അമേരിക്ക ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന ആശങ്ക ഉയർന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. ആഗോള ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 7 ശതമാനത്തിലധികം ഉയർന്ന് ബാരലിന് ഏകദേശം 71 ഡോളറായി. ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്. എന്നിരുന്നാലും, ഒരു വർഷം മുൻപത്തെ വിലയെ അപേക്ഷിച്ച് നിലവിലെ നിരക്ക് കുറവാണ്.
ഇറാന്റെ ആണവപരിപാടിയെക്കുറിച്ച് അമേരിക്കയും ഇറാനും ചർച്ചകൾ തുടരുന്നതിനിടെയാണ് ഈ വിലക്കയറ്റം. അതോടൊപ്പം മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർധിപ്പിച്ചിട്ടുമുണ്ട്. വിമാനവാഹിനികളും യുദ്ധവിമാനങ്ങളും പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്. വ്യാഴാഴ്ച നടത്തിയ പ്രസംഗത്തിൽ 'ഇറാനെതിരെ നടപടിയിൽ കൂടുതൽ മുന്നോട്ട് പോകേണ്ടിവരുമെങ്കിലും, പോകാതെയും ഇരിക്കാം' എന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയത്. അടുത്ത പത്ത് ദിവസത്തിനുള്ളിൽ കാര്യങ്ങൾകൂടുതൽ വ്യക്തമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള എണ്ണവിതരണത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന പ്രധാന കടൽമാർഗമാണ് 'സ്‌ട്രെയ്റ്റ് ഒഫ് ഹോർമൂസ് '. ഈ കടലിടുക്കിലൂടെ ടാങ്കറുകൾക്ക് കടന്നുപോകുന്നതിൽ ഇറാനാണ് നിയന്ത്രണം പുലർത്തുന്നത്. സൈനിക സംഘർഷം രൂക്ഷമായാൽ ഈ കടലിടുക്ക് അടയ്ക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും അതോടെ എണ്ണവിലയും മറ്റ് വസ്തുക്കളുടെ വിലയും ഉയരുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
യുഎസ് എനർജി ഇൻഫോർമേഷൻ അഡ്മിനിസ്‌ട്രേഷന്റെ കണക്കുകൾ പ്രകാരം, 2024ൽ ശരാശരി 2 കോടി ബാരൽ എണ്ണ ദിവസേന ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയിരുന്നു. ഇത് ലോകത്തെ ദ്രാവക ഇന്ധന ഉപഭോഗത്തിന്റെ ഏകദേശം അഞ്ചിൽ ഒരുഭാഗമാണ്. ഇതിൽ ഭൂരിഭാഗവും ഏഷ്യൻ രാജ്യങ്ങളിലേക്കാണ് പോകുന്നത്. 2024ൽ ദിവസേന ഏകദേശം 50 ലക്ഷം ബാരൽ എണ്ണ ചൈനയിലേക്കും 20 ലക്ഷം ബാരൽ ഇന്ത്യയിലേക്കും ഈ മാർഗം വഴി എത്തി. അമേരിക്കയ്ക്ക് ദിവസേന ഏകദേശം 5 ലക്ഷം ബാരൽ മാത്രമാണ് ഈ വഴി ലഭിച്ചത്.
ആഗോള എണ്ണ ഉൽപാദനത്തിന്റെ 3 ശതമാനത്തിൽ താഴെ മാത്രമേ ഇറാൻ ഉത്പാദിപ്പിക്കുകയുള്ളൂ. അന്താരാഷ്ട്ര ഉപരോധങ്ങൾ കാരണം ഇറാന്റെ എണ്ണവിപണനം കഴിഞ്ഞ വർഷങ്ങളിൽ ചുരുങ്ങിയിട്ടുണ്ട്. എങ്കിലും ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ ആഗോള വിപണിയിൽ വലിയ ചലനമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
എണ്ണവില ഉയരുന്നത് പെട്രോൾ, പ്ലാസ്റ്റിക് തുടങ്ങി നിരവധി ഉൽപ്പന്നങ്ങളുടെ വിലയെ ബാധിക്കും. വേനൽക്കാല യാത്രകൾ ആരംഭിക്കുന്നതോടെ പെട്രോൾ ആവശ്യകത വർധിക്കുന്ന സമയത്താണ് ഈ വർധന. 2022ൽ റഷ്യ-ഉക്രൈൻ യുദ്ധത്തെ തുടർന്ന് ബ്രെന്റ് ക്രൂഡ് ബാരലിന് 139 ഡോളറിന് മുകളിലേക്ക് ഉയർന്നിരുന്നു. അന്ന് അമേരിക്കയിൽ ഒരു ഗാലൻ പെട്രോളിന്റെ ശരാശരി വില 4.32 ഡോളറായിരുന്നു.
അമേരിക്കയും ഇപ്പോൾ എണ്ണ കയറ്റുമതിചെയ്യുന്നുണ്ടെങ്കിലും, എണ്ണവില ആഗോള വിപണിയിലാണ് നിശ്ചയിക്കുന്നത്. അതിനാൽ ലോകവ്യാപകമായ ആവശ്യം-വിതരണ മാറ്റങ്ങൾ അമേരിക്കൻ വിപണിയെയും നേരിട്ട് ബാധിക്കും.
അമേരിക്ക-ഇറാൻ സംഘർഷഭയം; എണ്ണവില കുതിച്ചുയരുന്നു
