സാൻ ഫ്രാൻസിസ്‌കോ: ട്വിറ്റർ ഏറ്റെടുക്കൽ നടപടിക്കിടെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചുവെന്ന കേസിൽ ടെക് വ്യവസായി ഇലോൺ മസ്‌ക്കിനെതിരെ ജ്യൂറിയുടെ വിധി. സാൻ ഫ്രാൻസിസ്‌കോ ഫെഡറൽ കോടതിയിലെ ജ്യൂറിയാണ് ഏകകണ്ഠമായ വിധി പ്രഖ്യാപിച്ചത്.
2022ലെ ട്വിറ്റർ ഏറ്റെടുക്കൽ സമയത്ത് നടത്തിയ പൊതുപ്രസ്താവനകളും ട്വീറ്റുകളും നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതായി ജ്യൂറി കണ്ടെത്തി. ഉപയോക്തൃ കണക്കുകൾ സംബന്ധിച്ച പ്രശ്‌നങ്ങളെയും 44 ബില്യൺ ഡോളറിന്റെ കരാറിൽ നിന്ന് പിന്മാറാമെന്ന സൂചനകളെയും കുറിച്ചുള്ള പ്രസ്താവനകളാണ് വിവാദമായത്.
ഈ പ്രസ്താവനകൾ ട്വിറ്റർ ഓഹരി വിലയിൽ കൃത്രിമ ഇടിവുണ്ടാക്കിയതായും കോടതി വിലയിരുത്തി. 2022 മെയ് മുതൽ ഒക്ടോബർ വരെ ഓഹരി വില ഓരോന്നിലും 3 മുതൽ 8 ഡോളർ വരെ കുറയാൻ ഇത് കാരണമായതായി ജ്യൂറി കണ്ടെത്തി.
ഈ കേസിൽ നിക്ഷേപകരുടെ കൂട്ടായ്മയാണ് മസ്‌കിനെതിരെ ഹർജി നൽകിയിരുന്നത്. അവരുടെ വാദം, മസ്‌കിന്റെ പ്രസ്താവനകളെ ആശ്രയിച്ച് എടുത്ത നിക്ഷേപ തീരുമാനങ്ങൾ കാരണം സാമ്പത്തിക നഷ്ടമുണ്ടായെന്നാണ്.
മസ്‌കിന്റെ ട്വീറ്റുകൾ കാരണം ട്വിറ്റർ ഓഹരികൾ വിറ്റഴിക്കാൻ താൻ നിർബന്ധിതനായെന്നും അതിൽ വലിയ നഷ്ടമുണ്ടായെന്നും
കേസിൽ പ്രധാന പരാതിക്കാരനായ ബ്രയൻ ബെൽഗ്രേവ് കോടതിയിൽ പറഞ്ഞു.
അതേസമയം, താൻ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും തന്റെ വാക്കുകൾ ആളുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ഇലോൺ മസ്‌ക് വാദിച്ചു.
ഇത് മസ്‌കിനെതിരായ ആദ്യ നിയമപ്രശ്‌നമല്ല. 2023ൽ ടെസ്ല ഓഹരിയുടമകൾ നൽകിയ സമാന കേസിൽ അദ്ദേഹം കുറ്റവിമുക്തനായിരുന്നു.
ട്വിറ്റർ പിന്നീട് ഏറ്റെടുത്ത മസ്‌ക്, കമ്പനിയെ 'എക്‌സ്' എന്ന പേരിൽ പുനർനാമകരണം ചെയ്തിരുന്നു.
പുതിയ വിധിയോടെ, നഷ്ടം നേരിട്ട നിക്ഷേപകർക്ക് ആയിരക്കണക്കിന് ഡോളർ നഷ്ടപരിഹാരം ലഭിക്കാനിടയുണ്ട്. 'വാക്കുകൾ കൊണ്ട് വിപണിയെ സ്വാധീനിക്കുന്നവർ അതിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കണം' എന്നതാണ് ഈ വിധിയുടെ പ്രധാന സന്ദേശമെന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു.
ട്വിറ്റർ ഏറ്റെടുക്കൽ കേസിൽ ഇലോൺ മസ്‌ക് കുറ്റക്കാരൻ; നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതായി ജ്യൂറി വിധി
