ലോകത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് തിരിച്ചടി; ഇന്ത്യയിൽ വളർച്ച തുടരുന്നു, നിക്ഷേപം കൂട്ടാൻ വാഹന നിർമാതാക്കൾ

ലോകത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് തിരിച്ചടി; ഇന്ത്യയിൽ വളർച്ച തുടരുന്നു, നിക്ഷേപം കൂട്ടാൻ വാഹന നിർമാതാക്കൾ


അമേരിക്കയിലും യൂറോപ്പിലും ഇലക്ട്രിക് വാഹനങ്ങളുടെ (EV) വിൽപ്പന മന്ദഗതിയിലായിരിക്കെ ഇന്ത്യയിലെ വിപണി ശക്തമായ വളർച്ച തുടരുന്നതായി റിപ്പോർട്ട്. ചെറിയ അടിസ്ഥാനത്തിൽ നിന്നാണെങ്കിലും ഇരട്ട അക്ക വളർച്ചയാണ് ഇന്ത്യയിലെ EV വിപണിയിൽ രേഖപ്പെടുത്തുന്നത്. ഇതോടെ ആഗോളവും ആഭ്യന്തരവുമായ വാഹന നിർമാതാക്കൾ ഇന്ത്യയിൽ കൂടുതൽ നിക്ഷേപത്തിനും തയ്യാറെടുക്കുകയാണ്.

 സർക്കാർ പ്രോത്സാഹന പദ്ധതികളും ഉപഭോക്തൃ സ്വീകരണവും പുതിയ നിക്ഷേപങ്ങളും ഇന്ത്യയിലെ EV വളർച്ചക്ക് സഹായകമാകുന്നുവെന്നാണ് വാഹന വ്യവസായ വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ത്യ ഭാവിയിൽ ആഗോള ഉൽപ്പാദന-വിതരണ കേന്ദ്രമായി മാറാമെന്ന പ്രതീക്ഷയും ചില കമ്പനികൾക്കുണ്ട്.

അതേസമയം ആഗോളതലത്തിൽ ചില വാഹന നിർമാതാക്കൾ EV പദ്ധതികളിൽ തിരിച്ചടി നേരിടുകയാണ്. ജപ്പാനിലെ ഹോണ്ട മോട്ടോർ അടുത്തിടെ 15.7 ബില്യൺ ഡോളറിന്റെ ഇ.വി നിക്ഷേപം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ സ്‌റ്റെലാന്റിസ്, ഫോർഡ് മോട്ടോർ കമ്പനി., ജനറൽ മോട്ടോർസ് എന്നിവയും ഉൾപ്പെടെ ലോകമെമ്പാടും 60 ബില്യൺ ഡോളറിലധികം ഇ.വി നിക്ഷേപം കുറച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

അമേരിക്കയിൽ ഇ.വി ആവശ്യകത കുറഞ്ഞതും ചൈനീസ് വാഹന നിർമാതാക്കളുടെ കടുത്ത മത്സരം ഉയർന്നതുമാണ് ഇതിന് പ്രധാന കാരണം.

ഇന്ത്യയിൽ ഇ.വി  വിപണി വളരുന്നു

ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുകി, ടാറ്റാ മോട്ടോർസ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹ്യുണ്ടായ് മോട്ടോർസ് ഇന്ത്യ  എന്നിവ ഇ.വി മോഡലുകളും ഉൽപ്പാദന ശേഷിയും വർധിപ്പിക്കാൻ പദ്ധതിയിടുകയാണ്. അടുത്ത നാല് വർഷത്തിനുള്ളിൽ ഇന്ത്യയിലെ വാഹനവിപണിയിൽ 15-20 ശതമാനം വരെ ഇ.വി പ്രവേശനം ഉണ്ടാകുമെന്നാണ് കമ്പനികളുടെ കണക്കുകൂട്ടൽ.

ഹോണ്ട മോട്ടോർസ് ഇന്ത്യയിൽ ആദ്യ ബാറ്ററി ഇലക്ട്രിക് വാഹന മോഡൽ 2026-27 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ രാജസ്ഥാനിലെ താപുകറ പ്ലാന്റിൽ ആദ്യ ഇ.വി നിർമ്മിക്കാൻ ഏകദേശം 1,200 കോടി രൂപ നിക്ഷേപിക്കാനും പദ്ധതി ഉണ്ട്.

