ന്യൂഡല്‍ഹി : ഇന്‍ഡിഗോയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച 10 ശതമാനം സര്‍വീസ് കുറവിന്റെ പശ്ചാത്തലത്തില്‍, യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ ഡിസംബര്‍ മാസത്തില്‍ 275 അധിക വിമാന സര്‍വീസുകള്‍ നടത്താന്‍ എയര്‍ ഇന്ത്യ സന്നദ്ധത അറിയിച്ചു. റൂട്ടുകളില്‍ ഏത് രീതിയില്‍ കുറവ് വരുത്തുമെന്നതും ഈ സാഹചര്യം എത്രകാലം തുടരുമെന്നതുമെല്ലാം വ്യക്തമാക്കുന്ന ദീര്‍ഘകാല പദ്ധതി തയ്യാറാക്കണമെന്ന ആവശ്യവും എയര്‍ ഇന്ത്യ വ്യോമയാന മന്ത്രാലയത്തിന് മുന്നില്‍ വെച്ചു.
ഇന്‍ഡിഗോ നടത്തുന്ന ഏകദേശം 1,900 റൂട്ടുകളില്‍ കുറഞ്ഞത് 10 ശതമാനമെങ്കിലും കുറവ് വരുത്താനാണ് സര്‍ക്കാര്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഞായറാഴ്ചയോ തിങ്കളാഴ്ചയോ ഉണ്ടാകുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുറവു വരുത്തുന്ന ചില റൂട്ടുകള്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, അകാസ എയര്‍ എന്നിവയ്ക്ക് നല്‍കാനാണ് ആലോചന. തിരക്കേറിയ യാത്രാ സീസണില്‍ യാത്രക്കാര്‍ ദുരിതം അനുഭവിക്കരുതെന്നും ഒരൊറ്റ എയര്‍ലൈന്‍ വിപണിയില്‍ അമിത ആധിപത്യം പുലര്‍ത്തുന്നത് തടയേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സ്‌പൈസ് ജെറ്റും ചില അധിക സര്‍വീസുകള്‍ നടത്താന്‍ സാധ്യതയുണ്ട്.
ഇന്‍ഡിഗോയുടെ സര്‍വീസ് കുറവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്ന റൂട്ടുകളിലാണ് എയര്‍ ഇന്ത്യ അധിക സര്‍വീസുകള്‍ ആസൂത്രണം ചെയ്യുന്നത്. ലഭ്യമായ ഒഴിവുസാധ്യത ഉപയോഗിച്ചാണ് താല്‍ക്കാലിക ക്രമീകരണം. ഡല്‍ഹി-മുംബൈ റൂട്ടില്‍ കഴിയുന്നിടത്തോളം വൈഡ്‌ബോഡി ബോയിംഗ് 777 വിമാനം ഉപയോഗിക്കുമെന്നും എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു. ഇന്‍ഡിഗോ പ്രതിസന്ധിയെ തുടര്‍ന്ന് മറ്റ് എയര്‍ലൈന്‍സുകളുടെ വിമാനങ്ങളില്‍ സീറ്റ് നിറവ് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.
അതേസമയം, പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ശനിയാഴ്ചയും ഇന്‍ഡിഗോ 2,050ലധികം സര്‍വീസുകള്‍ നടത്തി. പുതുക്കിയ ടൈംടേബിള്‍ വിമാനത്താവളങ്ങളിലെ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഇന്‍ഡിഗോ അറിയിച്ചു. പ്രതിദിനം 3.2 ലക്ഷം യാത്രക്കാര്‍ തങ്ങളെ വിശ്വസിച്ച് യാത്ര ചെയ്യുന്നുവെന്നതിനും കമ്പനി നന്ദി രേഖപ്പെടുത്തി.
ഇന്‍ഡിഗോ പ്രതിസന്ധി പരിശോധിക്കുന്ന അന്വേഷണത്തില്‍ പൈലറ്റ് ക്ഷാമമല്ല പ്രശ്‌നമെന്ന നിലപാടാണ് എയര്‍ലൈന്‍ സ്വീകരിച്ചത്. എന്നാല്‍, പൈലറ്റുകളുടെ എണ്ണത്തില്‍ ആവശ്യമായ ബഫര്‍ ഇല്ലായ്മ, പുതിയ ക്രൂ ഡ്യൂട്ടി നിയമങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പിഴവുകള്‍, മാനേജ്‌മെന്റും പൈലറ്റുമാരും തമ്മിലുള്ള ബന്ധത്തിലെ തകരാര്‍ എന്നിവ ചേര്‍ന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്‍ഡിഗോ എ320 പൈലറ്റുകള്‍ക്കുള്ള പുതിയ ഡ്യൂട്ടി നിയമങ്ങള്‍ ഫെബ്രുവരി 10 വരെ താല്‍ക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്.
ഇന്‍ഡിഗോ സര്‍വീസ് കുറവ്: ഡിസംബറില്‍ 275 അധിക സര്‍വീസുകള്‍ക്ക് സന്നദ്ധമെന്ന് എയര്‍ ഇന്ത്യ; ദീര്‍ഘകാല പദ്ധതി ആവശ്യപ്പെട്ടു
