ഹൂസ്റ്റൺ: മലയാള സിനിമയുടെ അഭിനയഭാഷയെ പുതുക്കിയ മഹാനടൻ മോഹൻലാലും സംഘവും അമേരിക്കയിലെ ഹൂസ്റ്റണിൽ എത്തി. 19 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ഈ സന്ദർശനം പ്രവാസി മലയാളികൾക്ക് വലിയ ആവേശമായി മാറിയിരിക്കുകയാണ്.
2026 ഏപ്രിൽ 17 വെള്ളിയാഴ്ച വൈകിട്ട് 6.30ന് സ്മാർട്ട് ഫിനാൻഷ്യൽ സെന്ററിലെ വേദിയിലാണ് 'കിലുക്കം 25' എന്ന മെഗാഷോ അരങ്ങേറുന്നത്. ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ, വിൻസർ ഹോം ലെൻഡിംഗിന്റെ സഹകരണത്തോടെയും വിൻസർ എന്റർടെയിൻമെന്റിന്റെ സംവിധാനത്തിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നാല് പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന കലാജീവിതത്തിൽ മലയാള സിനിമയുടെ വളർച്ചയും രൂപാന്തരവും രേഖപ്പെടുത്തിയ നടനാണ് മോഹൻലാൽ. സ്വാഭാവികമായ അഭിനയശൈലിയിലൂടെ കഥാപാത്രങ്ങളെ ജീവിപ്പിച്ച അദ്ദേഹം, തലമുറകളെ സ്വാധീനിച്ച അഭിനയഭാഷയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
'രാജാവിന്റെ മകൻ', 'കിരീടം', 'വാനപ്രസ്ഥം', 'യവനിക' തുടങ്ങിയ ചിത്രങ്ങളിലൂടെ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹൻലാൽ ഇന്ത്യൻ സിനിമയിലെ പ്രമുഖ അഭിനേതാക്കളിൽ ഒരാളായി ഉയർന്നു. 'ഭരതം', 'വാനപ്രസ്ഥം' എന്നീ ചിത്രങ്ങളിലൂടെ ദേശീയ പുരസ്‌കാരങ്ങളും, പത്മശ്രീ, പത്മഭൂഷൺ അടക്കമുള്ള ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
'കിലുക്കം 25' സ്റ്റേജ് ഷോയിൽ മനോജ് കെ ജയൻ, സ്റ്റീഫൻ ദേവസ്സി, ജ്യോത്സ്‌ന രാധാകൃഷ്ണൻ, ഭാമ, നോബി കുട്ടി അഖിൽ., അപർണ മൾബറി, രമ്യ, ബ്രൂസ് ലീ രാജേഷ്, ബാലമുരളി, ശ്യാം പ്രസാദ് എന്നിവർ ഉൾപ്പെടുന്ന താരനിര അണിനിരക്കും.
സംഗീതം, നൃത്തം, കോമഡി, അഭിനയവൈഭവം എന്നിവ ഒരുമിച്ചുചേരുന്ന ഒരു ഗ്രാൻഡ് ലൈവ് ഷോയാകുമെന്ന് സംഘാടകർ അറിയിച്ചു. ഏകദേശം 6,000ത്തിലധികം പ്രേക്ഷകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള മലയാളികൾ ഹൂസ്റ്റണിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ഇത്രയും വലിയ താരനിരയോടെ കഴിഞ്ഞ 19 വർഷത്തിനിടെ മറ്റൊരു മലയാള സ്റ്റേജ് ഷോ അമേരിക്കയിൽ നടന്നിട്ടില്ലെന്നതാണ് സംഘാടകരുടെ വിലയിരുത്തൽ.
പ്രവാസി മലയാളികളുടെ സാംസ്‌കാരിക ഐക്യവും അഭിമാനവും ആഘോഷിക്കുന്ന വേദിയായി 'കിലുക്കം 25' മാറുമെന്ന് പ്രതീക്ഷിക്കുന്നു. മോഹൻലാലിന്റെയും പ്രേക്ഷകരുടെയും ദീർഘകാല ബന്ധത്തിന്റെ പുതുക്കലായും, അമേരിക്കൻ മലയാളികളുടെ സാംസ്‌കാരിക ചരിത്രത്തിൽ ശ്രദ്ധേയമായൊരു സംഭവമായും ഈ പരിപാടി മാറുമെന്നാണ് വിലയിരുത്തൽ.
ഇനിയും നിങ്ങളുടെ സീറ്റ് ഉറപ്പാക്കുവാൻ :
ഫാ. ഡോ. ഐസക് ബി. പ്രകാശ് (വികാരി) – (832) 997-9788
ഫാ. ജോൺസൺ പുഞ്ചക്കോണം (അസിസ്റ്റന്റ് വികാരി) – (346) 332-8889
ഫാ. ടെജി എബ്രഹാം (അസിസ്റ്റന്റ് വികാരി) – (469) 644-2800
തോമസ് പണിക്കർ (ട്രഷറർ) – (832) 539-3843
മനോജ് മാത്യു (സെക്രട്ടറി) – (281) 226-0499
ഡോ. സക്കറിയ തോമസ് (ഷൈജു) – (832) 643-9942 (ജനറൽ കൺവീനർ)
19 വർഷങ്ങൾക്ക് ശേഷം അമേരിക്കയിൽ വീണ്ടും മോഹൻലാൽ; ഹൂസ്റ്റണിൽ 'കിലുക്കം 25' മെഗാഷോയ്ക്ക് തിരക്കേറി
