ന്യൂഡൽഹി: 2026 ജനുവരിയിൽ ഇന്ത്യയുടെ റഷ്യയിൽ നിന്നുള്ള ചരക്ക് ഇറക്കുമതി 40 ശതമാനത്തിലധികം കുറഞ്ഞതായി കണക്കുകൾ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4.81 ബില്യൺ ഡോളറായിരുന്ന ഇറക്കുമതി ഇത്തവണ 2.86 ബില്യൺ ഡോളറിലേക്കാണ് താഴ്ന്നത്.
ഇടിവിന് പ്രധാന കാരണം റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങൽ ഇന്ത്യ വലിയ തോതിൽ കുറച്ചതാണ്. സാധാരണയായി റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ മൊത്തം ഇറക്കുമതിയിൽ ഏകദേശം 80 ശതമാനവും പെട്രോളിയം ക്രൂഡ് തന്നെയാണ്. ജനുവരിയിൽ റഷ്യൻ ക്രൂഡ് ഇറക്കുമതി മൂല്യം ഏകദേശം 2.3 ബില്യൺ ഡോളർ മാത്രമായിരിക്കാമെന്നാണ് കണക്കാക്കുന്നത്.
2025 ഏപ്രിലിൽ റഷ്യൻ ക്രൂഡ് ഇറക്കുമതി 4.73 ബില്യൺ ഡോളറിലെത്തിയിരുന്നു. എന്നാൽ തുടർന്ന് അമേരിക്കയുടെ സമ്മർദ്ദവും അധിക തീരുവകളും വന്നതോടെ ഇന്ത്യൻ റിഫൈനറികൾ റഷ്യൻ എണ്ണ വാങ്ങൽ കുറയ്ക്കുകയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റിഫൈനറി ആയ റിലയൻസ് ഇൻഡസ്ട്രീസ് ജനുവരിയിൽ റഷ്യൻ ക്രൂഡ് വാങ്ങില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. റഷ്യൻ എണ്ണയ്ക്ക് പകരം വിലകുറഞ്ഞ വെനസ്വേലൻ ക്രൂഡ് വാങ്ങാനുള്ള സാധ്യതയും ഇന്ത്യൻ റിഫൈനറികൾ പരിശോധിക്കുന്നുണ്ട്.
റഷ്യയിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി അടുത്ത മാസങ്ങളിലും കൂടുതൽ കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുത്തനെ കുറഞ്ഞു; ജനുവരിയിൽ 40% ഇടിവ്
