ന്യൂഡൽഹി: ജീവനക്കാർക്ക് ശമ്പളം മാസത്തിൽ രണ്ടുതവണ നൽകുന്ന രീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായി അനുപം മിത്തൽ. നിലവിൽ പിന്തുടരുന്ന 'അടുത്ത മാസത്തെ ശമ്പള വിതരണം' എന്ന ബ്രിട്ടീഷ് കാലഘട്ടത്തിലെ രീതിക്ക് അവസാനമാകേണ്ട സമയമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പിലാണ് അനുപം മിത്തൽ തന്റെ നിലപാട് വ്യക്തമാക്കിയത്. പല സ്ഥാപനങ്ങളും ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള നയങ്ങൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ജീവനക്കാർക്ക് ഏറ്റവും പ്രാധാന്യമുള്ള ആനുകൂല്യമായ സമയബന്ധിതമായ ശമ്പള വിതരണം പലപ്പോഴും അവഗണിക്കപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ഭൂരിഭാഗം കമ്പനികളും ഒരു മാസത്തെ ജോലിക്കുള്ള ശമ്പളം അടുത്ത മാസത്തിന്റെ ആദ്യവാരത്തിലാണ് നൽകുന്നത്. ചില സ്ഥാപനങ്ങൾ മാസത്തിലെ ഏഴാം തീയതിവരെ പോലും ശമ്പള വിതരണം നീട്ടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തന്റെ സ്ഥാപനമായ ശാദി ഡോട്ട് കോമും ഷാർക്ക് ടാങ്ക് ഇന്ത്യയും ഏതാനും വർഷങ്ങൾക്ക് മുൻപ് തന്നെ ഈ രീതി മാറ്റി മാസാവസാനത്തിൽ തന്നെ ശമ്പളം നൽകുന്ന സംവിധാനം നടപ്പാക്കിയതായും അനുപം വ്യക്തമാക്കി.
ശമ്പള വിതരണത്തിലെ ഏതാനും ദിവസത്തെ കാലതാമസം പോലും പല ജീവനക്കാർക്കും വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇഎംഐ മുടങ്ങുക, വാടക നൽകാൻ ബുദ്ധിമുട്ടുക, കടബാധ്യതകളിലേക്ക് നീങ്ങുക തുടങ്ങിയ പ്രശ്‌നങ്ങൾ ഇതുമൂലം ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാർക്ക് ഓരോ മാസവും 15ാം തീയതിയും 30ാം തീയതിയും ശമ്പളം നൽകുന്ന സംവിധാനം കമ്പനികൾ പരിഗണിക്കണമെന്നും അനുപം മിത്തൽ നിർദേശിച്ചു. സാങ്കേതിക വിദ്യ വളർന്നിരിക്കുന്ന ഇന്നത്തെ കാലത്ത് ഇത് നടപ്പാക്കുന്നത് പ്രയാസകരമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാസത്തിൽ രണ്ടുതവണ ശമ്പളം ലഭിക്കുന്നത് ജീവനക്കാരുടെ സാമ്പത്തിക സമ്മർദം കുറയ്ക്കുകയും അനാവശ്യ കടബാധ്യതകൾ ഒഴിവാക്കുകയും ഉപഭോഗച്ചെലവ് വർധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ഒരുപോലെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
2021 മുതൽ ഷാർക്ക് ടാങ്ക് ഇന്ത്യയിലെ ജഡ്ജിയായി പ്രവർത്തിക്കുന്ന അനുപം മിത്തൽ, കഴിഞ്ഞ നാല് സീസണുകളിലായി 103 സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഏകദേശം 37.3 കോടി രൂപയുടെ നിക്ഷേപമാണ് അദ്ദേഹം ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ പുതിയ നിർദേശം തൊഴിൽ മേഖലയിലും വ്യവസായ രംഗത്തും വ്യാപക ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
'മാസത്തിൽ രണ്ടുതവണകളായി ശമ്പളം നൽകണം'; നിലവിലെ ബ്രിട്ടീഷ് വേതനരീതിക്കെതിരെ വ്യവസായി അനുപം മിത്തൽ
