സീറോ മലബാര്‍ സില്‍വര്‍ ജൂബിലി കണ്‍വെന്‍ഷന്‍ ടീം സിയാറ്റിലില്‍ മാര്‍ ജോയ് ആലപ്പാട്ട് കിക്കോഫ് നിര്‍വ്വഹിച്ചു

സീറോ മലബാര്‍ സില്‍വര്‍ ജൂബിലി കണ്‍വെന്‍ഷന്‍ ടീം സിയാറ്റിലില്‍ മാര്‍ ജോയ് ആലപ്പാട്ട് കിക്കോഫ് നിര്‍വ്വഹിച്ചു


ഷിക്കാഗോ: ഇന്ത്യയ്ക്ക് പുറത്ത് സീറോ മലബാര്‍ സഭയ്ക്ക് ആദ്യമായി ലഭിച്ച രൂപതയായ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ രൂപീകരണത്തിന് 25 വര്‍ഷം പൂര്‍ത്തിയാകുന്ന അവസരത്തില്‍ ജൂബിലി ആഘോഷങ്ങളുടെ പരിസമാപ്തിയായി സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലി കണ്‍വെന്‍ഷന്റെ ഔദ്യോഗിക കിക്കോഫ് സിയാറ്റിലില്‍ സ്ഥിതി ചെയ്യുന്ന ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ ആത്മീയ ഉണര്‍വോടെയും ആഘോഷപൂര്‍വ്വമായ അന്തരീക്ഷത്തോടെയും നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ടിന്റെ നേതൃത്വത്തിലായിരുന്നു കിക്കോഫ് ചടങ്ങുകള്‍.

രൂപതാധ്യക്ഷനെയും കണ്‍വെന്‍ഷന്‍ ഫെസിലിറ്റി ചെയര്‍മാന്‍ ജോണി വടുക്കുംചേരി, റജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍ ജേക്കബ് തോമസ് എന്നിവരേയും ഇടവക വികാരി ഫാ. റാഫേല്‍ അമ്പാടന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങളും ഇടവക ഭാരവാഹികളും ചേര്‍ന്ന് അതീവ സ്‌നേഹപൂര്‍വ്വവും ഊഷ്മളവുമായ സ്വീകരണം നല്‍കി. കണ്‍വെന്‍ഷന്‍ ഇടവക പ്രതിനിധിമാരായ സോണിമോന്‍, ബെറ്റി ടോം, ബിജു മാത്യു (ട്രസ്റ്റി), ബിനീഷ് മാത്യു എന്നിവരും ട്രസ്റ്റിമാരായ ലിസ് ജോര്‍ജ്, റോബിന്‍ പോള്‍ എന്നിവരോടൊപ്പം ടോം ചെമ്പനാനിക്കലും കിക്കോഫ് പരിപാടികളുടെ ക്രമീകരണങ്ങളിലും അവതരണങ്ങളിലും സജീവമായി പങ്കാളികളായി.

കിക്കോഫ് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മുഖ്യ സന്ദേശത്തില്‍ മാര്‍ ജോയ് ആലപ്പാട്ട്, സീറോ മലബാര്‍ സഭയുടെ അമേരിക്കയിലെ വളര്‍ച്ചയും ദൗത്യപരമായ മുന്നേറ്റവും ഓര്‍മിപ്പിച്ചു. വിശ്വാസ സംരക്ഷണം, കുടുംബ മൂല്യങ്ങള്‍, യുവജനങ്ങളുടെ പങ്കാളിത്തം, സഭാ ഐക്യം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള അപൂര്‍വ അവസരമാണ് സില്‍വര്‍ ജൂബിലി കണ്‍വെന്‍ഷനെന്ന് പിതാവ് വിശദീകരിച്ചു. വിശ്വാസവും അറിവും സൗഹൃദവും പങ്കുവയ്ക്കുന്ന അനുഗ്രഹീത വേദിയായി കണ്‍വെന്‍ഷനെ കാണണമെന്നും പ്രത്യേകിച്ച് യുവജനങ്ങളെയും പുതുതലമുറയെയും ഇതിലേക്ക് ആകര്‍ഷിക്കേണ്ടത് സഭയുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇടവകവികാരി ഫാ. റാഫേല്‍ അമ്പാടന്‍ പരിപൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തു.

