ഷിക്കാഗോ സീറോ മലബാര്‍ രൂപത സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍: ബ്രോങ്ക്‌സ് ഇടവക രജിസ്ട്രേഷന്‍ കിക്കോഫ് വന്‍വിജയം

ഷിക്കാഗോ സീറോ മലബാര്‍ രൂപത സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍: ബ്രോങ്ക്‌സ് ഇടവക രജിസ്ട്രേഷന്‍ കിക്കോഫ് വന്‍വിജയം


ന്യൂയോര്‍ക്ക്: വിശ്വാസ വളര്‍ച്ചയുടെ ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി, സില്‍വര്‍ ജൂബിലി  നിറവില്‍ നില്‍ക്കുന്ന ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ഒരു വര്‍ഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു  2026 ജൂലൈ 9, 10, 11, 12 തിയ്യതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന 'സിറോ മലബാര്‍ കണ്‍വന്‍ഷന്റെ' ബ്രോങ്ക്‌സ് ഫൊറോന ഇടവകതല രജിസ്ട്രേഷന്‍ കിക്കോഫ് വിജയകരമായി നടന്നു.

വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന ചടങ്ങില്‍ വികാരി ജനറാള്‍ റവ. ഫാ. ജോണ്‍ മേലേപ്പുറം വിശ്വാസികളില്‍ നിന്നും രജിസ്ട്രേഷനുകള്‍ ഏറ്റുവാങ്ങി. നിരവധിപ്പേര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ താത്പര്യം അറിയിച്ചു മുന്നോട്ടുവന്നു.   

ഷിക്കാഗോയിലെ പ്രശസ്തമായ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് സിറോ മലബാര്‍ യു എസ് എ കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാന്‍മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കുന്നു. 

പരസ്പരം പരിചയപ്പെടുന്നതിനും പരിചയങ്ങള്‍ പുതുക്കുന്നതിനും സുഹൃത് ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുമെല്ലാം അവസരം നല്‍കുന്ന ഈ കണ്‍വന്‍ഷനില്‍ എല്ലാവരും പങ്കെടുക്കണമെന്ന് വികാരി ജനറാളും ജൂബിലി ജനറല്‍ കണ്‍വീനറും കൂടിയായ റവ. ഫാ. ജോണ്‍ മേലേപ്പുറം അഭ്യര്‍ഥിച്ചു.  അമേരിക്കയില്‍ വളരുന്ന നമ്മുടെ മക്കളേയും മഹത്തായ സിറോ മലബാര്‍ വിശ്വാസത്തിന്റെയും പൈതൃകത്തിന്റേയും ഭാഗമായി നിലനിര്‍ത്തുന്നതിനും ഷിക്കാഗോ കണ്‍വന്‍ഷന്‍  ഉപകരിക്കുമെന്നു വികാരി ജനറാള്‍ പറഞ്ഞു. 

ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് ചാമക്കാല  കണ്‍വന്‍ഷനെ പറ്റി വിശദമായി പ്രതിപാദിക്കുകയും വിശ്വാസികള്‍ക്ക് സംശയ ദൂരീരീകരണം നടത്തുകയും ചെയ്തു. 

2026 ജൂലൈ മാസം നടക്കുന്ന സിറോ മലബാര്‍ കണ്‍വന്‍ഷന്‍ രൂപതയുടെ ചരിത്രത്തില്‍തന്നെ സ്ഥാനം പിടിക്കുന്ന തരത്തില്‍ വിജയകരമാക്കി തീര്‍ക്കുവാന്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു. കണ്‍വന്‍ഷന്റെ  മുന്നോടിയായി രൂപതയിലെ വിവിധ പള്ളികളില്‍ കണ്‍വന്‍ഷന്‍ കിക്കോഫുകള്‍ വിജയകരമായി നടന്നുവരുന്നതായും ജോസഫ് ചമക്കാല   അറിയിച്ചു. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഹോട്ടല്‍ ബുക്കിങ് നിരക്കില്‍ ഇളവ് ലഭിക്കുന്നതാണ്. ഈ ഇളവ് ഡിസംബര്‍ 31 വരെ മാത്രമേ ലഭിക്കൂ.  ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്ന് ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു.   

ഷിക്കാഗോ സിറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയ ട്രസ്റ്റി ബോബി ചിറയിലും കിക്കോഫില്‍ പങ്കെടുക്കുകയും എല്ലാവരേയും ഷിക്കാഗോയിലേക്കു ക്ഷണിക്കുകയും ചെയ്തു. റവ. ഫാ. രാജീവ് പാലക്കച്ചേരി ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ബ്രോങ്ക്‌സ് സെയിന്റ് തോമസ് സിറോ മലബാര്‍ ഫൊറോനാ ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന, വികാരി ജനറാളിനേയും കണ്‍വന്‍ഷന്‍ ഭാരവാഹികളെയും സ്വാഗതം ചെയ്തു. കൈക്കാരന്‍ ഷൈജു കളത്തില്‍, കണ്‍വന്‍ഷന്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ  ജോസഫ് കാഞ്ഞമല, ഷോളി കുമ്പിളുവേലി, ഷാജിമോന്‍ വടക്കന്‍, വിനു വാതപ്പള്ളി തുടങ്ങിയവര്‍ കിക്കോഫിന് നേതൃത്വം നല്‍കി.    

കണ്‍വന്‍ഷനെ കുറിച്ചു കൂടുതല്‍ അറിയുവാനും രജിസ്റ്റര്‍ ചെയ്യുവാനും www.syroconvention.org

വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.