ഷിക്കാഗോ സീറോ മലബാര്‍ രൂപതയ്ക്ക് മകുടമായി രണ്ടു ഡീക്കന്‍മ്മാര്‍ ഒരേദിവസം പൗരോഹിത്യം സ്വീകരിക്കുന്നു

ഷിക്കാഗോ സീറോ മലബാര്‍ രൂപതയ്ക്ക് മകുടമായി രണ്ടു ഡീക്കന്‍മ്മാര്‍ ഒരേദിവസം പൗരോഹിത്യം സ്വീകരിക്കുന്നു


ന്യൂയോര്‍ക്ക്: രജത ജൂബിലി ആഘോഷിക്കുന്ന ഷിക്കാഗോ സെയിന്റ് തോമസ് സീറോ മലബാര്‍ കാത്തലിക്കാ രൂപതക്കു മകുടമായി ഒരേ ഇടവകയില്‍ നിന്നുമുള്ള രണ്ടു ഡീക്കന്‍മാര്‍ ഒരേ ദിവസം പൗരോഹിത്യം സ്വീകരിച്ചു സാര്‍വത്രിക സഭയുടെ ശുശ്രൂഷകരാകുന്നു. 

ജൂണ്‍ 13-ാം തിയ്യതി ശനിയാഴ്ച രാവിലെ പത്തുമണിക്ക് പാറ്റേഴ്‌സണ്‍ സെയിന്റ് ജോര്‍ജ് ദേവാലയത്തില്‍ നടക്കുന്ന ഭക്തിനിര്‍ഭരവും ആഘോഷപൂര്‍വ്വവുമായ ചടങ്ങില്‍ പാറ്റേഴ്‌സണ്‍  ഇടവകയിനിന്നുമുള്ള ഡീക്കന്‍ മൈക്കിള്‍ ജെയിംസും ഡീക്കന്‍ സാം കുട്ടാപ്പശ്ശേരിയും രൂപതാ അധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ടില്‍ നിന്നും തിരുപ്പട്ടം സ്വീകരിക്കുമ്പോള്‍ വളര്‍ച്ചയുടെ പാതയില്‍ കാല്‍നൂറ്റാണ്ട് പിന്നിടുന്ന രൂപതയുടെ ചരിത്രത്തിലും പുതിയൊരു അധ്യായമാകും. ഇതോടെ രൂപതയിലെ തദ്ദേശീയരായ വൈദികരുടെയെണ്ണം പത്തായി ഉയരും.

തിരുക്കര്‍മ്മങ്ങളില്‍ രൂപതാ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ടിനെ കൂടാതെ രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, വികാരി ജനറാളന്‍മ്മാരായ വെരി. റവ. ഫാ. ജോണ്‍ മേലേപ്പുറം, വെരി. റവ. ഫ. തോമസ് മുളവനാല്‍,  വെരി. റവ. ഫാ. തോമസ് കടുകപ്പള്ളി, രൂപതാ  ചാന്‍സലര്‍ റവ. ഫാ. ജോണ്‍സന്‍ കോവൂര്‍പുത്തന്‍പുരക്കല്‍, പ്രൊക്യൂറേറ്റര്‍ റവ. ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ തുടങ്ങി അമ്പതില്‍പ്പരം വൈദികരും സന്യസ്തരും കൂടാതെ വലിയൊരു വിശ്വാസസമൂഹവും അനുഗ്രഹീതമായ ചടങ്ങുകള്‍ക്ക് സാക്ഷികളാകാന്‍ എത്തും. ഇവരെ സ്വീകരിക്കുന്നതിന് പാറ്റേഴ്‌സണ്‍ സെയിന്റ് ജോര്‍ജ് ദേവാലയ വികാരി റവ. ഫാ. സിമ്മി തോമസിന്റെയും കൈക്കാരന്‍മാരുടേയും പാരിഷ് കൗണ്‍സിലിന്റേയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്നു വരുന്നു.

