വലിയ പ്രതിസന്ധികള്‍ക്കിടയിലൂടെ കടന്നുപോകുന്ന എയര്‍ ഇന്ത്യയുടെ പുനരുജ്ജീവന ദൗത്യത്തിന് പുതിയ നേതൃത്വം. ആഫ്രിക്കയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എത്യോപ്യന്‍ എയര്‍ലൈന്‍സിനെ ലോകോത്തര സ്ഥാപനമാക്കി ഉയര്‍ത്തിയ ടെവോള്‍ഡെ ഗെബ്രെമാരിയമിനെ (Tewolde Gebremariam) എയര്‍ ഇന്ത്യയുടെ സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായി ടാറ്റ ഗ്രൂപ്പ് നിയമിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെയും അനുമതി ലഭിച്ച ശേഷമാകും അദ്ദേഹം ചുമതലയേല്‍ക്കുക.
ക്യാമ്പ്‌ബെല്‍ വില്‍സന്റെ രാജിക്ക് നാല് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ സി.ഇ.ഒയെ കണ്ടെത്തിയത്. ലോകമെമ്പാടുമുള്ള ഉദ്യോഗാര്‍ഥികളെ പരിഗണിച്ചതിനുശേഷമാണ് എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ് ഗെബ്രെമാരിയമിനെ തെരഞ്ഞെടുത്തത്.
പുതിയ നിയമനത്തിന്റെ പ്രാധാന്യം ഗെബ്രെമാരിയമിന്റെ പ്രവര്‍ത്തന പാരമ്പര്യത്തിലാണ്. ഒരു ദശാബ്ദത്തിലേറെ എത്യോപ്യന്‍ എയര്‍ലൈന്‍സിനെ നയിച്ച അദ്ദേഹം കമ്പനിയുടെ വരുമാനം അഞ്ച് മടങ്ങോളം വര്‍ധിപ്പിക്കുകയും വിമാനങ്ങളുടെ എണ്ണം മൂന്നിരട്ടിയാക്കുകയും ചെയ്തു. അറ്റകുറ്റപ്പണി കേന്ദ്രങ്ങള്‍, പരിശീലന സംവിധാനങ്ങള്‍, അന്താരാഷ്ട്ര ഹബ് വികസനം എന്നിവയിലും അദ്ദേഹം ശ്രദ്ധേയമായ മാറ്റങ്ങള്‍കൊണ്ടുവന്നു. അതുകൊണ്ടുതന്നെ നഷ്ടത്തിലായ എയര്‍ ഇന്ത്യയെ ലാഭത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ടാറ്റ ഗ്രൂപ്പ്.
എന്നാല്‍ മുന്നിലുള്ള വഴി എളുപ്പമല്ല. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യ ഗ്രൂപ്പ് 22,000 കോടിയിലധികം രൂപയുടെ അറ്റനഷ്ടമാണ് രേഖപ്പെടുത്തിയത്. വരുമാനത്തിലും ഇടിവുണ്ടായി. ഇതിനൊപ്പം വിമാനങ്ങള്‍ നവീകരിക്കല്‍, സേവന നിലവാരം ഉയര്‍ത്തല്‍, സമയനിഷ്ഠ മെച്ചപ്പെടുത്തല്‍, അന്താരാഷ്ട്ര സര്‍വീസുകള്‍ വികസിപ്പിക്കല്‍ തുടങ്ങിയ വെല്ലുവിളികളും കമ്പനിക്ക് മുന്നിലുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ ദുരന്തം, ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പാക് വ്യോമപാത അടച്ചത്, പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ മൂലമുള്ള ഇന്ധനച്ചെലവ് വര്‍ധന എന്നിവയും കമ്പനിയെ പ്രതികൂലമായി ബാധിച്ചു.
ഗെബ്രെമാരിയമിന്റെ നിയമനത്തോടെ ഇന്ത്യന്‍ വ്യോമയാന രംഗത്തും പുതിയ മത്സരം ശക്തമാകുകയാണ്. എയര്‍ ഇന്ത്യയെ പരിചയസമ്പന്നനായ ആഗോള വ്യോമയാന വിദഗ്ധന്‍ നയിക്കുമ്പോള്‍, ഇന്‍ഡിഗോയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ വിലി വാള്‍ഷാണ്. അതിനാല്‍ ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ഇനി മത്സരം വിമാനങ്ങളുടെ എണ്ണത്തില്‍ മാത്രമല്ല, ആഗോള നിലവാരമുള്ള സേവനത്തിലും കാര്യക്ഷമതയിലുമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്ന പോലെ എയര്‍ ഇന്ത്യയെ വീണ്ടും ലോകോത്തര വിമാനക്കമ്പനിയാക്കാന്‍ ഗെബ്രെമാരിയമിന് കഴിയുമോ എന്നതാണ് ഇനി ശ്രദ്ധേയമായ ചോദ്യം. അദ്ദേഹത്തിന്റെ മുന്‍കാല പ്രവര്‍ത്തന മികവ് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും, എയര്‍ ഇന്ത്യയുടെ തിരിച്ചുവരവ് ഇനിയും വര്‍ഷങ്ങള്‍ നീളുന്ന ദൗത്യമായിരിക്കുമെന്നാണ് കമ്പനിയും വിലയിരുത്തുന്നത്.
എയര്‍ ഇന്ത്യയുടെ പറക്കലിന് പുതിയ ക്യാപ്റ്റന്‍
