ഫൊക്കാന സ്വിം കേരള സ്വിം പാലാ എഡിഷന്‍ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 7 മണിക്ക്

ഫൊക്കാന സ്വിം കേരള സ്വിം പാലാ എഡിഷന്‍  ഉദ്ഘാടനം ശനിയാഴ്ച രാവിലെ 7 മണിക്ക്


പാലാ: കേരളത്തിലെ ജലസംബന്ധമായ മുങ്ങിമരണങ്ങള്‍ നിയന്ത്രിക്കുവാന്‍ അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനയുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ കുട്ടികള്‍ക്കും യുവതി യുവാക്കള്‍ക്കുമായി നല്‍കിവരുന്ന സൗജന്യ നീന്തല്‍ പരിശീലനമായ സ്വിം കേരളാ സ്വിം ന്റെ
ഭാഗമായി പാലാ സെന്റ് തോമസ് കോളേജിന്റെ നീന്തല്‍കുളത്തില്‍ നടത്തുന്ന പരിശീലന ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ജനുവരി പത്താം തിയ്യതി രാവിലെ 7 മണിക്ക് നീന്തല്‍ കുളത്തില്‍ നടക്കും.
ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പാലാ നഗരസഭ അധ്യക്ഷ ദിയ പുളിക്കക്കണ്ടം ഫ്‌ളാഗ് ഓഫ് ചെയ്യും, പ്രശസ്ത സിനിമാ സംവിധായകന്‍ ഭദ്രന്‍ മുഖ്യ അഥിതി ആയിരിക്കും. ഫൊക്കാന നേതാക്കളായ പോള്‍ കറുകപ്പള്ളില്‍, ജോണ്‍ പി ജോണ്‍, ടോമി കൊക്കാട്ട്, ലോകോത്തര സാഹസിക നീന്തല്‍ താരവും മുഖ്യ പരിശീലകനുമായ എസ് പി മുരളിധരന്‍, മൈല്‍സ്റ്റോണ്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് വി എസ് ദിലീപ് കുമാര്‍ മാമ്പുഴക്കരി, ഫാ. മാത്യു ആലപ്പാട്ടു മേടയില്‍ ബര്‍സര്‍ സെന്റ്‌തോമസ് കോളേജ് പാലാ, പ്രിന്‍സി സണ്ണി കൗണ്‍സിലര്‍ പാലാ നഗരസഭ, ഡോ. ആര്‍ പൊന്നപ്പന്‍ സെക്രട്ടറി മൈല്‍സ്റ്റോണ്‍ സൊസൈറ്റി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
മുങ്ങി മരണം സംഭവിക്കുന്നത് വിധി മൂലമല്ലെന്നും അറിവില്ലായ്മ കൊണ്ടാണെന്നും പുഴകളും തോടുകളും കായലും കൊണ്ട് സമൃദ്ധമായ കേരളത്തില്‍ അപകടത്തില്‍ പെടുന്നവര്‍ക്ക് ജീവന്‍ രക്ഷിക്കാന്‍ മാത്രമല്ല നല്ല ആരോഗ്യ പരിപാലനത്തിനും നീന്തല്‍ പഠിക്കുന്നത് നല്ലതാണെന്നും പ്രസിഡന്റ് സജിമോന്‍ ആന്റണി അഭിപ്രായപ്പെട്ടു. മുങ്ങി മരണം തടയുന്നതിന് നീന്തല്‍ പഠിപ്പിക്കുന്നതിനോടൊപ്പം ആളുകളില്‍ അവബോധം സൃഷ്ടിക്കുന്നതിനും കൂടിയാണ് ഈ പ്രോഗ്രാം എന്ന് സജിമോന്‍ ആന്റണി അഭിപ്രായപ്പെട്ടു.