തുടര്‍ന്ന് കണ്‍വെന്‍ഷന്‍ ഭാരവാഹികളായ ജോണിയും ജേക്കബും കണ്‍വെന്‍ഷന്റെ ദര്‍ശനം, ലക്ഷ്യങ്ങള്‍, രജിസ്‌ട്രേഷന്‍ സംവിധാനങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പ് സാധ്യതകള്‍, വിവിധ സെഷനുകളുടെയും പരിപാടികളുടെയും ഘടന എന്നിവ വിശദമായി അവതരിപ്പിച്ചു. ഈ മഹാകണ്‍വെന്‍ഷനോടനുബന്ധിച്ച് രൂപതയുടെ പ്രഥമ ഇടയനായ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കുന്നുവെന്നത് ഈ സമ്മേളനത്തിന്റെ പ്രത്യേക ആകര്‍ഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2026 ജൂലൈ 9 മുതല്‍ 12 വരെ ലോകപ്രശസ്തമായ ഷിക്കാഗോ നഗരത്തില്‍, നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററും അതിനോട് ചേര്‍ന്ന മൂന്ന് പ്രധാന ഹോട്ടലുകളും വേദിയാക്കി, ആയിരക്കണക്കിന് വിശ്വാസികളെ ഉള്‍ക്കൊള്ളുന്ന രീതിയില്‍ ഈ മഹാസംഗമം സംഘടിപ്പിക്കപ്പെടും. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഈ വേദികള്‍ ആത്മീയവും സാംസ്‌കാരികവുമായ ഒരു അപൂര്‍വ അനുഭവം വിശ്വാസികള്‍ക്ക് സമ്മാനിക്കുമെന്ന് വിശ്വസിക്കുന്നതായി കണ്‍വെന്‍ഷന്‍ ഭാരവാഹികള്‍ പറയുകയുണ്ടായി.

രൂപതയിലെ വിവിധ ഇടവകകളില്‍ കണ്‍വെന്‍ഷന്‍ ടീം നേരിട്ട് സന്ദര്‍ശനം നടത്തി രജിസ്‌ട്രേഷനും പരിപാടികളുമായി ബന്ധപ്പെട്ട വിശദമായ അവതരണങ്ങള്‍ നടത്തിയിരുന്നു.ഇത്തരം നേരിട്ടുള്ള സന്ദര്‍ശനങ്ങളും ആശയവിനിമയങ്ങളും ഇടവകകളില്‍ വലിയ ഉത്സാഹവും പങ്കാളിത്ത മനോഭാവവും സൃഷ്ടിച്ചതായി രൂപതയിലെ ഇടവക വികാരിമാരും പ്രതിനിധികളും അഭിപ്രായപ്പെട്ടിരുന്നു.

വിശ്വാസ സംരക്ഷണത്തിനും ആത്മീയ വളര്‍ച്ചയ്ക്കും സഭാ ഐക്യത്തിനും സൗഹൃദ കൂട്ടായ്മകള്‍ക്കും ഊന്നല്‍ നല്‍കി കണ്‍വെന്‍ഷന്‍ പരിപാടികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ദിവസേനയുള്ള ദിവ്യബലി, ആരാധനകള്‍, ധ്യാനങ്ങള്‍ എന്നിവയ്ക്കൊപ്പം വൈവിധ്യമാര്‍ന്ന വിഷയാവതരണങ്ങള്‍, സംഘടനാ സംഗമങ്ങള്‍, കുടുംബ സെഷനുകള്‍, യുവജന സമ്മേളനങ്ങള്‍, കലാപരിപാടികള്‍, മത്സരങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം ട്രാക്കുകളിലായി പരിപാടികള്‍ ഒരുക്കിയിരിക്കുന്നതും ഈ കണ്‍വെന്‍ഷന്റെ മറ്റൊരു സവിശേഷതയാണ്.

അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയസാംസ്‌കാരിക സംഗമമായ ഈ സില്‍വര്‍ ജൂബിലി കണ്‍വെന്‍ഷനില്‍ പങ്കാളികളാകുവാന്‍ ഏവരെയും കണ്‍വെന്‍ഷന്‍ ടീം ഹൃദയപൂര്‍വ്വം ക്ഷണിച്ചു. സിയാറ്റില്‍ ദേവാലയത്തിലെ വികാരിയച്ചന്റെയും ഇടവകാംഗങ്ങളുടെയും സ്‌നേഹപൂര്‍വ്വമായ സ്വീകരണത്തിനും സമഗ്ര സഹകരണത്തിനും കണ്‍വെന്‍ഷന്‍ ടീം പ്രത്യേക നന്ദി രേഖപ്പെടുത്തി.

കണ്‍വന്‍ഷന്റെ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി www. Syroconvention.org സന്ദര്‍ശിക്കാവുന്നതാണ്.