മന്ദഗതിയിലുള്ള വില്‍പ്പന മറികടക്കാന്‍ ഇന്ത്യയില്‍ പുതിയ തന്ത്രവുമായി ടെസ്ല

മന്ദഗതിയിലുള്ള വില്‍പ്പന മറികടക്കാന്‍ ഇന്ത്യയില്‍ പുതിയ തന്ത്രവുമായി ടെസ്ല


ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിച്ചതിലേറെ വെല്ലുവിളികളെ നേരിടുന്ന ടെസ്ല, വില്‍പ്പനയ്ക്ക് ഊര്‍ജം പകരാനുള്ള പുതിയ തന്ത്രങ്ങള്‍ക്ക് തുടക്കമിടുന്നു. ആഗോള ഇലക്ട്രിക് വാഹന ഭീമന്‍ ഉത്തരേന്ത്യയിലെ ഗുരുഗ്രാമില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വില്‍പ്പന-സര്‍വീസ് കേന്ദ്രം ഉദ്ഘാടനം ചെയ്തു.  ചാര്‍ജിംഗ് സൗകര്യം, വില്പനാനന്തരം സേവനങ്ങള്‍ എന്നിവയെല്ലാം ഒരേസമയം അനുഭവിക്കാന്‍ കഴിയുന്ന ഈ ഷോറൂം വഴിയാണ് വിപണിയില്‍ വീണ്ടും ശക്തിപ്പെടാന്‍ കമ്പനി ലക്ഷ്യമിടുന്നത്.

ജൂലൈയില്‍ വലിയ പ്രചാരണത്തോടെ അരങ്ങേറിയതിനു ശേഷം ടെസ്ല ഇന്ത്യയില്‍ വില്‍പ്പന ചെയ്തത് നൂറിലധികം കാറുകള്‍ മാത്രമാണെന്ന് ഡീലര്‍ഷിപ്പ് ഡേറ്റ വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ മധ്യത്തോടെ 600ല്‍പ്പരം ബുക്കിംഗ് ലഭിച്ചെങ്കിലും, ഡെലിവറി ആരംഭിച്ച ശേഷം അവയില്‍ ചെറിയൊരു ശതമാനം മാത്രമാണ് വില്‍പ്പനയായി മാറിയത്. അതേ സമയം BMW, BYD, മെഴ്‌സിഡീസ് ബെന്‍സ് തുടങ്ങിയ പ്രീമിയം ബ്രാന്‍ഡുകള്‍ ഉത്സവസീസണിലെ ഡിമാന്‍ഡും നികുതി ഇളവുകളും പ്രയോജനപ്പെടുത്തി മികച്ച വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു.

കുറഞ്ഞ വില്‍പ്പന കണക്കുകളോട് നേരിട്ട് പ്രതികരിക്കാന്‍ ടെസ്ല തയ്യാറായില്ലെങ്കിലും, ഇന്ത്യയിലെ ഇ.വി. ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുക എന്നതിലാണ് ഇനി കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ ബി.ബി.സി.യോട് പറഞ്ഞു. ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കല്‍, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തല്‍, ഇ.വി. സ്വീകരണം വേഗത്തിലാക്കല്‍ എന്നിവ ഉള്‍പ്പെടുന്ന മൂന്ന് തന്ത്രങ്ങളാണ് ഇതിനായി രൂപകല്‍പ്പന ചെയ്യുന്നത്.

 ഇന്ധനവും പരിപാലന ചെലവും കണക്കിലെടുത്താല്‍ നാലു വര്‍ഷത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ഏകദേശം 20 ലക്ഷം രൂപ വരെ ലാഭമുണ്ടാകാമെന്ന് ഗുരുഗ്രാമിലെ ടെസ്ല സെന്റര്‍ ഉദ്ഘാടന വേളയില്‍ ഇന്ത്യാ മേധാവി ശരദ് അഗര്‍വാള്‍ പറഞ്ഞു. 'മിക്ക സേവനങ്ങളും സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ വഴി ദൂരെയിരുന്നുകൊണ്ടുതന്നെ നടത്താനാകുന്നതിനാല്‍ ചെലവ് കുറവാണ്. വീട്ടില്‍ നടത്തുന്ന ചാര്‍ജിംഗിന്റെ ചെലവ് പെട്രോള്‍ ചെലവിന്റെ പത്തിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇന്ത്യയില്‍ ഇ.വി. വിപണി ഇപ്പോഴും വളര്‍ച്ചയുടെ തുടക്കഘട്ടത്തിലാണ്. യാത്രാവാഹന വില്‍പ്പനയില്‍ ഇ.വികളുടെ പങ്ക് മൂന്ന് ശതമാനത്തിലുമല്ല, രാജ്യത്ത് നിലവില്‍ ഏകദേശം 25,000 ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ മാത്രമാണ് ഉള്ളത്. ഉയര്‍ന്ന നികുതിയും വാഹനങ്ങളുടെ ഉയര്‍ന്ന വിലയും ടെസ്ലയ്ക്കു മുന്നിലെ പ്രധാന വെല്ലുവിളികളായി തുടരുന്നു.

ഇന്ത്യയിലെ മന്ദഗതിയിലുള്ള വില്‍പ്പന ആഗോളതലത്തില്‍ ടെസ്ല നേരിടുന്ന സമ്മര്‍ദങ്ങള്‍ക്കിടയിലാണ്. യൂറോപ്പ്, ചൈന, അമേരിക്ക എന്നിവിടങ്ങളിലെ ആവശ്യകത കുറയുകയും, അമേരിക്കയിലെ നികുതി ഇളവ് അവസാനിച്ചതിന് മുന്‍പുള്ള അവസാന നിമിഷ വാങ്ങലുകള്‍ മൂലം റെക്കോര്‍ഡ് വരുമാനം ലഭിച്ചിട്ടും ലാഭം ഇടിയുകയും ചെയ്തു. സെപ്റ്റംബറില്‍ അവസാനിച്ച മൂന്ന് മാസത്തില്‍ ടെസ്ലയുടെ വരുമാനം 2800 കോടി ഡോളറായി ഉയര്‍ന്നെങ്കിലും, ലാഭം 37 ശതമാനം കുറഞ്ഞു.

പ്രാദേശിക നിര്‍മ്മാണത്തിലേക്ക് വലിയ താത്പര്യം പ്രകടിപ്പിക്കാത്ത ഇലോണ്‍ മസ്‌ക്, ഇറക്കുമതി അധിഷ്ഠിത തന്ത്രവുമായാണ് ഇന്ത്യയിലേക്ക് ഇറങ്ങിയത്. എന്നാല്‍ വിപണി പിടിക്കാന്‍ ഇക്കോസിസ്റ്റം വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവോടെയാണ് ടെസ്ല ഇപ്പോള്‍ ഇന്ത്യയില്‍ പുനഃക്രമീകരണത്തിന് തുടക്കം കുറിക്കുന്നത്.