ന്യൂയോർക്ക്: ടിക്‌ടോകിന്റെ അമേരിക്കൻ പ്രവർത്തനങ്ങളിലെ ഭൂരിപക്ഷ ഓഹരി ചൈനീസ് മാതൃകമ്പനിയായ ബൈറ്റ്ഡാൻസ് വിറ്റതായി ടിക്‌ടോക് വ്യാഴാഴ്ച അറിയിച്ചു. ആറുവർഷമായി നീണ്ട നിയമ-രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും കോൺഗ്രസിന്റെ വിലക്കിനും ഒടുവിലാണ് കരാർ പൂർത്തിയായത്.
പുതിയ ഉടമകളായി -ഓറാക്കിൾ-, യുഎഇ ആസ്ഥാനമായ MGX, -സിൽവർ ലേക്ക് എന്നിവ ഉൾപ്പെടെയുള്ള ചൈനീസ് അല്ലാത്ത നിക്ഷേപകർ രംഗത്തെത്തി. ഡെൽ ടെക്‌നോളജീസിന്റെ സ്ഥാപകനായ മൈക്കൽ ഡെല്ലിന്റെ സ്വകാര്യ നിക്ഷേപ സ്ഥാപനവും മറ്റ് കമ്പനികളും ചേർന്ന് പുതിയ സ്ഥാപനത്തിന്റെ 80 ശതമാനത്തിലധികം ഓഹരി കൈവശം വെയ്ക്കും.
അമേരിക്കയിൽ 20 കോടിയിലധികം ഉപയോക്താക്കളുള്ള ടിക്‌ടോക് ചൈനീസ് സർക്കാരിന്റെ നിരീക്ഷണത്തിനും സ്വാധീനത്തിനും വഴിയൊരുക്കുമെന്ന ദേശീയ സുരക്ഷാ ആശങ്കകൾക്കുള്ള പരിഹാരമായാണ് കരാർ. ബൈറ്റ്ഡാൻസുമായുള്ള ബന്ധം കുറയ്ക്കുന്നതിലൂടെ ടിക്‌ടോകിന്റെ അമേരിക്കൻ ഭാവി ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഒരു വർഷത്തിലധികം നീണ്ട ചർച്ചകൾക്ക് ശേഷമുള്ള ഈ കരാറോടെ ടിക്‌ടോക് അമേരിക്കൻ വിപണി വിടേണ്ടി വരുമെന്ന ഭീഷണിയും ഒഴിവായി. 2019 മുതൽ സർവകലാശാലകൾ, യു.എസ്. സൈന്യത്തിന്റെ വിവിധ വിഭാഗങ്ങൾ, കോൺഗ്രസ് അംഗങ്ങൾ, പ്രസിഡന്റുമാരായ ട്രംപും ബൈഡനും വരെ ടിക്‌ടോകിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയുടെയും ഏകകണ്ഠ പിന്തുണയോടെയായിരുന്നു വിലക്ക്.
ഇൻഫ്‌ളുവൻസർമാരുടെ പ്രതിഷേധങ്ങളും രാഷ്ട്രീയ ലോബിയിംഗും, യുഎസ്-ചൈന സാങ്കേതിക മത്സരം ഉൾപ്പെടുന്ന വ്യാപാര യുദ്ധവും ടിക്‌ടോകിനെ വിവാദങ്ങളുടെ കേന്ദ്രത്തിലാക്കി. ഒടുവിൽ, ഉടമസ്ഥാവകാശ മാറ്റത്തിലൂടെ ആറ് വർഷത്തെ നിയമപോരാട്ടത്തിനാണ് വിരാമമായത്.
അമേരിക്കയിലെ ടിക്‌ടോക് ചൈനീസ് സ്വാധീനത്തിൽ നിന്ന് പുറത്ത്; ബൈറ്റ്ഡാൻസ് ഭൂരിപക്ഷ ഓഹരി വിറ്റു
