അടുത്ത രണ്ടു വര്‍ഷം 2.8 ലക്ഷം കോടി രൂപ കടമെടുക്കും; അഞ്ചുവര്‍ഷത്തിനിടെ 120 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതി
മുംബൈ: വിമാനത്താവള നടത്തിപ്പില്‍നിന്ന് വിമാനക്കമ്പനി മേഖലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു. ഇന്ത്യയില്‍ വിമാനക്കമ്പനികളില്‍ നിക്ഷേപം നടത്താന്‍ അനുമതി തേടി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതായി ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജുഗേഷിന്ദര്‍ സിങ് (റോബി സിങ്) വ്യക്തമാക്കി. വിമാനയാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ വ്യോമഗതാഗത മേഖലയില്‍ വലിയ വളര്‍ച്ചാ സാധ്യതയുണ്ടെന്നാണ് ഗ്രൂപ്പിന്റെ വിലയിരുത്തല്‍.
ഇന്ത്യയില്‍ 60 കോടിയിലധികം ആളുകള്‍ക്ക് വിമാനയാത്ര നടത്താനുള്ള സാമ്പത്തിക ശേഷിയുണ്ടെന്നും ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ നിലവിലുള്ള വിമാന സര്‍വീസുകള്‍ ഗണ്യമായി വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവശ്യകത നിറവേറ്റാന്‍ പ്രതിദിന വിമാന സര്‍വീസുകളുടെ എണ്ണം നിലവിലുള്ളതിന്റെ ഏകദേശം പത്തിരട്ടിയായി 30,000 ആയി ഉയരേണ്ടിവരുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. വിമാനക്കമ്പനി ആരംഭിക്കാന്‍ താല്‍പര്യമുള്ള സംരംഭകര്‍, നിക്ഷേപകര്‍, മറ്റ് വിമാനക്കമ്പനികള്‍ എന്നിവരുമായി സഹകരിച്ച് ഈ മേഖലയുടെ വികസനത്തില്‍ പങ്കാളികളാകാനാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം. ട്രസ്റ്റ് ഇന്ത്യ ഡെബ്റ്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റ് സമ്മിറ്റ് 2026നോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത അഞ്ചുവര്‍ഷത്തിനിടെ അടിസ്ഥാന സൗകര്യം, ഊര്‍ജം, ഡാറ്റാ സെന്ററുകള്‍, പുതിയ ബിസിനസ് മേഖലകള്‍ എന്നിവയിലായി 120 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് ഗ്രൂപ്പിന്റെ പദ്ധതി. നിലവില്‍ പ്രതിവര്‍ഷം ഏകദേശം രണ്ടു ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ നടപ്പാക്കാനുള്ള ശേഷിയുണ്ട്. സാമ്പത്തികമായി പ്രതിവര്‍ഷം 4.5 ലക്ഷം കോടി മുതല്‍ അഞ്ചു ലക്ഷം കോടി രൂപ വരെ നിക്ഷേപിക്കാന്‍ കഴിയുമെങ്കിലും അത്രയും പദ്ധതികള്‍ ഒരേസമയം പ്രാവര്‍ത്തികമാക്കാനുള്ള അടിസ്ഥാന സൗകര്യവും നിര്‍വഹണ ശേഷിയും നിലവില്‍ പരിമിതമാണെന്നും റോബി സിങ് പറഞ്ഞു.
അടുത്ത രണ്ടു സാമ്പത്തിക വര്‍ഷങ്ങളായ 2026-27, 2027-28 കാലയളവില്‍ ഗ്രൂപ്പിലെ കമ്പനികള്‍ ഓരോ വര്‍ഷവും 1.3 ലക്ഷം കോടി മുതല്‍ 1.4 ലക്ഷം കോടി രൂപ വരെ വായ്പയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര, വിദേശ വിപണികളില്‍നിന്ന് കൂടുതല്‍ മൂലധനം സമാഹരിക്കാനും പദ്ധതിയുണ്ട്. ആകെ മൂലധന സമാഹരണത്തില്‍ ആഭ്യന്തര വിപണികളുടെ പങ്ക് നിലവിലെ 56 ശതമാനത്തില്‍നിന്ന് 70-75 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഓഹരി വില്‍പ്പനയിലൂടെ പ്രതിവര്‍ഷം മൂന്നു മുതല്‍ നാലു ബില്യണ്‍ ഡോളര്‍ വരെ സമാഹരിക്കാനും ഉദ്ദേശിക്കുന്നു. പുതിയ നിക്ഷേപകരെ ഉള്‍പ്പെടുത്തി ഓഹരിയുടമകളുടെ അടിത്തറ വിപുലീകരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
അദാനി ഗ്രൂപ്പിന്റെ പ്രവര്‍ത്തനലാഭമായ ഇബിറ്റ്ഡ (പലിശ, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്കു മുമ്പുള്ള വരുമാനം) അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടിയാകുമെന്നാണ് പ്രതീക്ഷ. അതേസമയം, വായ്പ തിരിച്ചടവുകള്‍ കണക്കിലെടുത്താല്‍ അഞ്ചുവര്‍ഷത്തിനിടെ അറ്റകടബാധ്യതയില്‍ ഏകദേശം 25 ബില്യണ്‍ ഡോളറിന്റെ വര്‍ധന മാത്രമേ ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. 25-30 ബില്യണ്‍ ഡോളറിന്റെ വായ്പ തിരിച്ചടവും ഇതിന്റെ ഭാഗമായി പ്രതീക്ഷിക്കുന്നുണ്ട്. ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള ക്രെഡിറ്റ് നിലവാരം 201819 കാലത്തെ എ/ബിബിബി+ നിലവാരത്തില്‍നിന്ന് ഇപ്പോള്‍ എഎ+ ആയി മെച്ചപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.
