ഫ്‌ളോറിഡ: നോർത്ത് അമേരിക്കൻ മലയാളി വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് പിന്തുണ നൽകുന്നതിനായി 'വിദ്യാജ്യോതി' എന്ന പേരിൽ പുതിയ സ്‌കോളർഷിപ്പ് പദ്ധതി ആരംഭിക്കുമെന്ന് ഫോമാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 'ടീം പ്രോമിസ്' പ്രഖ്യാപിച്ചു. 2026-2028 കാലയളവിൽ ദീർഘവീക്ഷണത്തോടെയും സുതാര്യ സംവിധാനത്തോടെയും പദ്ധതി നടപ്പാക്കുമെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥിയും ഫോമാ സ്ഥാപക നേതാവുമായ മാത്യു വർഗീസ് (ജോസ് ഫ്‌ളോറിഡ) അറിയിച്ചു.
ഫോമയുടെ അംഗസംഘടനകളുമായി ചേർന്നുള്ള 'മാച്ചിംഗ് ഫണ്ട്' മാതൃകയിലാണ് പദ്ധതി പ്രവർത്തിക്കുക. അംഗസംഘടനകൾ സമാഹരിക്കുന്ന തുകയ്ക്ക് അനുപാതമായി ഫോമാ ദേശീയ തലത്തിൽ നിന്നും തുല്യ തുക നൽകുമെന്ന് മാത്യു വർഗീസ് വ്യക്തമാക്കി. ആർ.വി.പി മാർ, നാഷണൽ കമ്മിറ്റി അംഗങ്ങൾ, സമൂഹത്തിലെ വിവിധ വ്യക്തിത്വങ്ങൾ എന്നിവരുടെ സഹകരണത്തോടെ പദ്ധതി ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അക്കാദമിക് മികവായിരിക്കും സ്‌കോളർഷിപ്പിനുള്ള പ്രധാന യോഗ്യതാ മാനദണ്ഡങ്ങളിലൊന്ന്. മറ്റ് മാനദണ്ഡങ്ങൾ ഇതിനായി രൂപീകരിക്കുന്ന പ്രത്യേക കമ്മിറ്റിയാണ് നിശ്ചയിക്കുക. വിദ്യാജ്യോതി ഫണ്ടിലേക്കുള്ള ഓരോ ഡോളറിന്റെയും വിനിയോഗം കൃത്യമായി രേഖപ്പെടുത്തുമെന്നും ടീം പ്രോമിസ് അറിയിച്ചു.
ടീം പ്രോമിസ് ഭരണസമിതിയിലേയ്ക്ക് എത്തിയാൽ ആദ്യം രൂപീകരിക്കുന്ന കമ്മിറ്റികളിലൊന്ന് വിദ്യാജ്യോതി സ്‌കോളർഷിപ്പ് പദ്ധതിക്കായിരിക്കുമെന്നും, പദ്ധതി സ്ഥിരതയാർന്ന രീതിയിൽ മന്നോട്ടുകൊണ്ടുപോകുമെന്നും നേതാക്കൾ വ്യക്തമാക്കി. ഭാവിയിൽ ഇത് ഫോമയുടെ സ്ഥിരം പദ്ധതിയായി മാറ്റാനുള്ള ആലോചനയും സംഘത്തിനുണ്ടെന്ന് അറിയിച്ചു.
ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഉയർന്ന പഠനത്തിലേക്ക് കടക്കുന്ന വിദ്യാർഥികൾക്കായി സ്‌കോളർഷിപ്പുകൾക്ക് പുറമെ മെന്ററിംഗ്, സ്‌കിൽ ഗൈഡൻസ്, കരിയർ ഗൈഡൻസ്, നേതൃത്വ വികസന വർക്ക്‌ഷോപ്പുകൾ എന്നിവയും ഉൾപ്പെടുത്തി ദീർഘകാല വിദ്യാഭ്യാസ സംരംഭമായി പദ്ധതി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസത്തിലൂടെ മലയാളി യുവതലമുറയെ ശാക്തീകരിക്കുകയാണ് വിദ്യാജ്യോതിയുടെ പ്രധാന ദൗത്യമെന്ന് ടീം പ്രോമിസ് നേതാക്കൾ പറഞ്ഞു. ഫോമാ 2026-28 ഭരണസമിതിയിലേക്ക് മത്സരിക്കുന്ന അനു സ്‌കറിയ (ജനറൽ സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറർ), ജോൺസൺ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജൻ (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോൺ (ജോയിന്റ് ട്രഷറർ) എന്നിവരും പദ്ധതിക്ക് പിന്തുണ അറിയിച്ചു.
നോർത്ത് അമേരിക്കൻ മലയാളി വിദ്യാർഥികൾക്കായി 'വിദ്യാജ്യോതി' സ്‌കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് ഫോമ-ടീം പ്രോമിസ്
