ന്യൂ ജേഴ്സി: ട്രൈസ്റ്റേറ്റ് മലയാളി സമൂഹത്തിന് കലയുടെ ആവേശം പകര്‍ന്നുകൊണ്ട് കാന്‍ജ് ഗോട്ട് ടാലന്റ് 2026 വിജയകരമായി സമാപിച്ചു. കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവത്തിന്റെ നിറവും നാടകീയതയും ഓര്‍മ്മിപ്പിച്ച ഈ കലാമേളയില്‍ രണ്ടു ദിവസങ്ങളിലായി അഞ്ഞറോളം കുരുന്നുകള്‍ അവരുടെ പ്രതിഭ വേദിയിലെത്തിച്ചു.
സിഡര്‍ പ്രെപ് സ്‌കൂളില്‍ കഥാരചന, ചിത്രരചന, പബ്ലിക് സ്പീക്കിംഗ്, മോഹിനിയാട്ടം, നാടോടി നൃത്തം, വാദ്യോപകരണങ്ങള്‍ എന്നിവ അരങ്ങേറിയപ്പോള്‍ രണ്ടാം ദിനത്തില്‍ ഭരതനാട്യം, ഗ്രൂപ്പ് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, വെസ്റ്റേണ്‍ മ്യൂസിക്, ഇന്ത്യന്‍ മ്യൂസിക് എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറി.
വിവിധ കാറ്റഗറികളിലെ ഓവറോള്‍ ജേതാക്കള്‍: കാറ്റഗറി 1- ആന്‍വി ജയറാം, കാറ്റഗറി 2- വേദ വിഷ്ണു, ഗോവര്‍ധന്‍ അരുണ്‍ ഗോപന്‍ നായര്‍, അര്‍പിത നായര്‍, കാറ്റഗറി 3- നെവേഹ് ജോയ്, കാറ്റഗറി 4-ജനിയ പീറ്റര്‍.
ജനസാന്നിധ്യത്തിലും മത്സരമികവിലും ശ്രദ്ധേയമായ ഈ മേള, അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ ഏറ്റവും പ്രാധാന്യമാര്‍ജിക്കുന്ന കലാവേദികളിലൊന്നായി വളര്‍ന്ന് വരികയാണ്. ഓരോ പ്രകടനവും കാണികളില്‍ ആവേശവും അഭിമാനവും ഉണര്‍ത്തി.
തുടര്‍ച്ചയായി നാലാം വര്‍ഷവും അരങ്ങേറിയ ഈ കലയുടെ മാമാങ്കത്തിന് വിജയ് നമ്പ്യാര്‍ (പ്രസിഡന്റ്), ജോര്‍ജി സാമുവല്‍ (ജനറല്‍ സെക്രട്ടറി), ഖുര്‍ഷിദ് ബഷീര്‍ (ട്രഷറര്‍), ടോം നെറ്റിക്കാടന്‍ (വൈസ് പ്രസിഡന്റ്), കൃഷ്ണ പ്രസാദ് (ജോയിന്റ് സെക്രട്ടറി), ദയ ശ്യാം (ജോയിന്റ് ട്രഷറര്‍), അസ്ലം ഹമീദ് (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), അനൂപ് മാത്യൂസ് രാജു (സ്‌പോര്‍ട്‌സ് അഫെയര്‍സ്), നിധിന്‍ ജോയ് ആലപ്പാട്ട് (ഐടി ഓഫീസര്‍), രേഖ നായര്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), ജയകൃഷ്ണന്‍ എം മേനോന്‍ (ചാരിറ്റി അഫയേഴ്‌സ്), രേഖ പ്രദീപ് (കള്‍ച്ചറല്‍ അഫയേഴ്‌സ്), ശ്രീകുമാര്‍ കെ എസ് (യൂത്ത് അഫയേഴ്‌സ്) എന്നിവര്‍ നേതൃത്വം നല്‍കി.
ഓരോ മേഖലയിലേയും വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭര്‍ വിധികര്‍ത്താക്കളായപ്പോള്‍ 150-ല്‍പരം വോളന്റീര്‍മാര്‍ പരിപാടിയുടെ വിജയത്തിനായി ചുക്കാന്‍ പിടിച്ചു.
