ലണ്ടന്‍: ബ്രിട്ടനിലെ ലേബര്‍ സര്‍ക്കാരിന്റെ പുതിയ നികുതി പരിഷ്‌കാരങ്ങള്‍ സൂപ്പര്‍ സമ്പന്നരെ ലക്ഷ്യമിടുന്നതോടെ ഇന്ത്യന്‍ വംശജനായ സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തല്‍ രാജ്യം വിടുന്നതായി റിപ്പോര്‍ട്ട്. ദി സണ്‍ഡേ ടൈംസ് ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലാണ് മിത്തലിന്റെ നികുതി റെസിഡന്‍സി എങ്കിലും, ഇനി കൂടുതല്‍ സമയം ദുബായിലായിരിക്കും അദ്ദേഹം ചെലവഴിക്കുകയെന്നാണ് വിവരം.
ലേബര്‍ സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന 'സൂപ്പര്‍ റിച്ച് നികുതി'യുടെ ഭാഗമായാണ് ബ്രിട്ടനിലെ ദീര്‍ഘകാലമായി നിലവിലുണ്ടായിരുന്ന 'നോണ്‍ഡോം' (non-domiciled) നികുതി പദവി റദ്ദാക്കുന്നത്. ഇതോടെ ബ്രിട്ടനില്‍ താമസിക്കുന്ന സമ്പന്നര്‍ക്ക് രാജ്യത്തിനുള്ളില്‍ സമ്പാദിക്കുന്ന വരുമാനത്തിന് മാത്രമല്ല, വിദേശത്തുള്ള സ്വത്തുസമ്പാദ്യങ്ങള്‍ക്കും നികുതി നല്‍കേണ്ടിവരും. നവംബര്‍ 26ന് അവതരിപ്പിക്കാനിരിക്കുന്ന അടുത്ത ബജറ്റില്‍ ഈ വ്യവസ്ഥകള്‍ നിയമമാകുമെന്നാണ് സൂചന. നികുതി ഒഴിവാക്കാന്‍ രാജ്യം വിടുന്നവര്‍ക്കു വരെ 20 ശതമാനം വരെ അധിക നികുതി ചുമത്താന്‍ സാധ്യതയുണ്ടെന്ന് ദി ഗാര്‍ഡിയന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലക്ഷ്മി മിത്തലിന്റെ കാര്യത്തില്‍ വരുമാന നികുതിയേക്കാള്‍ വലിയ ആശങ്ക പൈതൃക നികുതിയാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ ബിസിനസ് ടുഡേയോട് വ്യക്തമാക്കി. ബ്രിട്ടനില്‍ നിലവില്‍ 3.25 ലക്ഷം പൗണ്ട് (വീടുമായി ബന്ധപ്പെട്ട ഇളവുകള്‍ ചേര്‍ന്നാല്‍ കൂടുതലാകും) കവിയുന്ന സ്വത്തുക്കള്‍ക്ക് 40 ശതമാനം വരെ പൈതൃക നികുതി നല്‍കേണ്ടിവരും. മരണനന്തരം പൈതൃകമായി കൈമാറുന്ന സമ്പത്തിനാണ് ഈ നികുതി ബാധകമാകുന്നത്. 'ഇത്തരത്തിലുള്ള അവസ്ഥയില്‍ പലര്‍ക്കും രാജ്യം വിടാതെ മറ്റുവഴിയില്ലെന്ന തോന്നലാണ്; അതിനാല്‍ ചിലര്‍ ദുഃഖത്തോടെയും ചിലര്‍ അസ്വസ്ഥതയോടെയും ഈ തീരുമാനമെടുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിന് വിപരീതമായി, ദുബായിലും സ്വിറ്റ്‌സര്‍ലന്‍ഡിലും പൈതൃക നികുതി ഇല്ല. ഇതാണ് മിത്തല്‍ ദുബായിയെ പ്രധാന കേന്ദ്രമായി തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. ദുബായിലെ പ്രശസ്തമായ എമിറേറ്റ്‌സ് ഹില്‍സില്‍ അദ്ദേഹം ഇതിനകം തന്നെ ഒരു ആഡംബര വസതി സ്വന്തമാക്കിയിട്ടുണ്ട്; കൂടാതെ അവിടെ വിവിധ റിയല്‍ എസ്‌റ്റേറ്റ് പദ്ധതികളിലും നിക്ഷേപം നടത്തിയിട്ടുണ്ട്.
ലക്ഷ്മി മിത്തലിന്റെ നീക്കം ഒറ്റപ്പെട്ട സംഭവമല്ല. പുതിയ നികുതി നയം ബ്രിട്ടന്റെ ബിസിനസ് സൗഹൃദ അന്തരീക്ഷത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന ആശങ്കയില്‍ നിരവധി സമ്പന്നരും സംരംഭകരും രാജ്യം വിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹെര്‍മന്‍ നരുല, റിയോ ഫെര്‍ഡിനാന്‍ഡ്, നാസെഫ് സാവിരിസ് എന്നിവരും ഈ പ്രവണതയുടെ ഭാഗമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നികുതി പരിഷ്‌കാരങ്ങള്‍ ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയില്‍ ദീര്‍ഘകാലത്തില്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങളിലേക്കാണ് ഇനി ലോകം ഉറ്റുനോക്കുന്നത്.
സൂപ്പര്‍ റിച്ച് നികുതി: ലേബര്‍ സര്‍ക്കാരിന്റെ പുതിയ നികുതി പരിഷ്‌കാരങ്ങള്‍; ബ്രിട്ടന്‍ വിടാനൊരുങ്ങി ലക്ഷ്മി മിത്തല്‍