ഇന്ത്യയെ ഭാവിയിൽ ആഗോള ഉൽപ്പാദന കേന്ദ്രമാക്കാൻ ഫ്രാൻസിലെ റെനൗൾട്ട് പദ്ധതിയിടുന്നതായും അറിയിച്ചു. 2030ഓടെ ഇന്ത്യയിൽ രൂപകൽപ്പനയും അസംബ്ലിയും ചെയ്യുന്ന നാല് പുതിയ മോഡലുകൾ പുറത്തിറക്കാനാണ് ലക്ഷ്യം. ഇതിൽ പൂർണ്ണ ഇലക്ട്രിക് വാഹനങ്ങളും ഹൈബ്രിഡ് വാഹനങ്ങളും ഉൾപ്പെടും.

വിൽപ്പനയിൽ വലിയ വളർച്ച

ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (FADA)യുടെ കണക്കുകൾ പ്രകാരം 2025ൽ ഇന്ത്യയിൽ ഏകദേശം 1.77 ലക്ഷം ഇലക്ട്രിക് കാറുകൾ വിറ്റു. മുൻ വർഷത്തെ അപേക്ഷിച്ച് ഇത് 77 ശതമാനം വർധനയാണ്.

ഇന്ത്യയിലെ 45 ലക്ഷം പാസഞ്ചർ വാഹന വിപണിയിൽ ഇ.വി പങ്ക് 2.4 ശതമാനത്തിൽ നിന്ന് 4 ശതമാനമായി ഉയർന്നു.

അതേസമയം അമേരിക്കയിൽ 2025ൽ ഇ.വി വിൽപ്പന 2 ശതമാനം കുറഞ്ഞ് 12.8 ലക്ഷം യൂണിറ്റായി. യൂറോപ്പിൽ വിൽപ്പന 17 ശതമാനം ഉയർന്നെങ്കിലും ചൈനീസ് കമ്പനികളായ ബിവൈഡി, ലീപ് മോട്ടോർ, ജൈകോ എന്നിവ ശക്തമായ മത്സരം ഉയർത്തുന്നുണ്ട്.

സർക്കാർ നയങ്ങൾ വളർച്ചയ്ക്ക് സഹായം

ഇന്ത്യയിലെ ഇ.വി വളർച്ചയ്ക്ക് സർക്കാർ നയങ്ങളും പ്രോത്സാഹനങ്ങളും നിർണായകമായി. 25,000 കോടി രൂപ മൂല്യമുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതി, ഇ.വി വാഹനങ്ങൾക്ക് വെറും 5 ശതമാനം ജിഎസ്ടി നിരക്ക് എന്നിവയാണ് പ്രധാന പിന്തുണകൾ.

ഇലക്ട്രിക് വാഹനങ്ങളുടെ വിലയുടെ 35 മുതൽ 60 ശതമാനം വരെ ഈ പ്രോത്സാഹനങ്ങൾ ഗുണം ചെയ്യാമെന്നാണ് വ്യവസായ വൃത്തങ്ങൾ വിലയിരുത്തുന്നത്.

ശൈലേഷ് ചന്ദ്രയുടെ (Tata Motors)അഭിപ്രായത്തിൽ ഇ.വി വിൽപ്പന വേഗത്തിൽ ഉയരുകയാണ്. ഒരു വർഷം മുമ്പ് മാസത്തിൽ ഏകദേശം 7,500 യൂണിറ്റായിരുന്നു ഇ.വി വിൽപ്പന. ഇപ്പോൾ അത് 16,000 മുതൽ 18,000 യൂണിറ്റ് വരെ ഉയർന്നതായി അദ്ദേഹം പറഞ്ഞു.

ബാറ്ററി ചെലവ് കുറയുകയും സാങ്കേതികവിദ്യ മെച്ചപ്പെടുകയും ചെയ്താൽ ഇ.വി വാഹനങ്ങൾ പരമ്പരാഗത ഇന്ധന വാഹനങ്ങളുമായി വിലയിൽ മത്സരിക്കാൻ കഴിയുമെന്ന് വാഹന ഉപദേശക സ്ഥാപനമായ മില്ലെന്റ് സ്റ്റ്രാറ്റ് അഡൈ്വസറി സ്ഥാപകൻ വിനയ് പിപാർസാനിയ വിലയിരുത്തുന്നു. ഇതോടെ ഇന്ത്യയിൽ ഇ.വിയുടെ സ്വീകാര്യത കൂടുതൽ സ്ഥിരതയോടെ വളരുമെന്നും അദ്ദേഹം പറഞ്ഞു.