ഡാളസില്‍ സെന്റ്. ദീവന്നാസ്യോസ് ഓര്‍ത്തഡോക്‌സ് ഫോറം യൂണിറ്റിന് ഔദ്യോഗിക തുടക്കം

ഡാളസില്‍ സെന്റ്. ദീവന്നാസ്യോസ് ഓര്‍ത്തഡോക്‌സ് ഫോറം യൂണിറ്റിന് ഔദ്യോഗിക തുടക്കം




ഡാളസ്: ഡാളസിലെ ഇര്‍വിംഗ് സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ മധ്യവയസ്‌കരായ വിശ്വാസികളുടെ ആത്മീയ വളര്‍ച്ചയും സഹവാസവും ലക്ഷ്യമാക്കി സെന്റ്. ദീവന്നാസ്യോസ് ഓര്‍ത്തഡോക്‌സ് ഫോറം എന്ന ആത്മീയ സംഘടനക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. 


പരിശുദ്ധ വട്ടശ്ശേരില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ നാമത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവായുടെ കല്പന പ്രകാരം 2025-ല്‍ രൂപംകൊണ്ട സംഘടനയാണ് സെന്റ്. ദീവന്നാസ്യോസ് ഓര്‍ത്തഡോക്‌സ് ഫോറം. ഭാരതത്തിനു പുറത്ത് പ്രത്യേകിച്ച് അമേരിക്കയിലെ പ്രഥമ എസ് ഡി ഒ എഫ് യൂണിറ്റ് എന്നത് ഈ ഇടവകയ്ക്കും പ്രദേശത്തിനും ചരിത്രപ്രാധാന്യമുള്ള നേട്ടമായി മാറും എന്ന് ഇടവക വികാരി വെരി. റവ. രാജു ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പാ അഭിപ്രായപ്പെട്ടു.


ജീവിതത്തിന്റെ മധ്യഘട്ടത്തില്‍ വിശ്വാസം, കുടുംബജീവിതം, സാമൂഹിക ഉത്തരവാദിത്വങ്ങള്‍ എന്നിവ സമന്വയിപ്പിച്ച് ദൈവത്തോടുള്ള കൂടുതല്‍ ആഴത്തിലുള്ള ആത്മീയ ബന്ധം വളര്‍ത്തുവാന്‍ മറ്റ് ആത്മീയ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ചുമതലക്കാര്‍ അറിയിച്ചു. വിശ്വാസം, സാക്ഷ്യം, പ്രബോധനം എന്നതാണ് സംഘടനയുടെ മോട്ടോ. ഉദ്ദേശ്യബോധമുള്ള ആത്മീയ വളര്‍ച്ചയ്ക്കും സഭാ സേവനത്തിനും ഊന്നല്‍ നല്‍കുക എന്നതാണ് പ്രധാന ലക്ഷ്യം.


സംഘടനയുടെ 2026 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി അലക്‌സ് വര്‍ഗീസ് (വൈസ് പ്രസിഡന്റ്), റെജി മാത്യൂസ് (സെക്രട്ടറി), ബിനു മാത്യു (ട്രഷറര്‍), സന്തോഷ് സ്‌കറിയ (ജോയിന്റ് സെക്രട്ടറി), അജി ജോര്‍ജ് (കമ്മിറ്റി അംഗം), സവിന്‍ ജോര്‍ജ് (കമ്മിറ്റി അംഗം) എന്നിവരെ തെരഞ്ഞെടുത്തു.