ഡാളസ്: മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഇടവകയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക ജൂബിലി ലോഗോ പ്രകാശനം ചെയ്തു. 1976-ല്‍ സ്ഥാപിതമായ ഈ ഇടവക, മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന് കീഴിലുള്ള ഏറ്റവും വലിയ ഇടവകകളില്‍ ഒന്നായി വളര്‍ന്നിരിക്കുകയാണ്. നിലവില്‍ ഏകദേശം 500 കുടുംബങ്ങള്‍ ഈ ഇടവകയുടെ ഭാഗമാണ്.
അമ്പത് വര്‍ഷത്തെ ആത്മീയ പൈതൃകവും വിശ്വാസയാത്രയും പ്രതീകാത്മകമായി അവതരിപ്പിക്കുന്ന രീതിയിലാണ് സുവര്‍ണ്ണ ജൂബിലി ലോഗോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ക്രിസ്തീയ വിശ്വാസ മൂല്യങ്ങള്‍, സഭയുടെ ദൗത്യം, ജീവിതം, സമൂഹത്തോടുള്ള ഉത്തരവാദിത്വം എന്നിവ ലോഗോയിലെ വിവിധ ഘടകങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്നു.
ക്രിസ്തുവിനൊപ്പം യാത്ര ചെയ്യുന്ന വിശ്വാസ സമൂഹം എന്ന ഇടവകയുടെ ദര്‍ശനവും ആത്മീയ യാത്രയുമാണ് തീം മുന്നോട്ടുവയ്ക്കുന്നത്. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ ആത്മീയ, സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ ഇടവക ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രത്യേക ആരാധനകള്‍, ആത്മീയ സമ്മേളനങ്ങള്‍, കുടുംബ സംഗമങ്ങള്‍, ഇടവക സംഘടനകളുടെ പരിപാടികള്‍, സാമൂഹിക സേവന പദ്ധതികള്‍ എന്നിവ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും.
സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയുടെ അമ്പത് വര്‍ഷത്തെ ചരിത്രവും ആത്മീയ വളര്‍ച്ചയും സാമൂഹിക സേവന രംഗത്തെ സംഭാവനകളും സമഗ്രമായി രേഖപ്പെടുത്തുന്ന സ്മരണിക കൂടി പുറത്തിറക്കുമെന്ന് ജൂബിലി കമ്മിറ്റി അറിയിച്ചു. ഇടവകയുടെ രൂപീകരണം മുതല്‍ ഇന്നുവരെ നടന്ന പ്രധാന സംഭവങ്ങള്‍, അപൂര്‍വ ചിത്രങ്ങള്‍, സന്ദേശങ്ങള്‍, ലേഖനങ്ങള്‍ എന്നിവ ഈ സ്മരണികയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. ജൂബിലി വര്‍ഷത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും ഈ പ്രസിദ്ധീകരണം.
ഇടവകയില്‍ റവ. എബ്രഹാം വി സാംസണ്‍ വികാരിയായും റവ. ജെസ്വിന്‍ ജോണ്‍ സഹ വികാരിയായും ശുശ്രൂഷ അനുഷ്ഠിച്ചു വരുന്നു. എബി തോമസിന്റെയും ക്രിസ്റ്റോ മേക്കാട്ടുകുളത്തിന്റെയും നേതൃത്വത്തിലുള്ള സമര്‍പ്പിത ജൂബിലി കമ്മിറ്റി വിവിധ ജൂബിലി സംരംഭങ്ങളും പരിപാടികളും ഏകോപിപ്പിച്ച് വിജയകരമായി നടപ്പിലാക്കുന്നതിനായി സജീവമായി പ്രവര്‍ത്തിച്ചുവരുന്നതായി അറിയിച്ചു.
നോര്‍ത്ത് അമേരിക്കയിലെ മാര്‍ത്തോമ്മാ സഭയുടെ ചരിത്രത്തില്‍ തന്നെ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ഇടവകയായ ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ചര്‍ച്ച് ആത്മീയതയോടൊപ്പം സാമൂഹിക സേവന രംഗത്തും ശക്തമായ സാന്നിധ്യം പുലര്‍ത്തുന്ന ഇടവകയായി അറിയപ്പെടുന്നു. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഇടവകാംഗങ്ങള്‍ക്കിടയിലെ ഐക്യവും സഹവര്‍ത്തിത്വവും കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ ഇടവക നേതൃത്വം ശ്രമിക്കുമെന്നും ഇടവക സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ പബ്ലിസിറ്റി കമ്മിറ്റിക്കു വേണ്ടി ജോബി ജോണ്‍ അറിയിച്ചു.
