ലണ്ടൻ/ന്യൂയോർക്ക്: ആഗോള വിപണിയിൽ സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ആദ്യമായാണ് ഒരു ഔൺസ് സ്വർണത്തിന്റെ വില 5,000ഡോളർ കടന്നത്. 2025ൽ മാത്രം 60 ശതമാനത്തിലേറെ വർധനരേഖപ്പെടുത്തിയ സ്വർണം, ആഗോളതലത്തിൽ സാമ്പത്തികവും രാജ്യങ്ങൾക്കിടയിലെ സംഘർഷങ്ങളും ആശങ്കകളും ശക്തമായതോടെയാണ് പുതിയ റെക്കോർഡ് കുറിച്ചത്.
അമേരിക്കയും നേറ്റോ രാജ്യങ്ങളും തമ്മിലുള്ള ഗ്രീൻലൻഡ് വിഷയത്തിലുള്ള തർക്കങ്ങൾ, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾ, കാനഡയ്‌ക്കെതിരായ 100 ശതമാനം തീരുവ ഭീഷണി എന്നിവ വിപണിയെ കൂടുതൽ അസ്ഥിരമാക്കി. ഇതോടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്ന സ്വർണത്തിലേക്ക് കൂടുതലായി തിരിഞ്ഞു.
ഉയർന്ന പണപ്പെരുപ്പം, ദുർബലമായ യുഎസ് ഡോളർ,ലോകത്തെ വിവിധ കേന്ദ്രബാങ്കുകളുടെ വൻതോതിലുള്ള സ്വർണം വാങ്ങൽ, ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ എന്നിവയും വില ഉയരാൻ കാരണമായി. യുക്രെയിൻ-ഗാസ യുദ്ധങ്ങളും മറ്റ് അന്താരാഷ്ട്ര സംഘർഷങ്ങളും സ്വർണത്തിന്റെ ആവശ്യകത കൂട്ടിയിട്ടുണ്ട്.
അതേസമയം വെള്ളിയും ചരിത്രം കുറിച്ചു. വെള്ളിയുടെ വില ആദ്യമായി ഔൺസിന് 100ഡോളർ കടന്നു. കഴിഞ്ഞ വർഷം മാത്രം ഏകദേശം 150 ശതമാനം വർധനയാണ് വെള്ളിരേഖപ്പെടുത്തിയത്.
ആഗോള അനിശ്ചിതത്വം തുടർന്നാൽ സ്വർണവില ഇനിയും ഉയരുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി; ഔൺസിന് 5,000ഡോളർ കടന്നു
