ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹൂസ്റ്റണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തില്‍ 2026 ആദ്യഫല ശേഖരണവും മാര്‍ത്തോമ ശ്ലീഹയുടെ ദുക്‌റോനോ പെരുന്നാളും ജൂണ്‍ 28 മുതല്‍ ജൂലൈ 5 വരെ നടക്കും.
ജൂണ്‍ 28-ന് ആരംഭിക്കുന്ന ആഘോഷങ്ങള്‍ ജൂലൈ 5-ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയോടും അനുബന്ധ ശുശ്രൂഷകളോടും കൂടി സമാപിക്കും. ഇടവകയുടെ മദ്ധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഈ അവസരത്തില്‍ ഭക്തിപൂര്‍വ്വം ആചരിക്കും.
ജൂണ്‍ 28-ഞായറാഴ്ച രാവിലെ 7.30-ന് പ്രഭാത നമസ്‌കാരവും വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് കൊടിയേറ്റും, വിളവെടുപ്പ് ലേലം എന്നിവ നടക്കും. രാവിലെ 11.30-ന് നടക്കുന്ന ആദ്യഫല ശേഖരണപെരുന്നാള്‍ ആശീര്‍വാദ പ്രാര്‍ത്ഥനയും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.
'നിന്റെ സമ്പത്തുകൊണ്ടും നിന്റെ സകലവിളവിന്റെയും ആദ്യഫലങ്ങളാലും യഹോവയെ മാനിക്ക' (സദൃശവാക്യങ്ങള്‍ 3:9) എന്ന തിരുവചനത്തെ ആസ്പദമാക്കി സര്‍വ്വശക്തനായ ദൈവത്തിന് നന്ദി അര്‍പ്പിക്കുന്ന ആത്മീയ ആഘോഷമായാണ് ആദ്യഫല ശേഖരണപെരുന്നാള്‍ ക്രമീകരിച്ചിരിക്കുന്നത്.
ജൂലൈ 3 മാര്‍ത്തോമ ശ്ലീഹയുടെ ദുക്‌റോനോ
വെള്ളിയാഴ്ച വൈകിട്ട് 6.00-ന് സന്ധ്യ നമസ്‌കാരത്തോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
ജൂലൈ 4 കുടുംബസംഗമവും ബസാറും ശനിയാഴ്ച രാവിലെ 9.00 മുതല്‍ വാര്‍ഷിക ബസാര്‍, എം.എം.വി.എസ്, സണ്‍ഡേ സ്‌കൂള്‍, എം.ജി.ഒ.സി.എസ്.എം. ഒ.സി.വൈ.എം, ഫോക്കസ്, പ്രയര്‍ ഗ്രൂപ്പ്, തുടങ്ങി വിവിധ ആത്മീയ സംഘടനകള്‍ ഒരുക്കുന്ന വിവിധ പരിപാടികള്‍, പ്രഭാതഭക്ഷണം, കുട്ടികളുടെ വിനോദപരിപാടികള്‍, ഫുഡ് സ്റ്റാളുകള്‍, വ്യാപാര സ്റ്റാളുകള്‍ എന്നിവ ഈ വര്‍ഷത്തെ കുടുംബസംഗമത്തിന്റെ പ്രത്യേകത ആയിരിക്കും.
വൈകിട്ട് 6.00-ന് സന്ധ്യ നമസ്‌കാരം, ഹൂസ്റ്റണ്‍ വൈദീക സംഘത്തിന്റെ ഗാനശുശ്രൂഷ, പ്രഭാഷണം, റാസ, ലഘുഭക്ഷണം എന്നിവയോടെ ആഘോഷങ്ങള്‍ സമാപിക്കും.
ജൂലൈ 5 മാര്‍ത്തോമ ശ്ലീഹയുടെ ദുക്‌റോനോ പെരുന്നാള്‍ ദിനം
ഞായറാഴ്ച രാവിലെ 8.00-ന് പ്രഭാത നമസ്‌കാരത്തോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാനക്ക് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വഹിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും സന്ദേശം നല്‍കുകയും ചെയ്യും.
തുടര്‍ന്ന് 11.00-ന് ഈ വര്‍ഷം ഗ്രാജ്വാറ്റ് ചെയ്ത വിദ്യാര്‍ത്ഥികളെയും 90 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന ഇടവകാംഗങ്ങളെയും ആദരിക്കുന്ന ചടങ്ങ് നടക്കും. തുടര്‍ന്ന് ആശീര്‍വാദ പ്രാര്‍ത്ഥനയും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആത്മീയതയും നസ്രാണി പാരമ്പര്യവും സമൂഹസൗഹൃദവും ഒരുമിപ്പിക്കുന്ന ഈ മഹോത്സവത്തിലേക്ക് എല്ലാ വിശ്വാസികളെയും കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഹൂസ്റ്റണ്‍ മലയാളി സമൂഹത്തെയും സംഘാടകര്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
പെരുന്നാള്‍ ആഘോഷങ്ങള്‍ വികാരി റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, സഹവികാരിമാരായ റവ. ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, റവ. ഫാ. ടെജി എബ്രഹാം, ട്രസ്റ്റി തോമസ് പണിക്കര്‍, സെക്രട്ടറി മനോജ് മാത്യു, മാനേജിങ് കമ്മിറ്റി, വിവിധ ആത്മീയ സംഘടനകള്‍, പെരുന്നാള്‍ കണ്‍വീനര്‍മാരായ ജിജോ കാവനാല്‍, മത്തായി കുര്യന്‍, വിനു കുര്യന്‍, പേള്‍ വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു.
