ലോകകേരളസഭ പ്രവാസിക്ഷേമത്തിന് മുന്‍ഗണന നല്‍കിയില്ലെങ്കില്‍ ബഹിഷ്‌കരിക്കുമെന്ന് ഒഐസിസി-ഇന്‍കാസ് ചെയര്‍മാന്‍

ലോകകേരളസഭ പ്രവാസിക്ഷേമത്തിന് മുന്‍ഗണന നല്‍കിയില്ലെങ്കില്‍ ബഹിഷ്‌കരിക്കുമെന്ന് ഒഐസിസി-ഇന്‍കാസ് ചെയര്‍മാന്‍


ലോകകേരള സഭയെന്ന ധൂര്‍ത്തിനേക്കാള്‍ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ഇത്തവണത്തെ ലോകകേരള സഭ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനകള്‍ക്ക് ബഹിഷ്‌കരിക്കേണ്ടിവരുമെന്ന് ഒഐസിസി-ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ള.

പ്രവാസികളുടെ പേരുപറഞ്ഞ് കോടികള്‍ ധൂര്‍ത്തടിക്കാനുള്ള തട്ടിപ്പ് പരിപാടിയായി ലോക കേരള സഭ മാറി. കഴിഞ്ഞ മൂന്ന് ലോക കേരളസഭയില്‍ 280 ല്‍പ്പരം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതില്‍ പ്രവാസിക്ക് ഗുണമുള്ളതേതെങ്കിലും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കുറെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി പ്രവാസികളെ പറ്റിക്കുകയാണ് സര്‍ക്കാര്‍. കഴിഞ്ഞ മൂന്ന് ലോകകേരള സഭകളിലെ നിര്‍ദ്ദേശങ്ങളില്‍ നടപ്പാക്കിയവ സംബന്ധിച്ച ഒരു പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനുള്ള തന്റേടമെങ്കിലും പിണറായി സര്‍ക്കാര്‍ കാട്ടണം.

ഓരോ ലോകകേരള സഭയുടെ പേരിലും താമസത്തിനും ഭക്ഷണത്തിനുമായി ലക്ഷങ്ങളാണ് വാരിക്കോരി ചെലവാക്കുന്നത്. ഇത്തവണയും പതിവ് തെറ്റാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും രണ്ട് കോടിയാണ് അനുവദിച്ചത്. ഇത്രയും തുകെ ചെലവാക്കിയത് കൊണ്ട് സംഘാടകരുടെ പള്ളവീര്‍ക്കുന്നതൊഴിച്ചാല്‍ പ്രവാസിക്ക് ഒരു ഗുണവുമില്ല. വിദേശരാജ്യങ്ങളില്‍ ഉല്ലാസയാത്ര നടത്തുന്ന മുഖ്യമന്ത്രി കുടുംബംപോറ്റാന്‍ അരവയര്‍ മുറുക്കി വിദേശമണ്ണില്‍ രാപ്പകല്‍ പണിയെടുക്കുന്ന പ്രവാസിയുടെ നീറുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കൂടുതല്‍ ശ്രമിക്കണം. വിദേശ രാജ്യങ്ങളില്‍ വച്ച് നടത്തുന്ന മേഘലാ സമ്മേളനങ്ങള്‍ പ്രവാസികളായ മുതലാളിമാരെ കണ്ടുപിടിക്കന്നതിനും അവരില്‍ നിന്നും ആനുകല്യങ്ങള്‍ നേ ന്നതിനും മാത്രമേ ഉപകരിച്ചിട്ടുളളു. പ്രവാസി പുരധിവാസം, പ്രവാസി സഹായ പദ്ധതികള്‍, പ്രവാസി പെന്‍ഷന്‍ എന്നിവയില്‍ സര്‍ക്കാര്‍ തുടരുന്ന നിസംഗത അവസാനിപ്പിക്കാന്‍ തയ്യാറാകണം.

വിമാനകമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ നടത്തുന്ന കൊള്ളപോലും തടായന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായില്ല. ബഡ്ജറ്റ് എയര്‍ന്ന എന്ന വാഗ്ദാനം ഇപ്പോഴും കടലാസില്‍ ഉറങ്ങുകയാണ്.  പ്രവാസി ക്ഷേമം ഉറപ്പുവരുത്താന്‍ ലോകകേരള സഭയ്ക്ക് കഴിയാത്ത സാഹചര്യത്തില്‍ ഒ.ഐ.സി.സി ഇന്‍കാസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഗ്ലോബല്‍തലത്തിലുള്ള പ്രവാസി സംഗമം സംഘടിപ്പിക്കാനുള്ള അനുമതി കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ നേതൃത്വത്തില്‍ കെപിസിസിയില്‍ ചേര്‍ന്ന ഒ.ഐ.സി.സി- ഇന്‍കാസിന്റെ വിവിധ രാജ്യങ്ങളിലെ ചുമതല വഹിക്കുന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗം തീരുമാനിച്ചിട്ടുണ്ടെന്നും കുമ്പളത്ത് ശങ്കരപിള്ള പറഞ്ഞു.

സംസ്ഥാനത്തിന്റെ മോശം ധനസ്ഥിതിയിലാണ് ഈ ആഢംബര ധൂര്‍ത്ത്. ക്ഷേമ പെന്‍ഷന്‍ അഞ്ച് മാസത്തോളം മുടക്കമാണ്.സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുള്ള ശമ്പളവും ആനുകൂല്യവും ഏതു നിമിഷവും മുടങ്ങാവുന്ന അവസ്ഥയിലാണ്.പിണറായി ഭരണത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളത്തെ രണ്ടാമതെത്തിച്ചു.  കാരുണ്യ പദ്ധതിക്ക് പണം നല്‍കാത്തതിനാല്‍ സ്വകാര്യ ആശുപത്രികള്‍പോലും പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.വിലക്കയറ്റം നിയന്ത്രിക്കാന്‍ പോലും സര്‍ക്കാരിന് കഴിയാത്ത അവസ്ഥ.വരള്‍ച്ചയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് പോലും നഷ്ടപരിഹാരം നല്‍ക്കാത്ത സര്‍ക്കാരാണ് ഇതുപോലൊരു ധൂര്‍ത്തിന് കോടികള്‍ പൊടിക്കുന്നതെന്ന് ലജ്ജാകരമാണെന്നും കുമ്പളത്ത് ശങ്കരപിള്ള പറഞ്ഞു.