ലണ്ടനിൽ മലയാളി വാറ്റിന് തിളക്കം: 'ഒറ്റക്കൊമ്പന് ' അന്താരാഷ്ട്ര അംഗീകാരം

ലണ്ടനിൽ മലയാളി വാറ്റിന് തിളക്കം: 'ഒറ്റക്കൊമ്പന് ' അന്താരാഷ്ട്ര അംഗീകാരം


കോഴിക്കോട്: ലണ്ടനിൽ നടന്ന ആഗോള മദ്യമത്സരത്തിൽ മലയാളി നാടൻ വാറ്റായ 'ഒറ്റക്കൊമ്പൻ' ശ്രദ്ധ നേടി. പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളെ മറികടന്ന് മൂന്ന് വിഭാഗങ്ങളിൽ വെങ്കല മെഡലുകൾ സ്വന്തമാക്കിയതോടെ 'ഒറ്റക്കൊമ്പനെ' ലോകമറിഞ്ഞു.

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലെ ജാതിക്ക, നെല്ലിക്ക, പതിമുഖം എന്നിവയുടെ സവിശേഷ രുചിയും മണവും ചേർന്നാണ് ഈ വാറ്റ് തയ്യാറാക്കുന്നത്. ലണ്ടൻ സ്പിരിറ്റ്‌സ് കോംപറ്റീഷനിൽ 'അദർ സ്പിരിറ്റ്‌സ്' വിഭാഗത്തിൽ 84 പോയിന്റ് നേടി ജാതിക്കാ വാറ്റ് വെങ്കല മെഡൽ നേടി. നെല്ലിക്കാ വാറ്റിന് 82 പോയിന്റും 'ക്ലാസിക് റെഡ്' വകഭേദത്തിന് 81 പോയിന്റും ലഭിച്ച് ഇവയും മെഡൽ പട്ടികയിൽ ഇടം പിടിച്ചു.

കോഴിക്കോട് കോടഞ്ചേരി സ്വദേശിയായ ബിനു മാണിയാണ് ഒറ്റക്കൊമ്പനു പിന്നിൽ. യുകെയിൽ സീനിയർ നഴ്‌സ് മാനേജറായി ജോലി ചെയ്യുന്ന ബിനു, വ്യത്യസ്തമായൊരു സംരംഭം തുടങ്ങണമെന്ന ആഗ്രഹത്തിലാണ് ഈ വാറ്റ് നിർമ്മാണത്തിലേക്ക് കടന്നത്. ഭാര്യ ടിന്റു ജോയിയുമായി ചേർന്നാണ് സംരംഭം ആരംഭിച്ചത്.

കേരളത്തിൽ നിന്ന് ജാതിക്ക, നെല്ലിക്ക, മറയൂർ ശർക്കര, പതിമുഖം എന്നിവ ബ്രിട്ടനിലെത്തിച്ചാണ് നിർമ്മാണം നടത്തുന്നത്. ലീസിന് എടുത്ത ഡിസ്റ്റിലറിയിൽ ലൈസൻസുള്ള വിദേശ വിദഗ്ധന്റെ മേൽനോട്ടത്തിലാണ് ഉൽപാദനം.

ഇപ്പോൾ ബ്രിട്ടൻ, അബുദാബി, മാൾട്ട എന്നീ രാജ്യങ്ങളിൽ 'ഒറ്റക്കൊമ്പൻ' ലഭ്യമാണ്. രണ്ട് വർഷത്തിനിടെ ഏകദേശം 25,000 ബോട്ടിലുകൾ വിറ്റഴിച്ചതായാണ് റിപ്പോർട്ട്. 800ഓളം കമ്പനികളിൽ നിന്നുള്ള 6000 ബ്രാൻഡുകൾ പങ്കെടുത്ത മത്സരത്തിൽ ഫൈനലിലെത്തിയ 300 ബ്രാൻഡുകളിൽ ഒന്നായിരുന്നു 'ഒറ്റക്കൊമ്പൻ'. ആദ്യമായാണ് ഈ ബ്രാൻഡ് ഇത്തരം അന്താരാഷ്ട്ര വേദിയിൽ മത്സരിച്ചതും ശ്രദ്ധേയമാണ്.