ജൂണ്‍ 14-ന് രാവിലെ 9:30ന് നവ വൈദികന്‍ സാം കുട്ടാപ്പശ്ശേരിയും 11:30ന് മൈക്കിള്‍ ജെയിംസും തങ്ങളുടെ പ്രഥമ ദിവ്യബലി ഇടവക ദേവാലയമായ പാറ്റേഴ്‌സണ്‍ സെയിന്റ് ജോര്‍ജ് ദേവാലയത്തില്‍ അര്‍പ്പിക്കും. 

കോട്ടയം പാറമ്പുഴ സ്വദേശിയായ ജെയിംസ്- ഷേര്‍ളി ദമ്പതികളുടെ മകനാണ് ഡീക്കന്‍ മൈക്കിള്‍ ജെയിംസ്. ബെറ്റ്‌സി ഏക സഹോദരിയാണ്. തൃശൂര്‍  മാള സ്വദേശിയായ റോബി- സിസി ദമ്പതികളുടെ മകനാണ് ഡീക്കന്‍ സാം കുട്ടാപ്പശ്ശേരി. രേഷ്മ അലക്‌സ് സഹോദരിയാണ്.

പൗരോഹിത്യ സ്വീകരണ തിരുക്കര്‍മ്മങ്ങളില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്ത വിശ്വാസികള്‍ തങ്ങളുടെ പള്ളികളിലും വീടുകളിലും നവവൈദികര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ഥിക്കണമെന്നു മാര്‍ ജോയ് ആലപ്പാട്ട് ആഹ്വാനം ചെയ്തു. ഷിക്കാഗോ കത്തീഡ്രല്‍ ഇടവകയുടെ വികാരിയായി സ്ഥലം മാറിപോകുന്നതിനു മുമ്പ് ഏതാണ്ട് പത്തു വര്‍ഷത്തോളും മാര്‍ ജോയ് ആലപ്പാട്ട് ഡീക്കമാരായ മൈക്കിള്‍ ജെയിംസിന്റേയും സാം കുട്ടാപ്പശ്ശേരിയുടെയും മാതൃഇടവകയായ സെയിന്റ് ജോര്‍ജ് പള്ളിയുടെ വികാരിയായിരുന്നു. തന്റെ കീഴില്‍ വിശ്വാസപരിശീലനം നടത്തിയ കൂദാശകള്‍  സ്വീകരിച്ച തന്നോടൊപ്പം അള്‍ത്താര ശുശ്രൂഷികളായി പ്രവര്‍ത്തിച്ച കുട്ടികള്‍ക്ക് തിരുപ്പട്ടം നല്‍കുന്നത് മാര്‍ ജോയ് ആലപ്പാട്ടിനെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി ഇരട്ടിമധുരം നല്‍കുന്ന തിരുക്കര്‍മ്മം കൂടിയാണ്.

അടിയുറച്ച വിശ്വാസത്തിന്റേയും ചിട്ടയായ മതബോധനത്തിന്റേയും ഫലമായി രൂപതയിലുണ്ടായിട്ടുള്ള ദൈവവിളികള്‍ ഈ അവസരത്തില്‍ എടുത്തു പറയേണ്ടതാണ്.

