ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) വ്യാപനത്തെ തുടർന്ന് ഇന്ത്യൻ ഐടി മേഖല ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ഉയർത്തി സിട്രിനി റിസർച്ച് പുറത്തിറക്കിയ റിപ്പോർട്ട്. 'ദി 2028 ഗ്ലോബൽ ഇന്റലിജൻസ് ക്രൈസിസ്' എന്ന പേരിലുള്ള പഠനം 2028ഓടെ ഇന്ത്യൻ ഐടി സേവനമേഖല തകർച്ച നേരിടുമെന്ന ദൂംസ്‌ദേ ദൃശ്യം വരച്ചുകാട്ടുന്നു.
റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ഓഹരി വിപണിയിൽ വലിയ ഇടിവുണ്ടായി. നിഫ്ടി ഐടി സൂചിക 30 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തി. കഴിഞ്ഞ ദിവസങ്ങളിലായി ഏകദേശം 10,000 കോടി രൂപയുടെ വിദേശ നിക്ഷേപം ഇന്ത്യൻ ടെക് ഓഹരികളിൽ നിന്ന് പിൻവലിക്കപ്പെട്ടു. ആന്ത്രോപിക് പുറത്തിറക്കിയ 'ക്ലോഡ് കോഡ്' പ്ലാറ്റ്‌ഫോവും റിപ്പോർട്ടും ചേർന്നുണ്ടാക്കിയ 'എ.ഐ പാനിക് ട്രേഡ്' ആണ് വിപണി ഇടിവിന് കാരണമെന്നാണ് വിലയിരുത്തൽ.
അലാപ് ഷാ സഹരചയിതാവായ റിപ്പോർട്ട് 2028 ജൂൺ 30നെ അടിസ്ഥാനമാക്കി ഒരു സങ്കൽപ്പിത അവലോകനം അവതരിപ്പിക്കുന്നു. പാശ്ചാത്യ രാജ്യങ്ങൾക്ക് കുറഞ്ഞ ചെലവിൽ സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകുന്ന മാതൃകയിലാണ് ഇന്ത്യൻ ഐടി വളർന്നതെന്നും എന്നാൽ 'എജന്റിക് എ.ഐ' വ്യാപകമാകുന്നതോടെ കോഡിംഗ് ഏജന്റുകളുടെ ചെലവ് വൈദ്യുതി ചിലവിലേക്കു ചുരുങ്ങുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതോടെ ഇന്ത്യൻ ഡെവലപ്പർമാരുടെ ആവശ്യം കുറഞ്ഞേക്കാമെന്നാണ് വിലയിരുത്തൽ.
'ഘോസ്റ്റ് ജിഡിപി' എന്ന ആശയവും റിപ്പോർട്ടിൽ ഉൾക്കൊള്ളുന്നു. കമ്പനികളുടെ ലാഭവും ഉൽപാദനക്ഷമതയും കണക്കിൽ ഉയർന്നാലും മനുഷ്യർക്കു തൊഴിൽ ലഭിക്കാതെ ഉപഭോഗ സമ്പദ്‌വ്യവസ്ഥ തളരുന്ന സാഹചര്യമാണിത്. 2027ഓടെ 200 ബില്യൺ ഡോളറിലധികം വരുന്ന സേവനമേഖലാ മിച്ചം അപ്രത്യക്ഷമാകുകയും രൂപയുടെ മൂല്യം 18 ശതമാനം ഇടിയുകയും രാജ്യത്തിന് ഐ.എം.എഫുമായി പ്രാഥമിക രക്ഷാപാക്കേജ് ചർച്ച ചെയ്യേണ്ടി വരികയും ചെയ്യാമെന്ന മുന്നറിയിപ്പുമുണ്ട്.
ഇൻഫോസിസ്, വിപ്രോ പോലുള്ള കമ്പനികളുടെ ക്ലയന്റുകൾ തന്നെ എ.ഐ ഉപയോഗിച്ച് ആഭ്യന്തരമായി സോഫ്റ്റ്‌വെയർ വികസനം ആരംഭിച്ച് കരാറുകൾ റദ്ദാക്കുന്ന '2028-യാഥാർഥ്യം' എന്ന റിപ്പോർട്ട് സങ്കൽപ്പിക്കുന്നു.
എന്നാൽ, ഈ വിലയിരുത്തലിനെതിരെ സാമ്പത്തിക വിദഗ്ധർ രംഗത്തെത്തി. എ.ഐ കൃത്യമായ കോഡ് തയ്യാറാക്കിയാലും അതിനെ വൻകിട കോർപ്പറേറ്റ് സംവിധാനങ്ങളുമായി സുരക്ഷിതമായി സംയോജിപ്പിക്കാൻ വിദഗ്ദ്ധരായ മനുഷ്യർ അനിവാര്യമാണെന്നതാണ് ജെ.പി മോർഗൺ, എച്ച്.എസ്.ബി.സി എന്നിവിടങ്ങളിലെ വിശകലന വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്, .
നാസ്‌കോം വ്യക്തമാക്കുന്നതുപോലെ, ലോകമെമ്പാടുമുള്ള പഴയ കോഡ് സംവിധാനങ്ങൾ നവീകരിക്കുന്നത് 1.6 ട്രില്യൺ ഡോളറിന്റെ അവസരമാണ്. എ.ഐ ഈ ജോലി ഇല്ലാതാക്കുകയല്ല, മറിച്ച് വേഗത്തിലാക്കുകയും ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ പ്രോജക്ടുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
മൊത്തം ജിഡിപിയുടെ 7.5 മുതൽ 8 ശതമാനം വരെ സംഭാവന ചെയ്യുന്ന ഐടിബിപിഎം മേഖല ഇന്ത്യയുടെ കയറ്റുമതിവരുമാനത്തിന്റെ 25 ശതമാനത്തിലധികം പങ്കുവഹിക്കുന്നു. ഏകദേശം 5.8 മുതൽ 5.95 മില്യൺ പേർക്ക് തൊഴിൽ നൽകുന്ന ഈ മേഖല 2025 സാമ്പത്തിക വർഷത്തിൽ 224 ബില്യൺ ഡോളർ വരുമാനം നേടുമെന്നാണ് കണക്ക്.
അതേസമയം, ഗ്ലോബൽ ക്യാപബിലിറ്റി സെന്ററുകളുടെ (ജിസിസി) പകുതിയിലധികവും ഇന്ത്യയിൽ പ്രവർത്തിക്കുന്നത് ആർ & ഡി കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ നിലപാട് ശക്തമാക്കുന്നു. എ.ഐ വെല്ലുവിളിയാണെങ്കിലും, അതിനെ അവസരമാക്കാനുള്ള ശേഷിയിലാണ് ഇന്ത്യൻ ഐടി മേഖലയുടേയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടേയും ഭാവി ആശ്രയിക്കുന്നത്.
എ.ഐ ഭീതിയിൽ ഇന്ത്യൻ ഐടി മേഖല 2028 ൽ തകരുമെന്ന മുന്നറിയിപ്പുമായി സിട്രിനി റിപ്പോർട്ട്
