'നിഴല്‍ 2026' ഓഗസ്റ്റ് 8ന്

'നിഴല്‍ 2026' ഓഗസ്റ്റ് 8ന്


ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഹാര്‍വസ്റ്റ് ഫെസ്റ്റിവല്‍ 'നിഴല്‍-2026', ഓഗസ്റ്റ്  8 ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ ഷിക്കാഗൊ മാര്‍ത്തോമ്മാ ദേവാലയങ്കണത്തില്‍ വെച്ച് നടത്തപ്പെടുന്നതാണ്. ഷിക്കാഗോ മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ ഹോം ഫോര്‍ ഹോംലെസ് പ്രൊജക്ടിന്റെ ധനശേഖരാണര്‍ഥം, സംഘടിപ്പിക്കുന്ന ഈ ഫെസ്റ്റിവലില്‍ കൂടി ലഭിക്കുന്ന തുക കേരളത്തിലും, ഇന്ത്യയുടെ വിവിധ ഭാഗങളിലുമായി ഭവനരഹിതരുടെ ഭവന നിര്‍മ്മാണത്തിനായി വിനയോഗിക്കും. ഇതുവരെ 350ലധികം കുടുംബങ്ങളെ ഈ പദ്ധതിയിലൂടെ സഹായിക്കാന്‍ ഷിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന് സാധിച്ചു. ഈ വര്‍ഷത്തെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ 'നിഴല്‍ 2026' ന്റെ ഉദ്ഘാടനം ഷിക്കാഗൊ ഇടവക വികാരി റവ ഡി എസ് അരുണ്‍ നിര്‍വ്വഹിക്കും. രുചികരമായ നാടന്‍ ഭക്ഷണവിഭവങള്‍, മനസിന് കുളിര്‍മയേകുന്ന വിവിധ കലാ പരിപാടികള്‍, കുടുംബമായി ആസ്വദിക്കാവുന്ന ഗെയിമുകള്‍, റാഫിള്‍, കാര്‍ഷിക- കരകൗശല ഉത്പന്നങ്ങളുടെ ലേലം എന്നീ പരിപാടികള്‍ ഉള്‍പ്പെടുത്തിയതാണ് സന്ധ്യ. നിഴല്‍ 2026 ന്റെ ഫ്ളയര്‍ പ്രകാശനം  മാര്‍ത്തോമ്മാ സഭ മുന്‍ വൈദിക സെലക്ഷന്‍ കമ്മറ്റി അംഗവും ഫാമിലി കൗണ്‍സിലറുമായ റവ. അബ്രഹാം സക്കറിയ, സഭയിലെ സീനിയര്‍ വൈദീകനും ക്രൈസ്തവ ഗാന രചയിതാവുമായ റവ. വി ടി ജോണിനു നല്‍കി നിര്‍വഹിച്ചു. യുവജനസഖ്യം പ്രസിഡന്റ് റവ. ആശിഷ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ റവ. ബിജു യോഹന്നാന്‍, റവ. ജയിംസ് തോമസ്, യുവജനസഖ്യം ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്രിസ്തുവിന്‍ നിഴലായി, അപരന്റെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുക എന്ന ഉദ്ധേശത്തോടെ ക്രമീകരിക്കുന്ന നിഴല്‍ 2026 ലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി യുവജനസഖ്യം ഭാരവാഹികള്‍ അറിയിച്ചു.