ദൈവകൃപയാല്‍, കഴിഞ്ഞ ഇരുപത്തഞ്ചു  വര്‍ഷങ്ങള്‍ കൊണ്ട് തദ്ദേശീയരായ പത്തു  വൈദികര്‍ക്ക് ജന്‍മം നല്‍കുവാന്‍ ഷിക്കാഗോ  രൂപതയ്ക്ക് സാധിച്ചു. 2018 മെയ് അഞ്ചാം തിയ്യതി ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് ഇടവകയില്‍ നിന്നും ഫാ. കെവിന്‍ മുണ്ടക്കലും ജൂണ്‍ രണ്ടാം തിയ്യതി ഫ്‌ളോറിഡയിലെ റ്റാമ്പാ സെയിന്റ് ജോസഫ് ഇടവകാംഗമായ ഫാ. രാജീവ് വലിയവീട്ടിലും തിരുപ്പട്ടം സ്വീകരിച്ചു രൂപതയിലെ പ്രഥമ തദ്ദേശീയ വൈദികരായി. തുടര്‍ന്ന്, 2020 മെയ് 16-ാം തിയ്യതി ബാള്‍ട്ടിമോര്‍ സെയിന്റ് അല്‍ഫോന്‍സാ ഇടവകാംഗമായ ഫാ. മെല്‍വിന്‍ പോള്‍ മംഗലത്ത്, ജൂണ്‍ 6-ാം തിയ്യതി ടെക്‌സസ്- എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്സി ഇടവകയില്‍ നിന്നും ഫാ. തോമസ് പുളിക്കല്‍, 2021 മെയ് 22-ാം തിയ്യതി കാലിഫോര്‍ണിയയിലെ ഓറഞ്ച് സെയിന്റ് തോമസ് ഇടവകാംഗമായ ഫാ. ജോബി ജോസഫ്, 2022 മെയ് 28-ാം തിയ്യതി അറ്റ്‌ലാന്റാ സെയിന്റ് അല്‍ഫോന്‍സാ ഇടവക അംഗമായ ഫാ. ജോയല്‍ പയസ്, 2023 ജൂണ്‍ 3-ാം തിയ്യതി ഷിക്കാഗോ മാര്‍ തോമ ശ്ലീഹ കത്തിഡ്രല്‍ ഇടവകയില്‍ നിന്നുള്ള ഫാ. ജോര്‍ജ് പാറയില്‍ എന്നിവരും തിരുപ്പട്ടം സ്വീകരിച്ചു.

രൂപത സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഈ വര്‍ഷം മെയ് 23-ാം തിയ്യതി, ഫ്‌ളോറിഡയിലെ കോറള്‍ സ്പ്രിംഗ് 'ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത്' ഇടവകയില്‍നിന്നും ഡീക്കന്‍ മാത്യു ജേക്കബ്, മാര്‍ ജോയ് ആലപ്പാട്ടില്‍ നിന്നും പൗരോഹിത്യം  സ്വീകരിച്ചു. ഈ ശനിയാഴ്ച ന്യൂജേഴ്സിയിലെ പാറ്റേഴ്‌സണ്‍ സെയിന്റ് ജോര്‍ജ് ഇടവകയില്‍ നിന്നുമുള്ള ഡീക്കന്‍ മൈക്കിള്‍ ജെയിംസും ഡീക്കന്‍ സാം കുട്ടാപ്പശ്ശേരിയും തിരുപ്പട്ടം സ്വീകരിക്കുന്നതോടെ ഷിക്കാഗോ രൂപതയിലെ തദ്ദേശീയരായ വൈദികരുടെ എണ്ണം പത്താകും.  

കൂടാതെ, നിലവില്‍ എഴില്‍പ്പരം വൈദിക വിദ്യാര്‍ഥികള്‍ വിവിധ സെമിനാരികളില്‍ രൂപതയ്ക്ക് വേണ്ടി പഠിക്കുന്നു എന്നതും ശ്രദ്ധേയമാണ്. കൂടാതെ ഈ രൂപതയിലെ ഇടവകകളില്‍ നിന്നുമുള്ള അഞ്ചിലധികം യുവജനങ്ങള്‍ മറ്റു കോണ്‍ഗ്രിഗേഷനുകള്‍ക്കായും സെമിനാരികളില്‍ പഠിക്കുന്നുമുണ്ട്.   

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മാതാപിതാക്കളുടെ രണ്ടാം തലമുറകളില്‍ നിന്നും എല്ലാവിധ പ്രലോഭനങ്ങളേയും വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട് അനസ്യൂതം ഉണ്ടായിക്കൊണ്ടിരിക്കുന്ന ദൈവവിളികള്‍ക്ക് വിശ്വാസ സമൂഹത്തിന്റെ പ്രാര്‍ഥനാഞ്ജലികള്‍.


ഷിക്കാഗോ സീറോ മലബാര്‍ രൂപതയ്ക്ക് മകുടമായി രണ്ടു ഡീക്കന്‍മ്മാര്‍ ഒരേദിവസം പൗരോഹിത്യം സ്വീകരിക്കുന്നു