ന്യൂഡൽഹി: രാജ്യത്തെ നിർമ്മിത ബുദ്ധി മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് വൻകിട കമ്പനികൾ ശതകോടികളുടെ നക്ഷേപം പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന 'എഐ ഇംപാക്ട് ഉച്ചകോടി'യിലാണ് റിലയൻസ്, അദാനി ഗ്രൂപ്പ് തുടങ്ങി ആഗോള ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ് വരെയുള്ളവർ വൻ നക്ഷേപ പദ്ധതികൾ വെളിപ്പെടുത്തിയത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ ഇൻഫ്രാസ്ട്രക്ചർ മേഖലകളിൽ അടുത്ത ഏഴ് വർഷത്തിനുള്ളിൽ 109.8 ബില്യൺ ഡോളർ (ഏകദേശം 9.1 ലക്ഷം കോടി രൂപ) നക്ഷേപിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി അറിയിച്ചു. രാജ്യത്തിന് സ്വന്തമായി 'സോവറിൻ എഐ' കമ്പ്യൂട്ടിംഗ് ശേഷി കൈവരിക്കാനാണ് ഈ തുക വിനയോഗിക്കുക. ജാംനഗറിൽ മൾട്ടി ഗിഗാവാട്ട് ശേഷിയുള്ള എഐ ഡാറ്റാ സെന്ററുകൾ നിർമ്മാണത്തിലാണ്. ഇതിൽ 120 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് ഈ വർഷം രണ്ടാം പകുതയോടെ പ്രവർത്തനസജ്ജമാകും. പുനരുപയോഗ ഊർജ്ജം ഉപയോഗിച്ചാകും ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുകയെന്നും അദ്ദേഹം കൂട്ടച്ചേർത്തു.
2035ഓടെ എഐ ഡാറ്റാ സെന്ററുകൾക്കായി 100 ബില്യൺ ഡോളർ നക്ഷേപിക്കുമെന്ന് അദാനി എന്റർപ്രൈസസ് ചെയർമാൻ ഗൗതം അദാനി സമ്മേളനത്തിൽ പ്രഖ്യാപിച്ചു. പുനരുപയോഗ ഊർജ്ജത്തിൽ അധിഷ്ഠിതമായ ഈ പദ്ധതിയിലൂടെ സെർവർ നിർമ്മാണം, ക്ലൗഡ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ അനുബന്ധ മേഖലകളിൽ 150 ബില്യൺ ഡോളറിന്റെ അധിക നക്ഷേപം കൂടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടച്ചേർത്തു. വരുന്ന പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 250 ബില്യൺ ഡോളറിന്റെ എഐ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഗ്ലോബൽ സൗത്ത് രാജ്യങ്ങളിൽ എഐ വ്യാപിപ്പിക്കുന്നതിനായി ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ 50 ബില്യൺ ഡോളർ നക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ഇതിൽ 17.5 ബില്യൺ ഡോളറിന്റെ നക്ഷേപം കഴിഞ്ഞ വർഷം തന്നെ ഇന്ത്യയിൽ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെ, എൻവിഡിയയുടെ അത്യാധുനിക 'ബ്ലാക്ക്‌വെൽ അൾട്രാ' ചിപ്പുകൾ ഉപയോഗിച്ച് ഏഷ്യയിലെ ഏറ്റവും വലിയ എഐ കമ്പ്യൂട്ടിംഗ് ഹബ്ബ് നിർമ്മിക്കാൻ 2 ബില്യൺ ഡോളർ നക്ഷേപിക്കുമെന്ന് യോട്ട ഡാറ്റാ സർവീസസ് വ്യക്തമാക്കി.
ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടിസിഎസ് ചാറ്റ് ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺ എഐയുമായി കൈകോർത്ത് ഡാറ്റാ സെന്റർ ശ്രുംഖല സ്ഥാപിക്കും. അവയുടെ ആദ്യ ഉപഭോക്താവായി ഓപ്പൺ എഐ മാറും. മറ്റൊരു ഐടി ഭീമനായ എൽ ആൻഡ് ടി എൻവിഡിയയുമായി സഹകരിച്ച് എഐ ഡാറ്റാ സെന്റർ ഇൻഫ്രാസ്ട്രക്ചറുകൾ നിർമ്മിക്കുമെന്ന് ലാർസൻ ആൻഡ് ടൂബ്രോ അധികൃതർ അറിയിച്ചു
എഐ ഉച്ചകോടി: ഇന്ത്യയിൽ ശതകോടികളുടെ നിക്ഷേപത്തിനൊരുങ്ങി വൻകിട ടെക് കമ്പനികൾ
