വാഷിംഗ്ടണ്‍: അമേരിക്കയില്‍ 'ടൈനീ കാറുകള്‍ (മൈക്രോകാര്‍) നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഡിസംബര്‍ 5 വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. മറ്റ് രാജ്യങ്ങളില്‍ വിജയകരമായി നിര്‍മ്മിക്കുന്ന ഇത്തരം ചെറുകാറുകള്‍ അമേരിക്കയിലും ഉണ്ടാകണമെന്ന വാഹനനിര്‍മാതാക്കളുടെ ദീര്‍ഘകാല ആവശ്യം അംഗീകരിച്ചുവെന്നും ട്രംപ് വ്യക്തമാക്കി.
പെട്രോള്‍, വൈദ്യുതി അല്ലെങ്കില്‍ ഹൈബ്രിഡ് സംവിധാനങ്ങളിലേതായിരിക്കും ഈ കാറുകളെന്നും, ചെലവുകുറഞ്ഞതും സുരക്ഷിതവുമായ, ഇന്ധനക്ഷമതയുള്ള വാഹനങ്ങളായിരിക്കും ഇവയെന്നും ട്രംപ് പറഞ്ഞു.
'വളരെ അടുത്ത ഭാവിയുടെ കാറുകളാണിവ; അതിമനോഹരം' എന്നായിരുന്നു ട്രംപിന്റെ വിശേഷണം. നീതിന്യായ വകുപ്പിനോടും ഗതാഗത, പരിസ്ഥിതി വകുപ്പുകളോടും നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. അടുത്തിടെ ഏഷ്യന്‍ രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ കണ്ട ചെറുകാറുകള്‍ 'വളരെ ക്യൂട്ട്' ആണെന്നും, അമേരിക്കയില്‍ അവയ്ക്ക് മികച്ച സാധ്യതയുണ്ടെന്നുമാണ് കാബിനറ്റ് യോഗത്തില്‍ ട്രംപ് അഭിപ്രായപ്പെട്ടത്. നിലവില്‍ മൈക്രോകാറുകളുടെ വില്‍പ്പനയ്ക്ക് ഫെഡറല്‍തലത്തില്‍ പ്രത്യേക വിലക്കുകളൊന്നുമില്ലെന്നതും ശ്രദ്ധേയമാണ്.
ചെറു കാറുകളെ സ്വാഗതം ചെയ്ത് ട്രംപ്; അമേരിക്കയില്‍ മൈക്രോകാര്‍ നിര്‍മാണത്തിന് പച്ചക്കൊടി
