ന്യൂജേഴ്‌സിയില്‍ സീറോ മലബാര്‍ സഭ ഒരേ ഇടവകയില്‍ നിന്ന് രണ്ട് ഡീക്കന്മാര്‍ പൗരോഹിത്യത്തിലേക്ക്

ന്യൂജേഴ്‌സിയില്‍ സീറോ മലബാര്‍ സഭ ഒരേ ഇടവകയില്‍ നിന്ന് രണ്ട് ഡീക്കന്മാര്‍ പൗരോഹിത്യത്തിലേക്ക്


പാറ്റേഴ്സണ്‍ (ന്യൂജേഴ്സി): പ്രവാസി മലയാളി സമൂഹത്തിനും സീറോ മലബാര്‍ സഭയ്ക്കും അഭിമാന നിമിഷമായി ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ചരിത്ര സംഭവം ഒരുങ്ങുന്നു. ഒരേ ഇടവകയില്‍ വളര്‍ന്ന രണ്ട് മലയാളി യുവാക്കള്‍ ഒരേസമയം പൗരോഹിത്യത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു എന്ന അപൂര്‍വ്വ നേട്ടത്തിനാണ് വിശ്വാസിസമൂഹം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഡീക്കന്‍ സാം കുട്ടപ്പശ്ശേരിയും ഡീക്കന്‍ മൈക്കിള്‍ ജെയിംസുമാണ് വിശുദ്ധ പൗരോഹിത്യം സ്വീകരിക്കുന്നത്.

പാറ്റേഴ്സണിലെ ഗെറ്റി അവന്യൂവിലുള്ള സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ശനിയാഴ്ച രാവിലെ പത്തിനാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുക. ഷിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇടവകയുടെ പ്രാരംഭ ഘട്ടത്തില്‍ പത്തു വര്‍ഷത്തോളം സേവനം ചെയ്ത മാര്‍ ജോയ് ആലപ്പാട്ട്, അന്ന് തന്റെ കീഴില്‍ വിശ്വാസ പരിശീലനം നേടിയ രണ്ട് മക്കളെ വൈദികരായി അഭിഷേകം ചെയ്യുന്നു എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്.

ഇന്ത്യയ്ക്ക് പുറത്തുള്ള രൂപതകളില്‍ പൗരോഹിത്യ ദൈവവിളികള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഒരേ ഇടവകയില്‍ നിന്നുള്ള ആദ്യതലമുറക്കാരായ രണ്ട് പ്രവാസി മലയാളി യുവാക്കള്‍ ഒരുമിച്ച് വൈദികരാകുന്നത് സഭയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്.

ഡീക്കന്‍ സാം കുട്ടപ്പശേരി റട്ഗേഴ്സ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം ഇല്ലിനോയിസിലും റോമിലുമായി വൈദിക പഠനം പൂര്‍ത്തിയാക്കി. ന്യൂജേഴ്സിയിലെ റോബി- സിസി ദമ്പതികളുടെ മകനാണ്. ഡീക്കന്‍ മൈക്കിള്‍ ജെയിംസ് കാള്‍ഡ്വെല്‍ സര്‍വകലാശാലയില്‍ നിന്ന് ബയോളജി ബിരുദത്തിന് ശേഷമാണ് മണ്ടലീന്‍ സെമിനാരിയില്‍ നിന്ന് ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയത്. ജെയിംസ്- ഷേര്‍ളി ദമ്പതികളുടെ മകനാണ്.

തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് അനുമോദന സമ്മേളനവും തുടര്‍ന്ന് രണ്ട് മണിക്ക് ഉച്ചഭക്ഷണ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ജൂണ്‍ 14 ഞായറാഴ്ച രാവിലെ 9:30ന് ഡീക്കന്‍ സാം കുട്ടപ്പശേരിയും 11:30ന് ഡീക്കന്‍ മൈക്കിള്‍ ജെയിംസും തങ്ങളുടെ പ്രഥമ ദിവ്യബലി അര്‍പ്പിക്കും. ഇടവക വികാരി ഫാ. സിമ്മി തോമസിന്റെയും കൈക്കാരന്മാരുടെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. പങ്കെടുക്കുന്നവര്‍ മെയ് 15നകം വിവരങ്ങള്‍ വെബ്സൈറ്റ് (www.sgsmccpaterson.com) വഴി അറിയിക്കണമെന്ന് ട്രസ്റ്റിമാര്‍ അറിയിച്ചു.