സെന്റ്. തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ തിരുവത്താഴ ദിവ്യബലിയും കാല്‍കഴുകള്‍ ശുശ്രൂഷയും നടത്തി

സെന്റ്. തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ തിരുവത്താഴ ദിവ്യബലിയും കാല്‍കഴുകള്‍ ശുശ്രൂഷയും നടത്തി


ഗാര്‍ലന്റ്: ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ഗാര്‍ലന്റ് സെന്റ്. തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ വിശ്വാസികള്‍ പെസഹ വ്യാഴം ആചരിച്ചു. വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് തിരുവത്താഴ ദിവ്യബലിയും കാല്‍കഴുകല്‍ ശുശ്രൂഷാച്ചടങ്ങും നടത്തി. വികാരി ഫാ. സിബി സെബാസ്റ്റ്യന്‍ കൊച്ചീറ്റതോട്ട്, ഫാ. ക്രിസ്റ്റീന്‍ പുതിയ കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുരിശുമരണം വരിക്കുന്നതിനുമുന്‍പ് യേശു തന്റെ 12 ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ചതും വിശുദ്ധ കുര്‍ബാന എന്ന കൂദാശ സ്ഥാപിച്ചതും അനുസ്മരിച്ചാണ് ലോക ക്രൈസ്തവ സമൂഹം അനുഷ്ഠാനങ്ങളോടെ പെസഹ ആചരിക്കുന്നത്.

'കടന്നുപോകല്‍' എന്നാണ് പെസഹ എന്ന വാക്കിനര്‍ഥം. ഈജിപ്തിലെ ഫറവോയുടെ അടിമത്തത്തില്‍നിന്ന് ഇസ്രയേല്‍ ജനം മോശയുടെ പ്രവാചകത്വത്തില്‍ വിമോചിതരായതിനെയാണ് ഇതു സൂചിപ്പിക്കുന്നത്. യേശു ശിഷ്യന്മാരോടൊപ്പം പെസഹ ആചരിച്ച വേളയില്‍ 'എല്ലാവരിലും വലിയവന്‍ എല്ലാവരുടെയും സേവകനായിരിക്കണം' എന്ന മാതൃക പകര്‍ന്നാണ് എളിമയുടെയും ലാളിത്യത്തിന്റെയും മാതൃകയായി യേശു ശിഷ്യരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ ഓര്‍മ്മ പുതുക്കി ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടക്കുന്നത്. അതിനെ അനുസ്മരിക്കും വിധം സെന്റ്. തോമസ് ദേവാലയത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദങ്ങള്‍ കഴുകുന്ന ശുശ്രൂഷയാണ് നടന്നത്.

ഓശാന ഞായറാഴ്ച ആരംഭിച്ച വിശുദ്ധവാരത്തിലെ അഞ്ചാം ദിവസമാണ് പെസഹ. അന്‍പതുനോമ്പിലെ അവസാന ആഴ്ചയാണിത്. കാല്‍വരിക്കുന്നില്‍ യേശു കുരിശുമരണം വരിച്ചതിന്റെ അനുസ്മരണത്തില്‍ ഏപ്രില്‍ 3-ന് ദുഃഖവെള്ളി ആചരിക്കും. ദുഃഖവെള്ളിയാഴ്ച യേശുവിന്റെ പീഡാസഹനം, കുരിശുമരണം, കബറടക്കം എന്നിവ അനുസ്മരിക്കുന്ന ശുശ്രൂഷകളാണ്. മൂന്നാംദിവസം യേശുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഞായറാഴ്ച ഉയിര്‍പ്പുതിരുനാള്‍ (ഈസ്റ്റര്‍) ആഘോഷിക്കുന്നതോടെ വലിയ നോമ്പാചരണം സമാപിക്കും.