ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഒരുക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 30ന് രാവിലെ 10 മണിക്ക് സ്റ്റാഫോര്‍ഡിലുള്ള സെയന്റ് ജോസഫ് ഹാളില്‍ അരങ്ങേറും.
പൂക്കളവും പൂവിളിയും പൂത്താലവുമേന്തി മാവേലി മന്നനെ വരവേല്‍ക്കുവാന്‍ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു!
രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടിയില്‍ 200ലധികം കലാകാരന്മാരും കലാകാരികളും അണിനിരക്കും. 10.30ന് നടക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്രയില്‍ തനത് കലാരൂപങ്ങളും താലപ്പൊലിയും ചെണ്ടമേളത്തിന്റെ അകമ്പടിയും ചേര്‍ന്ന് ഭാരവാഹികളോടൊപ്പം മാവേലിയെ ആനയിക്കും.
തുടര്‍ന്ന് പൊതുസമ്മേളനം നടക്കും. കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ ഹൂസ്റ്റണ്‍ ഡി സി മഞ്ചുനാഥ് മുഖ്യാതിഥി ആയിരിക്കും.
ഫോര്‍ട്ട്ബന്‍ഡ് കൗണ്ടി ജഡ്ജ് കെ പി ജോര്‍ജ്, ജഡ്ജ് ജൂലി മാത്യു, ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, ഷുഗര്‍ ലാന്‍ഡ് സിറ്റി മേയര്‍ കാരള്‍ കെ മാക്കഡ്‌ചെയൂണ്‍, ക്യാപ്റ്റന്‍ മനോജ് പൂപ്പാറയില്‍, ഐ സി ഇ സി എച്ച് പ്രസിഡന്റ് ഫാ. ഐസക് ബി പ്രകാശ് എന്നിവരും അതിഥികള്‍ ആയിരിക്കും.
തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഹൂസ്റ്റണിലെ പ്രതിഭകളായ കലാകാരന്മാര്‍ ദൃശ്യവിരുന്നൊരുക്കും. തിരുവാതിരയും നാടോടി നൃത്തവും ഒപ്പനയും മാര്‍ഗംകളിയും കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയും വേദിയിലെത്തും. വിവിധ ഗ്രൂപ്പുകളുടെ ത്രസിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങളും നാടകവും പാട്ടുകളും വേദിയില്‍ അരങ്ങേറും. നാലു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ദൃശ്യവിരുന്നാണ് ഒരുക്കിയിരിക്കുന്നത്. പ്രോഗ്രാം കോഡിനേറ്റര്‍ രേഷ്മ വിനോദ് അറിയിച്ചു.
ഓണപ്പെരുമഴ. പരിപാടികളുടെ ഇടയ്ക്ക് നടക്കുന്ന നറുക്കെടുപ്പുകളില്‍ വിജയികളാകുന്നവര്‍ക്ക് ജോയി ആലുക്കാസ് നല്‍കുന്ന 500 ഡോളര്‍ വീതമുള്ള സ്വര്‍ണ്ണ, ഡയമണ്ട് ഗിഫ്റ്റ് വൗച്ചര്‍, സാരികള്‍ എന്നിവ സമ്മാനമായി ലഭിക്കും.
മാഗിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വീട് വെച്ച് നല്‍കുന്നു. അടിസ്ഥാനപണികള്‍ പൂര്‍ത്തിയായി വരുന്ന വീട് ഡിസംബര്‍ ഓടുകൂടി പൂര്‍ണ്ണമാകും. ഏഴര ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്.