ടെഹ്‌റാൻ: അമേരിക്കൻ ഉപരോധങ്ങൾക്കിടയിലും ഇറാന്റെ ക്രിപ്‌റ്റോ ഇടപാടുകൾക്ക് പ്രധാന വഴിയായി പ്രവർത്തിച്ചിരുന്നുവെന്ന ആരോപണത്തെ തുടർന്ന് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ കോയിൻഎക്‌സ് (CoinEx) -നെക്കുറിച്ച് അന്വേഷിക്കുന്നു. ഇറാനുമായി ബന്ധമുള്ള ഡിജിറ്റൽ വാലറ്റുകളിലൂടെ കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകൾ കോയിൻഎക്‌സ് വഴി നടന്നതായി ബ്ലോക്ക്‌ചെയിൻ ഗവേഷകർ കണ്ടെത്തി.
ഈ വർഷം ആദ്യം ഇറാൻ സെൻട്രൽ ബാങ്കുമായി ബന്ധപ്പെട്ട രണ്ട് ക്രിപ്‌റ്റോ വാലറ്റുകൾ പരിശോധിച്ച ഗവേഷകർ, അവയിലെ ചില ഫണ്ടുകൾ 2024ൽ ക്രിപ്‌റ്റോ എക്‌സചേഞ്ചായ ബൈബിറ്റിൽ (Bybit) നിന്ന് മോഷണം പോയ 1.5 ബില്യൺ ഡോളറുമായി ബന്ധമുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. ഈ തുകകൾ പിന്നീട് നിരവധി ഇടപാടുകളിലൂടെ സഞ്ചരിച്ച് കോയിൻഎക്‌സിലേക്കും എത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
ഇറാനിലെ ക്രിപ്‌റ്റോ വിപണിയിൽ കോയിൻഎക്‌സിന്റെ സ്വാധീനം
ബ്ലോക്ക്‌ചെയിൻ ഇന്റലിജൻസ് സ്ഥാപനമായ ടിആർഎം ലാബ്‌സ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 2019 മുതൽ ഇറാനുമായി ബന്ധപ്പെട്ട വാലറ്റുകൾ വഴി 3.84 ബില്യൺ ഡോളറിലധികം കോയിൻഎക്‌സിലൂടെ കൈമാറപ്പെട്ടു.
ഇറാനിയൻ റിയാലിന്റെ മൂല്യത്തകർച്ചയും സാമ്പത്തിക പ്രതിസന്ധിയും കാരണം രാജ്യത്ത് ക്രിപ്‌റ്റോകറൻസികളുടെ ഉപയോഗം വ്യാപകമായിട്ടുണ്ട്. നിലവിൽ ഇറാനിലെ ജനസംഖ്യയുടെ ഏകദേശം 13 ശതമാനം പേർ ക്രിപ്‌റ്റോ നിക്ഷേപകരാണെന്നാണ് കണക്ക്. രാജ്യത്തെ ക്രിപ്‌റ്റോ വിപണിയുടെ മൂല്യം 8 മുതൽ 10 ബില്യൺ ഡോളർ വരെയാണെന്നും വിലയിരുത്തപ്പെടുന്നു.
നോബിറ്റെക്‌സ് വഴിയുള്ള വൻ ഇടപാടുകൾ
ഇറാനിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സചേഞ്ചായ നോബിറ്റെക്‌സും കോയിൻഎക്‌സും തമ്മിൽ മാത്രം കഴിഞ്ഞ വർഷം 763 മില്യൺ ഡോളറിലധികം മൂല്യമുള്ള ഇടപാടുകൾ നടന്നതായി ടിആർഎം ലാബ്‌സ് കണ്ടെത്തി.
എന്നാൽ ഈ കണക്കുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഒരു സ്ഥാപനത്തിന്റെ വിലയിരുത്തൽ മാത്രം അന്തിമ തെളിവായി കാണാനാകില്ലെന്നും കോയിൻഎക്‌സ് പ്രതികരിച്ചു. എന്നിരുന്നാലും, 2025ലും കോയിൻഎക്‌സിന്റെ ഏറ്റവും വലിയ ഇടപാട് പങ്കാളി നോബിറ്റെക്‌സാണെന്ന് കമ്പനി കണക്കുകൾ സൂചിപ്പിക്കുന്നു.
ഉപരോധ വിധേയരുമായി ബന്ധമെന്ന ആരോപണം
അമേരിക്ക പിന്നീട് ഉപരോധം ഏർപ്പെടുത്തിയ ചില വ്യക്തികളുമായി ബന്ധമുള്ള ക്രിപ്‌റ്റോ വാലറ്റുകൾ കോയിൻഎക്‌സുമായി ഇടപാടുകൾ നടത്തിയതായും റിപ്പോർട്ടുണ്ട്. ഇറാനിയൻ എണ്ണവ്യാപാര ശൃംഖലയുമായി ബന്ധമുണ്ടെന്നാരോപിച്ച് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ അലിറേസ ദെരഖ്ഷാൻ ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ട വാലറ്റുകളും കോയിൻഎക്‌സിലൂടെ ഇടപാടുകൾ നടത്തിയതായി കണ്ടെത്തി.
അതുപോലെ, ഇറാന്റെ ഉപരോധം മറികടക്കാനുള്ള സാമ്പത്തിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതായി ആരോപിക്കപ്പെടുന്ന വ്യവസായി ബാബക് സഞ്ജാനിയുമായി ബന്ധമുള്ള പ്ലാറ്റ്‌ഫോമുകളുമായും കോയിൻഎക്‌സ് ഇടപാടുകൾ നടത്തിയതായി അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറാനിൽ നിന്ന് പിന്മാറാൻ കോയിൻഎക്‌സ്
വിവാദങ്ങൾ ശക്തമാകുന്നതിനിടെ ഇറാനിയൻ ഉപയോക്താക്കളിൽ നിന്ന് അകലം പാലിക്കാനുള്ള നടപടികൾ കോയിൻഎക്‌സ് ആരംഭിച്ചു. പുതിയ ഇറാനിയൻ ഉപയോക്താക്കളെ ഇനി സ്വീകരിക്കില്ലെന്നും നിലവിലുള്ള അക്കൗണ്ടുകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.
നോബിറ്റെക്‌സിനെതിരെ അമേരിക്കൻ ഉപരോധം വന്നതിന് പിന്നാലെയാണ് ഈ തീരുമാനമെന്നും, 'സ്ഥിതി കൂടുതൽ ഗൗരവതരമാകുന്നുവെന്ന് മനസ്സിലാക്കിയതിനാലാണ് നടപടി' എന്നും കോയിൻഎക്‌സ് പ്രതിനിധികൾ വ്യക്തമാക്കി.
ഉപരോധങ്ങളെ മറികടക്കാൻ ക്രിപ്‌റ്റോകറൻസികൾ ഉപയോഗിക്കുന്നുവെന്ന ആശങ്കകൾ ഉയരുന്നതിനിടെയാണ് കോയിൻഎക്‌സിനെയും ഇറാനുമായി ബന്ധപ്പെട്ട ഇടപാടുകളെയും ചുറ്റിപ്പറ്റിയുള്ള വിവാദം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത്.
