രൂപയുടെ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞു ; ഡോളറിനെതിരെ റെക്കോര്‍ഡ് തകര്‍ത്ത് 90.43

രൂപയുടെ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞു ; ഡോളറിനെതിരെ റെക്കോര്‍ഡ് തകര്‍ത്ത് 90.43


മുംബൈ: വിദേശ നിക്ഷേപകരുടെ വന്‍തോതിലുള്ള പിന്‍വാങ്ങലും, പലിശനിരക്ക് തീരുമാനത്തിന് മുന്നോടിയായി റിസര്‍വ് ബാങ്കിന്റെ നിയന്ത്രിത ഇടപെടലും മൂലം രൂപ വീണ്ടും കുത്തനെ താഴേക്ക് വീണു. വ്യാഴാഴ്ച രാവിലെ വ്യാപാരത്തില്‍ ഡോളറിനെതിരെ രൂപ 28 പൈസ ഇടിഞ്ഞ് ഇതുവരെ കാണാത്ത 90.43 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ബുധനാഴ്ച തന്നെ 90 എന്ന നിര്‍ണായക പരിധി തകര്‍ത്തിരുന്നു രൂപ; ഡോളറിന് 90.15 എന്ന നിരക്കിലാണ് ഇന്നലെ വിപണി അടച്ചത്.

ഇന്റര്‍ബാങ്ക് വിദേശ നാണയ വിപണിയില്‍ ഇന്ന് രാവിലെ രൂപ 90.36ലാണ് ആരംഭിച്ചത്. തുടര്‍ന്ന് ശക്തമായ ഡോളര്‍ ആവശ്യവും തുടര്‍ന്നുള്ള വില്‍പ്പന സമ്മര്‍ദവും മൂലം 90.43 വരെ താഴുകയായിരുന്നു. ഇറക്കുമതിക്കാരില്‍ നിന്നുള്ള ശക്തമായ ഡോളര്‍ ആവശ്യം, പ്രത്യേകിച്ച് എണ്ണ, ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ളത്, രൂപയുടെ വീഴ്ചയ്ക്ക് കാരണമാകുന്നുവെന്നാണ് ഫോറക്‌സ് വ്യാപാരികള്‍ പറയുന്നത്.

നാളെ പ്രഖ്യാപിക്കാനിരിക്കുന്ന ആര്‍ബിഐയുടെ ധനനയ തീരുമാനം മുന്‍നിര്‍ത്തി കേന്ദ്രബാങ്ക് വിപണിയില്‍ പരിമിതമായ രീതിയില്‍ മാത്രമാണ് ഇടപെടുന്നതെന്നും ഇതാണ് രൂപയ്ക്ക് അധിക സമ്മര്‍ദം സൃഷ്ടിക്കുന്നതെന്നും വിപണി വിലയിരുത്തുന്നു. രൂപ ദുര്‍ബലമായെങ്കിലും ഇത് പണപ്പെരുപ്പത്തെയോ കയറ്റുമതിയെയോ കാര്യമായി ബാധിക്കുന്നില്ലെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍ വ്യക്തമാക്കി. എന്നിരുന്നാലും, രൂപയുടെ താഴ്ച ഇറക്കുമതി ചെലവ് ഉയര്‍ത്തുന്നതിനാല്‍ ആഭരണ മേഖല, പെട്രോളിയം, ഇലക്ട്രോണിക്‌സ് തുടങ്ങിയ ഇറക്കുമതി ആശ്രിത മേഖലകള്‍ക്ക് തിരിച്ചടി ഉണ്ടാകാമെന്നും വിലക്കയറ്റ പ്രതീക്ഷകള്‍ വര്‍ധിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോളതലത്തില്‍ ഡോളര്‍ സൂചിക 0.14 ശതമാനം ഉയര്‍ന്ന് 98.99ലാണ് വ്യാപാരം നടത്തുന്നത്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില പകുതി ശതമാനം ഉയര്‍ന്ന് ബാരലിന് 62.98 ഡോളറിലെത്തി. അമേരിക്കയുമായുള്ള വ്യാപാര സംഘര്‍ഷങ്ങളില്‍ വ്യക്തതയില്ലെന്നതും നിക്ഷേപകരെ ജാഗ്രതയിലാക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. വ്യാപാര കരാര്‍ അന്തിമമാകുന്നതുവരെ രൂപ കൂടുതല്‍ ദുര്‍ബലമാകാനിടയുണ്ടെന്നും 91 വരെ എത്താമെന്നുമാണ് വിലയിരുത്തല്‍. ഇതേ പശ്ചാത്തലത്തില്‍ നാളെ ആര്‍ബിഐ പലിശനിരക്ക് കുറയ്ക്കാനിടയില്ലെന്നും വിപണി പ്രതീക്ഷിക്കുന്നു.

ഇതിനിടെ ഓഹരി വിപണി നേരിയ നേട്ടത്തിലായി. സെന്‍സെക്‌സ് രാവിലെ വ്യാപാരത്തില്‍ 45.99 പോയിന്റ് ഉയര്‍ന്ന് 85,152.80ലും നിഫ്റ്റി 14.35 പോയിന്റ് ഉയര്‍ന്ന് 26,000.35ലുമെത്തി. എന്നാല്‍ ബുധനാഴ്ച വിദേശ നിക്ഷേപകര്‍ 3,206.92 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.

പണപ്പെരുപ്പം താഴ്ന്ന നിലയിലേക്കും, ജിഡിപി വളര്‍ച്ച പ്രതീക്ഷകള്‍ക്കപ്പുറം ഉയര്‍ന്നിട്ടുമുണ്ടെങ്കിലും, നാണയ വിപണി ഇപ്പോള്‍ വളര്‍ച്ചാ കണക്കുകള്‍ക്ക് അധിക പ്രാധാന്യം നല്‍കുന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു. സ്ഥിരതയുള്ള നയസൂചനകളും രൂപയെക്കുറിച്ചുള്ള ആര്‍ബിഐയുടെ വ്യക്തമായ നിലപാടുമാണ് വിപണി കാത്തിരിക്കുന്നത്. നാളെ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള ധനനയ സമിതി തീരുമാനം പ്രഖ്യാപിക്കുന്നതോടെ രൂപയുടെ ദിശയില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിപണി.