ആപ്പിളിനെ വെല്ലുവിളിച്ച് സാംസങ്: രണ്ടു മടക്കുള്ള 'ടൈേ്രഫാള്‍ഡ്' സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

ആപ്പിളിനെ വെല്ലുവിളിച്ച് സാംസങ്: രണ്ടു മടക്കുള്ള 'ടൈേ്രഫാള്‍ഡ്' സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍


ആപ്പിളുമായുള്ള ദീര്‍ഘകാല മത്സരത്തില്‍ പുതിയ കടന്നാക്രമണവുമായി സാംസങ്. ഒരുതവണയല്ല, രണ്ടുതവണ മടക്കാന്‍ കഴിയുന്ന ട്രൈഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണായ 'ഗാലക്‌സി ദ ട്രൈഫോള്‍ഡ്' അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ അമേരിക്കന്‍ വിപണിയിലെത്തും. ഈ മാസം തന്നെ ദക്ഷിണകൊറിയയിലും മറ്റ് ചില രാജ്യങ്ങളിലും വില്‍പ്പന തുടങ്ങുന്നതിന് പിന്നാലെയാണ് യുഎസിലേക്കുള്ള വരവ്. ലോകവിപണിയില്‍ വ്യാപകമായി പുറത്തിറങ്ങുന്ന ആദ്യ മള്‍ട്ടിഫോള്‍ഡിംഗ് ഫോണ്‍ എന്ന വിശേഷതയും ഇതിന് സ്വന്തമാണ്.

പൂര്‍ണമായും തുറക്കുമ്പോള്‍ 10 ഇഞ്ച് വലിപ്പമുള്ള ടാബ്ലെറ്റ് സൈസ് ഡിസ്‌പ്ലേയുള്ള ഫോണില്‍, ഇടത് വശത്തെ പാനല്‍ അകത്തേക്ക് മടക്കി വീണ്ടും മടക്കുന്ന രീതിയിലാണ് രൂപകല്‍പ്പന. ഇതോടെ പൂര്‍ണമായി മടക്കിയാല്‍ സാധാരണ സ്മാര്‍ട്ട്‌ഫോണിന്റെ വലിപ്പത്തില്‍ എത്തുന്ന ഉപകരണത്തിന് പുറത്ത് 6.5 ഇഞ്ച് കവര്‍ സ്‌ക്രീനും ഉണ്ട്. ഡിസ്‌പ്ലേ പൂര്‍ണമായി മടക്കുമ്പോള്‍ പുറത്ത് കാണപ്പെടാത്ത 'ഇന്‍ഫോള്‍ഡിംഗ്' രൂപകല്‍പ്പനയാണ് സാംസങ് തെരഞ്ഞെടുത്തത്, ഇതുവഴി വലിയ സ്‌ക്രീന്‍ കൂടുതല്‍ സുരക്ഷിതമാകുമെന്നും കമ്പനി പറയുന്നു.

12.9 മില്ലീമീറ്റര്‍ കട്ടിയുള്ള ഫോണ്‍ പൂര്‍ണമായി മടക്കുമ്പോള്‍ 309 ഗ്രാം ഭാരമാണ്. ഏറ്റവും നേര്‍ത്ത ഭാഗത്തിന് 3.9 മില്ലീമീറ്റര്‍ മാത്രമാണ് കനം. തുറന്ന നിലയില്‍ ഒരേ സമയം പല ആപ്പുകളും പ്രവര്‍ത്തിപ്പിക്കാനും, കീബോര്‍ഡും മൗസും ബന്ധിപ്പിച്ച് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ പോലെ ഉപയോഗിക്കാനും കഴിയുന്നത് ഇതിന്റെ പ്രത്യേകതയാണ്. പൂര്‍ണമായി അടച്ചാല്‍ പോക്കറ്റില്‍ എളുപ്പം ഒതുങ്ങും.

'പോര്‍ട്ടബിലിറ്റിയും മികച്ച പ്രകടനവും ഉല്‍പ്പാദനക്ഷമതയും ഒന്നിച്ച് ചേര്‍ന്ന ഉപകരണമാണ് ട്രൈഫോള്‍ഡ്,' സാംസങ് സഹസിഇഒ റൊ തെയ്മൂണ്‍ പറഞ്ഞു. വില യുഎസില്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ദക്ഷിണകൊറിയയില്‍ ഏകദേശം 2,445 ഡോളറാണ് തുടക്കവില. എന്നാല്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് ഇത് ആകര്‍ഷകമാകുമോ എന്നതില്‍ സംശയം തുടരുന്നുവെന്ന് നിരീക്ഷകര്‍ പറയുന്നു. ഇരട്ട ഹിഞ്ചുകളുള്ള ഫോണിന്റെ ദീര്‍ഘകാല ദൃഢതയും വിപണി പരീക്ഷിക്കേണ്ടതുണ്ട്.

2019ല്‍ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിച്ച സാംസങിന് പിന്നാലെ ഈ വിഭാഗത്തിലെ വില്‍പ്പന ആഗോളതലത്തില്‍ ഉയര്‍ന്നെങ്കിലും, അമേരിക്കയില്‍ ഇത് ഇപ്പോഴും ചെറിയൊരു വിഭാഗമാണ്. കഴിഞ്ഞ വര്‍ഷം മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ ഷിപ്പ്‌മെന്റിന്റെ 2 ശതമാനം മാത്രമാണ് ഫോള്‍ഡബിള്‍ ഫോണുകള്‍. എന്നാല്‍ അടുത്ത വര്‍ഷം ഒരുതവണ മടക്കാവുന്ന ഫോള്‍ഡബിള്‍ ഫോണ്‍ ആപ്പിള്‍ അവതരിപ്പിക്കുമെന്ന സൂചനകളോടെ, 2027ഓടെ ഈ വിഹിതം 6 ശതമാനം വരെ ഉയരാമെന്നുമാണ് വിലയിരുത്തല്‍.