൂണിയന്‍ (TGWPU), ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് (IFAT) എന്നിവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ രാത്രിവരെ 1.7 ലക്ഷത്തിലധികം ഡെലിവറി ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് യൂണിയനുകള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിരുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ ഈ എണ്ണം ഇനിയും ഉയരുമെന്നും അവര്‍ വ്യക്തമാക്കി.
പണിമുടക്ക് സ്വിഗ്ഗി, സൊമാറ്റോ എന്നിവയ്‌ക്കൊപ്പം ബ്ലിങ്കിറ്റ്, ഇന്‍സ്റ്റാമാര്‍ട്ട്, സെപ്‌റ്റോ തുടങ്ങിയ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കുമെന്ന് യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 25ന് തെലങ്കാനയിലും മറ്റ് പ്രദേശങ്ങളിലുമായി ആയിരക്കണക്കിന് ഡെലിവറി ജീവനക്കാര്‍ പ്രതിഷേധ സൂചകമായി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ലോഗൗട്ട് ചെയ്തതിനു പിന്നാലെയാണ് രാജ്യവ്യാപക സമരത്തിനുള്ള ആഹ്വാനം ശക്തമായത്.
പണിമുടക്ക് ഭീഷണിക്ക് മുന്നില്‍ വഴങ്ങി സ്വിഗ്ഗിയും സൊമാറ്റോയും: പുതുവര്‍ഷത്തലേന്ന് ഡെലിവറി ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് വര്‍ധിപ്പിച്ചു
