ഇന്ത്യയിൽ നിർമ്മിക്കുന്ന സോളാർ സെല്ലുകൾക്കും മോഡ്യൂളുകൾക്കും അമേരിക്ക വീണ്ടും കനത്ത തീരുവ ഏർപ്പെടുത്തി. പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേതൃത്വത്തിലുള്ള ഭരണകൂടം 123.04 ശതമാനം പ്രാഥമിക 'ആന്റി ഡംപിങ് ഡ്യൂട്ടി' ചുമത്തിയതാണ് പുതിയ നടപടി. ഫെബ്രുവരിയിൽ പ്രഖ്യാപിച്ച 125 ശതമാനം നികുതിക്ക് പുറമേയാണിത്.
യഥാർത്ഥ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഇന്ത്യൻ സോളാർ ഉൽപന്നങ്ങൾ യുഎസിൽ വിൽക്കപ്പെടുന്നതായി ആരോപിച്ചാണ് നടപടി. ഇതോടെ തദ്ദേശീയ ഉൽപാദകരുടെ വിപണി സാധ്യത കുറയുന്നുവെന്ന കണ്ടെത്തലാണ് യുഎസ് വാണിജ്യ മന്ത്രാലയത്തിന്റെ അന്വേഷണത്തിൽ പുറത്തുവന്നതെന്ന് അധികൃതർ പറയുന്നു.
ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഈ നീക്കം ഉണ്ടായത് എന്നത് ശ്രദ്ധേയമാണ്. ഇതിനൊപ്പം പശ്ചിമേഷ്യൻ സംഘർഷം മൂലം നേരത്തെ തന്നെ സമ്മർദ്ദത്തിലായിരുന്ന ഇന്ത്യൻ സോളാർ കമ്പനികൾക്ക് ഇത് വലിയ തിരിച്ചടിയായാണ് വിലയിരുത്തുന്നത്.
മുന്ദ്ര സോളാർ പി.വി., മുന്ദ്ര സോളാർ എനർജി, കോവ കമ്പനി, പ്രീമിയർ എനർജി ഫോട്ടോവോൾട്ടാനിക് തുടങ്ങിയ കമ്പനികളെയാണ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇവയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതായി യുഎസ് ആരോപിച്ചെങ്കിലും, കണ്ടെത്തലുകൾ അടിസ്ഥാനരഹിതമാണെന്നാണ് ഇന്ത്യൻ സോളാർ വ്യവസായ മേഖലയിലെ പ്രതികരണം. നാഷണൽ സോളാർ എനർജി ഫെഡറേഷൻ ഓഫ് ഇന്ത്യ സി.ഇ.ഒ സുബ്രമണ്യം ആരോപണം തള്ളിക്കളഞ്ഞു. തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ തീരുവയോടെ ഇന്ത്യൻ സോളാർ ഉൽപന്നങ്ങൾ യുഎസിലേക്ക് കയറ്റുമതി ചെയ്യാൻ ഏകദേശം 250 ശതമാനം വരെ നികുതി നൽകേണ്ടി വരും. ഇത്രയും ഉയർന്ന തീരുവയിൽ കയറ്റുമതി നടത്തുന്നത് സാമ്പത്തികമായി പ്രയോജനകരമല്ലെന്നാണ് മേഖലയിലെ വിലയിരുത്തൽ. ഇത് ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത സോളാർ കമ്പനികളുടെ പ്രകടനത്തെയും ബാധിക്കാനിടയുണ്ട്.
ഇന്ത്യയ്‌ക്കൊപ്പം ഇന്തോനേഷ്യ, ലാവോസ് തുടങ്ങിയ രാജ്യങ്ങൾക്കും യുഎസ് അധിക തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ രാജ്യങ്ങൾ ചേർന്ന് ഏകദേശം 450 കോടി ഡോളറിന്റെ സോളാർ ഉൽപന്നങ്ങളാണ് യുഎസ് വിപണിയിൽ വിൽപ്പന നടത്തിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
എന്നാൽ അമേരിക്കൻ വിപണിയിൽ തിരിച്ചടി നേരിട്ടാലും, യൂറോപ്പ്, മധ്യേഷ്യ തുടങ്ങിയ പുതിയ വിപണികളിലേക്ക് കയറ്റുമതി വ്യാപിപ്പിക്കാൻ ഇന്ത്യൻ കമ്പനികൾ ശ്രമം ആരംഭിച്ചിട്ടുണ്ട്.
അമേരിക്കയുടെ കനത്ത തീരുവ: ഇന്ത്യൻ സോളാർ കയറ്റുമതിക്ക് വലിയ തിരിച്ചടി
