ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാറിനെ കുറിച്ച് ഈ ആഴ്ച നടക്കാനിരുന്ന മൂന്ന് ദിവസത്തെ ഉന്നതതല ചർച്ചകൾ മാറ്റിവെച്ചു. മാർച്ചിനകം കരാർ അന്തിമമാക്കാമെന്നിരുന്ന ഇരുരാജ്യങ്ങളും സമ്മതിച്ച സമയക്രമം ഇനി വൈകാനിടയുണ്ട്.
പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടിയന്തര അധികാരം ഉപയോഗിച്ച് ഇറക്കുമതി നികുതി നിരക്കുകൾ നിശ്ചയിച്ച നടപടി യുഎസ് സുപ്രീംകോടതി കഴിഞ്ഞ വെള്ളിയാഴ്ച റദ്ദാക്കിയതോടെയാണ് അനിശ്ചിതത്വം തുടങ്ങിയത്. ഇതോടെ ഭരണകൂടം മറ്റ് നിയമവഴികൾ അന്വേഷിക്കുകയാണ്. വ്യാപാരനിയമത്തിലെ വിവിധ വകുപ്പുകൾ ഉപയോഗിച്ച് പുതിയ നിരക്കുകൾ ഏർപ്പെടുത്താമെന്ന ചർച്ചകൾ തുടരുകയാണ്.
ഈ സാഹചര്യത്തിൽ സ്ഥിരതയില്ലാത്ത നികുതി നയത്തിനിടയിൽ ദീർഘകാല കരാർ ഒപ്പിടുന്നത് ബുദ്ധിമുട്ടാണെന്ന വിലയിരുത്തലാണ് ഇരുപക്ഷത്തിനും. ഇന്ത്യയുടെ ചർച്ചകൾ നയിക്കുന്ന ദർപ്പൺ ജെയ്‌നിന്റെ യുഎസ് യാത്രയും മാറ്റിവെച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പുതിയ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പരസ്പരം അനുകൂലമായ തീയതിയിൽ യോഗം പുനഃക്രമീകരിക്കുമെന്നാണ് വിവരം.
ഈ മാസം ആദ്യം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ മാർച്ചിനകം ഇടക്കാല കരാർ ഒപ്പിടാമെന്ന് ഇന്ത്യയും അമേരിക്കയും വ്യക്തമാക്കിയിരുന്നു. തുടർന്ന് വലിയ ദ്വിപക്ഷ വ്യാപാര കരാറിലേക്കാണ് നീക്കം ലക്ഷ്യമിട്ടിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ട്രംപും കഴിഞ്ഞ വർഷം നടത്തിയ കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച് ധാരണയായിരുന്നു.
ഇതിനിടെ നികുതി നിരക്കുകളിൽ വരുത്തിയ തുടർച്ചയായ മാറ്റം കയറ്റുമതിക്കാരെ ആശങ്കയിലാഴ്ത്തി. ഒരു ഘട്ടത്തിൽ 50 ശതമാനം വരെ ഉയർന്നിരുന്ന അമേരിക്കൻ നികുതി പിന്നീട് 25 ശതമാനമായും, പിന്നീട് 18 ശതമാനമായും കുറഞ്ഞിരുന്നു. കോടതി വിധിക്ക് പിന്നാലെ 10 ശതമാനമായി താഴ്ന്ന നിരക്ക് പിന്നീട് 15 ശതമാനമായി ഉയർത്തി. നിലവിലെ 15 ശതമാനം നിരക്ക് ഈ മാസം പ്രഖ്യാപിച്ച രൂപരേഖയിലെ 18 ശതമാനത്തേക്കാൾ കുറഞ്ഞതാണെങ്കിലും അനിശ്ചിതത്വം തുടരുമെന്ന ആശങ്ക നിലനിൽക്കുന്നു.
അമേരിക്കൻ ധനകാര്യ സെക്രട്ടറി ടരീേേ ആലലൈി,േ കോടതി വിധി നികുതി നയത്തെ പൂർണമായി തടസ്സപ്പെടുത്തിയിട്ടില്ലെന്നും മറ്റ് നിയമവഴികൾ ഉപയോഗിച്ച് മുന്നോട്ടുപോകുമെന്നും അറിയിച്ചു. അതേസമയം, കോടതിയിൽ നികുതി ചുമത്തൽ ചോദ്യം ചെയ്ത അഭിഭാഷകൻ നീൽ കത്യാൽ, വ്യാപകമായ നികുതി ചുമത്തൽ അധികാരം കോൺഗ്രസിനാണെന്ന കോടതി നിലപാട് ആവർത്തിച്ചു.
കോടതി വിധിയും തുടർന്നുണ്ടായ നീക്കങ്ങളും പഠിച്ചുവരുകയാണെന്ന് ഇന്ത്യൻ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ സാഹചര്യത്തിൽ കരാർ വ്യവസ്ഥകൾ പുനഃപരിശോധിക്കേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നാണ് വിലയിരുത്തൽ.
നികുതി നയത്തിലെ അനിശ്ചിതത്വം തുടരുന്നതിനാൽ ഇന്ത്യ-അമേരിക്ക വ്യാപാരബന്ധത്തിൽ അടുത്ത ഘട്ട നീക്കങ്ങൾ എപ്പോഴാകുമെന്ന് വ്യക്തമല്ല. മാർച്ചിനുള്ളിൽ കരാർ ഒപ്പിടുമെന്ന പ്രതീക്ഷ ഇപ്പോൾ മങ്ങിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യ-അമേരിക്ക ഇടക്കാല വ്യാപാര കരാർ ചർച്ച മാറ്റിവെച്ചു; നികുതി തർക്കം സമയക്രമത്തെ ബാധിക്കും
