ന്യൂഡൽഹി: എയർ ഇന്ത്യയെ ലോകോത്തര വിമാനക്കമ്പനിയാക്കി മാറ്റാനുള്ള ശ്രമത്തിന് പ്രതീക്ഷിച്ചതിലും കൂടുതൽ സമയം എടുക്കുമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ വ്യക്തമാക്കി. വിമാനക്കമ്പനിയുടെ പുനരുജ്ജീവനം അഞ്ച് മുതൽ പത്ത് വർഷം വരെ നീളുന്ന ദീർഘകാല പ്രക്രിയയാണെന്നും ഏതാനും മാസങ്ങൾക്കുള്ളിൽ ഫലം പ്രതീക്ഷിക്കാനാകില്ലെന്നും അദ്ദേഹം വാർഷിക റിപ്പോർട്ടിൽ പറഞ്ഞു.
2022 ജനുവരിയിൽ ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയുടെ നിയന്ത്രണം തിരിച്ചെടുത്തതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു ദീർഘകാല സമയപരിധി അദ്ദേഹം വ്യക്തമാക്കുന്നത്. വിമാനങ്ങളുടെ നവീകരണം, ജീവനക്കാരുടെ പരിശീലനം, സേവന നിലവാരം ഉയർത്തൽ, സർവീസ് ശൃംഖല വികസിപ്പിക്കൽ, പഴയ സംവിധാനങ്ങൾ മാറ്റിപ്പണിയൽ എന്നിവയ്ക്ക് വർഷങ്ങൾ വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
2025-26 സാമ്പത്തിക വർഷം ടാറ്റയുടെ കീഴിലുള്ള എയർ ഇന്ത്യയ്ക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ വർഷമായിരുന്നുവെന്നും അദ്ദേഹം വിലയിരുത്തി. പാകിസ്താൻ വ്യോമപാത അടച്ചത്, പശ്ചിമേഷ്യയിലെ സംഘർഷം, ഇന്ധനവില വർധന, വിമാനങ്ങളുടെ വിതരണം വൈകിയത്, എഐ 171 വിമാനാപകടം എന്നിവ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.
ഇതിന്റെ ഫലമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും ചേർന്ന് 2025-26ൽ 22,238 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. മുൻവർഷം ഇത് 10,859 കോടി രൂപയായിരുന്നു. സംയുക്ത വരുമാനവും ഏകദേശം ഒമ്പത് ശതമാനം കുറഞ്ഞ് 71,870 കോടി രൂപയായി.
വിപണി നേതാവായ ഇൻഡിഗോയുമായി താരതമ്യം ചെയ്യുമ്പോൾ എയർ ഇന്ത്യ ഇപ്പോഴും ഏറെ പിന്നിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇൻഡിഗോയ്ക്ക് 84,962 കോടി രൂപയുടെ വരുമാനമുണ്ടായെങ്കിലും വിദേശനാണ്യ വിനിമയ നഷ്ടത്തെ തുടർന്ന് 2,394 കോടി രൂപയുടെ അറ്റനഷ്ടമാണ് രേഖപ്പെടുത്തിയത്.
അതേസമയം, എയർ ഇന്ത്യയുടെ സേവന നിലവാരത്തിൽ പുരോഗതിയുണ്ടായതായി ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ സംതൃപ്തി സൂചിക (Net Promoter Score) 2023ലെ 35ൽ നിന്ന് 2026 ജൂണിൽ +42 ആയി ഉയർന്നു. ആഭ്യന്തര സർവീസിലെ എല്ലാ നാരോബോഡി വിമാനങ്ങളുടെയും നവീകരണം പൂർത്തിയായെന്നും വൈഡ്‌ബോഡി വിമാനങ്ങളുടെ നവീകരണം 2028 സാമ്പത്തിക വർഷത്തോടെ പൂർത്തിയാകുമെന്നുമാണ് പ്രതീക്ഷ.
എന്നാൽ ലാഭത്തിലേക്കുള്ള യാത്രയ്ക്ക് ഇനിയും അഞ്ച് മുതൽ പത്ത് വർഷം വരെ വേണ്ടിവരുമെന്ന പുതിയ വിലയിരുത്തൽ നിക്ഷേപകരിലും വ്യോമയാന വിദഗ്ധരിലും പുതിയ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. വ്യക്തമായ പ്രവർത്തനരേഖയും സാമ്പത്തിക പദ്ധതിയും കമ്പനി അവതരിപ്പിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
എയർ ഇന്ത്യയുടെ തിരിച്ചുവരവിന് ഒരു ദശാബ്ദം വരെ വേണ്ടിവരും; നഷ്ടം കുത്തനെ ഉയർന്നെന്ന് ടാറ്റ സൺസ് ചെയർമാൻ