ഡാറ്റാ സെന്റര്‍ മേഖലയിലും വന്‍ നിക്ഷേപത്തിനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. നിലവിലുള്ള മൂന്നു ബില്യണ്‍ ഡോളറിന്റെ ധനസഹായ കരാറില്‍നിന്ന് 900 ദശലക്ഷം ഡോളര്‍ ഇതിനകം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ഈ മേഖലയിലെ മൊത്തം ധനസഹായ കരാറുകള്‍ പത്തു ബില്യണ്‍ ഡോളറിലെത്തിക്കാനാണ് ശ്രമം. ലോഹങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ തുടങ്ങിയ മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് ഗ്രൂപ്പിന്റെ പരിഗണനയിലുണ്ട്.
ഇതിനിടെ അദാനി എയര്‍പോര്‍ട്ട്‌സ് ഹോള്‍ഡിങ്‌സിനെ പ്രത്യേക കമ്പനിയായി വേര്‍തിരിക്കുന്നതിനുള്ള നടപടികള്‍ 2027ഓടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ അന്തിമ തീരുമാനം കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിന്റേതായിരിക്കുമെന്ന് റോബി സിങ് വ്യക്തമാക്കി. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ വിപണിയിലെത്തിക്കുന്നതിനുപകരം നിലവിലുള്ള കമ്പനിയില്‍നിന്ന് വിഭജിച്ച് പ്രത്യേക സ്ഥാപനമാക്കുന്ന രീതിയായിരിക്കും പരിഗണിക്കുക.
2019ല്‍ അദാനി എന്റര്‍െ്രെപസസിന്റെ ഉപസ്ഥാപനമായി ആരംഭിച്ച അദാനി എയര്‍പോര്‍ട്ട്‌സ് ഹോള്‍ഡിങ്‌സ്, രാജ്യത്തെ ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പ് കരാര്‍ നേടിയതോടെയാണ് ഈ രംഗത്തേക്ക് കടന്നത്. പിന്നീട് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണ ഓഹരി സ്വന്തമാക്കി. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം കൂടി ഉള്‍പ്പെട്ടതോടെ ഗ്രൂപ്പിന്റെ വിമാനത്താവളങ്ങളുടെ എണ്ണം എട്ടായി.
വിമാനത്താവള ബിസിനസിന് സ്വന്തം നിക്ഷേപ പദ്ധതികള്‍ക്കാവശ്യമായ പണം കണ്ടെത്താനുള്ള ശേഷി കൈവരിച്ചതായും ഇതിന്റെ വരുമാനത്തില്‍ യാത്രക്കാരില്‍നിന്നുള്ള നേരിട്ടുള്ള വരുമാനത്തിനു പുറമെ വ്യാപാര സ്ഥാപനങ്ങള്‍, റീട്ടെയില്‍, വാണിജ്യ ഇടങ്ങള്‍ തുടങ്ങിയവയില്‍നിന്നുള്ള വരുമാനത്തിന്റെ പങ്ക് ഏകദേശം 60 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് 60-65 ശതമാനമായി നിലനിര്‍ത്താനാണ് ലക്ഷ്യം.
ഗൗതം അദാനി 1988ല്‍ സ്ഥാപിച്ച അദാനി ഗ്രൂപ്പിന് ഊര്‍ജം, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, റോഡുകള്‍, സിമന്റ്, ലോഹങ്ങള്‍, മാധ്യമങ്ങള്‍ തുടങ്ങിയ മേഖലകളിലായി 13 ലിസ്റ്റഡ് കമ്പനികളുണ്ട്. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് കൂടുതല്‍ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് വിമാനക്കമ്പനി മേഖലയിലേക്കുള്ള പുതിയ നീക്കം.
