ഹൂസ്റ്റണിലെ ആദ്യ മലയാളി റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ ജോര്‍ജ് ഏബ്രഹാം (രാജു-79) അന്തരിച്ചു

ഹൂസ്റ്റണിലെ ആദ്യ മലയാളി റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ ജോര്‍ജ് ഏബ്രഹാം (രാജു-79) അന്തരിച്ചു


ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ആദ്യകാല മലയാളി റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍മാരില്‍ പ്രമുഖനായ ജോര്‍ജ് ഏബ്രഹാം (രാജു-79) അന്തരിച്ചു. എണ്‍പതുകളില്‍ ആരംഭിച്ച ഏബ്രഹാം റിയല്‍റ്റിയിലൂടെ ഹൂസ്റ്റണിലെ മലയാളി സമൂഹത്തിനിടയില്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പുതിയൊരു അധ്യായത്തിന് തുടക്കമിട്ട വ്യക്തിയായിരുന്നു അദ്ദേഹം.

റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്ക് നിരവധി മലയാളികളെ കൊണ്ടുവരുന്നതിലും അവര്‍ക്ക് ഈ രംഗത്ത് പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കുന്നതിലും ജോര്‍ജ് ഏബ്രഹാം നിര്‍ണായക പങ്കുവഹിച്ചു. ഇന്ന് ഹൂസ്റ്റണില്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് സജീവമായ നിരവധി ബ്രോക്കര്‍മാര്‍ക്ക് ഈ മേഖലയിലേക്കുള്ള ആദ്യപാഠങ്ങള്‍ നല്‍കിയത് അദ്ദേഹമായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിക്കുന്നു. ഹൂസ്റ്റണിലെ ആദ്യകാല അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഏബ്രഹാം റിയല്‍ എസ്‌റ്റേറ്റ് ആയിരുന്നു.

ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ സംഘടനാ പ്രവര്‍ത്തനങ്ങളിലും ജോര്‍ജ് ഏബ്രഹാം സജീവ സാന്നിധ്യമായിരുന്നു. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) സ്വന്തമായി ഓഫീസ് ആരംഭിക്കുന്നതിന് മുന്നിട്ടിറങ്ങിയവരില്‍ പ്രധാനിയായിരുന്നു അദ്ദേഹം. സ്റ്റാഫോര്‍ഡില്‍ അദ്ദേഹം കണ്ടെത്തിയ ഒരു വീടാണ് മാഗിന്റെ ആദ്യ ആസ്ഥാനമായി ഉപയോഗിച്ചത്.

സ്റ്റാഫോര്‍ഡില്‍ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളിക്ക് സ്ഥലം കണ്ടെത്തുന്നതിലും ജോര്‍ജ് ഏബ്രഹാം നിര്‍ണായക പങ്കുവഹിച്ചു. ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം സാംസ്‌കാരിക, സാമൂഹിക, മത സംഘടനകളുടെ വളര്‍ച്ചയിലും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു.

രാഷ്ട്രീയ രംഗത്തും അദ്ദേഹം സജീവമായിരുന്നു. ഹൂസ്റ്റണില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി.) പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിലും അതിന്റെ ഭാഗമായി ഒട്ടേറെ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെ അമേരിക്കയിലെത്തിക്കുന്നതിലും അദ്ദേഹം നേതൃത്വം നല്‍കി. മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഹൂസ്റ്റണിലെത്തിയ പരിപാടികളുമായി ബന്ധപ്പെട്ടും ജോര്‍ജ് ഏബ്രഹാമിന്റെ പേര് ശ്രദ്ധേയമായിരുന്നു.

തിരുവല്ലയിലെ മാര്‍ത്തോമ്മാ സഭയിലെ പ്രമുഖ വൈദികനായിരുന്ന റവ. ഫാ. ഏബ്രഹാമിന്റെ മൂത്ത മകനാണ് ജോര്‍ജ് ഏബ്രഹാം. തിരുവല്ലയിലെ സീനായ് ഹോം കുടുംബാംഗമാണ്.

ഭാര്യ: ശോശാമ്മ ജോര്‍ജ്, കോട്ടയം വടവാതൂര്‍ ചുമ്മാര്‍ കുടുംബാംഗം. മക്കള്‍: സിറില്‍ ജോര്‍ജ്, സിനില്‍ ജോര്‍ജ്, പരേതനായ സിസില്‍ ജോര്‍ജ്. സഹോദരങ്ങള്‍: ഫിലിപ്പ് ഏബ്രഹാം (ഹൂസ്റ്റണ്‍), ഉമ്മന്‍ ഏബ്രഹാം (ഇന്ത്യ).

ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജോര്‍ജ് ഏബ്രഹാമിന്റെ നിര്യാണം റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്കും മലയാളി സംഘടനാ സമൂഹത്തിനും ഒരുപോലെ വലിയ നഷ്ടമാണ്.