സ്‌നേഹതീരം ഓണാഘോഷം സെപ്റ്റംബര്‍ 6ന് ഫിലഡല്‍ഫിയായില്‍

സ്‌നേഹതീരം ഓണാഘോഷം സെപ്റ്റംബര്‍ 6ന് ഫിലഡല്‍ഫിയായില്‍


ഫിലഡല്‍ഫിയാ: ഫിലഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളുടെ പരസ്പര സഹകരണത്തിനും സൗഹൃദത്തിനും ഒത്തുകൂടലിനും അത്യാവശ്യ ഘട്ടങ്ങളിലെ വിലമതിക്കാനാവാത്ത സഹായങ്ങള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ട് ഒരുപറ്റം മലയാളികളാല്‍ രൂപംകൊണ്ട ഫിലഡല്‍ഫിയായിലെ ശക്തമായ മലയാളി സൗഹൃദ കൂട്ടായ്മയായ 'സ്‌നേഹതീരം' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന 'ഗുഡ് സമരിറ്റന്‍ കമ്മ്യൂണിറ്റി'യുടെ ആദ്യ ഓണാഘോഷം സെപ്റ്റംബര്‍ 6ന് ശനിയാഴ്ച രാവിലെ 10 മണിമുതല്‍ 3 മണിവരെ ബൈബറി റോഡിലുള്ള സെന്റ് മേരിസ് ക്‌നാനായ ചര്‍ച്ച് ഹാളില്‍വച്ച് വളരെ വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു. 

2024ലെ ഓണത്തിന് ഒന്നിച്ചുകൂടിയ ഒരുപറ്റം മലയാളി സൗഹൃദങ്ങളുടെയുള്ളില്‍ അന്ന് ഉദിച്ചുയര്‍ന്ന ആശയമാണ് 'സ്‌നേഹതീരം' എന്ന കൂട്ടായ്മ. 2025 നവംബര്‍ 01 കേരളപിറവി ദിനം ഔപചാരികമായി രൂപംകൊണ്ട ഈ സ്‌നേഹതീരത്തിന്റെ ആദ്യത്തെ ഓണം എന്ന പ്രാധാന്യത്തോടുകൂടി ആഘോഷിക്കുന്ന ഈ ഓണം വനിതാ വിംഗിന്റെ നേതൃത്വത്തില്‍ നടത്തുന്നു എന്നതാണ് പ്രത്യേകത. വനിതാ പ്രാതിനിധ്യമുള്ള സ്റ്റേജും പ്രോഗ്രാമുകളുമാണ് ഈ ഓണപ്രോഗ്രാമില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത്.

രാവിലെ 10 മണിക്ക് രജിട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് സ്‌നേഹതീരം വനിതകള്‍ ഒരുക്കുന്ന അതിമനോഹരമായ അത്തപ്പൂക്കളം കൊണ്ട് അലംകൃതമായ ഹാളിലേക്ക് ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും വാദ്യ മേളങ്ങളുടെയും കേരളത്തനിമയില്‍ അണിഞ്ഞൊരുങ്ങിയ താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും കേരള വേഷത്തില്‍ ഒരുങ്ങി എത്തുന്ന പുരുഷന്മാരുടെയും അകമ്പടിയോടുകൂടി മാവേലി മന്നനെ ഓണാഘോഷ വേദിയിലേക്ക് സ്വീകരിച്ചു ആനയിക്കും. തുടന്ന്, പൊതുസമ്മേളനം.

വിശിഷ്ടാതിഥിയുടെ ഓണസന്ദേശം, തിരുവാതിര കളി, ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണപ്പാട്ടുകള്‍, നൃത്തങ്ങള്‍, കലാരൂപങ്ങള്‍ എന്നിവ ഓണാഘോഷത്തിന്റെ മാറ്റ് വര്‍ധിപ്പിക്കും.

എല്ലാ ഓണ വിഭവങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് മല്ലുകഫെ തയ്യാറാക്കുന്ന വിഭവ സമൃദ്ധമായ ഓണം സദ്യ, ആഘോഷത്തിന്റെ ഹൈലൈറ്റ് ആയിരിക്കും. വടം വലി, ഉറിയടി, മ്യൂസിക് ചെയര്‍, സുന്ദരിക്ക് പൊട്ടുതൊടല്‍ എന്നീ മത്സരങ്ങളും വിജയികള്‍ക്കുള്ള സമ്മാനങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

സെപ്റ്റംബര്‍ 6ന് നടത്തുന്ന ഓണാഘോഷ പരിപാടികള്‍ കൂടുതല്‍ കളര്‍ഫുള്‍ ആക്കുന്നതിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടികളിലെ പ്രധാന ഐറ്റമായ തിരുവാതിരകളിയുടെ പരിശീലനം, സ്‌നേഹതീരം കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ കുമാരി കെസിയ സക്കറിയയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

കോശി ഡാനിയേല്‍, സാജന്‍ തോമസ്, സക്കറിയ തോമസ്, അനില്‍ ബാബു, ജിജു മാത്യു, ഷിബു മാത്യു, ബെന്നി മാത്യു, ജോര്‍ജ് തടത്തില്‍, തോമസ് സാമുവേല്‍, സാബു, കുഞ്ഞുകുഞ്ഞു, ദിനേഷ് ബേബി, വര്‍ഗീസ് ജോണ്‍, എബ്രഹാം കുര്യാക്കോസ് എന്നിവരടങ്ങുന്ന വിപുലമായ കമ്മറ്റി പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

കെസിയ സക്കറിയ, രാജു ശങ്കരത്തില്‍, ബിജു എബ്രഹാം, തോമസ് സാമുവല്‍, സുജ കോശി, ആനി സക്കറിയ, ജെസ്സി മാത്യു, സജിനി ബാബു, ജോയമ്മ ചാക്കോ, സുനിത എബ്രഹാം, ദിവ്യ സാജന്‍, സുനു വര്‍ഗീസ്, മെര്‍ലിന്‍ അലക്‌സ്, ലൈസാമ്മ ബെന്നി, ജിനു ജിജു, ലീലാമ്മ വര്‍ഗീസ് എന്നിവരാണ് കള്‍ച്ചറല്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കുന്നവര്‍.