ഹ്യൂസ്റ്റണില്‍ ഫാമിലി ബോണ്ടിങ് വാര്‍ഷിക ഉദ്ഘാടനം

ഹ്യൂസ്റ്റണില്‍ ഫാമിലി ബോണ്ടിങ് വാര്‍ഷിക  ഉദ്ഘാടനം


ഹ്യൂസ്റ്റണ്‍: 2026 ഫാമിലി ബോണ്ടിങ്  വര്‍ഷമായി ആചരിക്കുന്ന സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍ കുടുംബ വീകരണ വര്‍ഷം ഉദ്ഘാടനം ചെയ്തു.  ഇടവകയിലെ കുടുംബങ്ങളുടെ ആത്മീയ ഉന്നമനം, കുടുംബ കൂട്ടായ്മ, കുടുംബ ദാമ്പത്യ ബന്ധങ്ങള്‍, എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്.

ഇടവകയുടെ ക്രിസ്തുമസ് ആഘോഷങ്ങള്‍  അതിഗംഭീരമായി ആചരിച്ചു. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി ഇംഗ്ലീഷിലും പൊതുവായി  മലയാളത്തിലും വിജില്‍ മാസ്സുകള്‍ നടത്തപ്പെട്ടു.  വിശുദ്ധമായ തീ കായല്‍ ചടങ്ങുകള്‍ക്ക് ആബാലവൃദ്ധം ഇടവകജനങ്ങളും പങ്കെടുത്തു. തുടര്‍ന്ന് കേക്ക് മുറിച്ച് പങ്കുവെച്ചുകൊണ്ട്   എല്ലാവരും സന്തോഷത്തോടെ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു. ഇമ്പമേറിയ ഗാനങ്ങളാലപിച്ച ഗായക സംഘവും അള്‍ത്താര ശുശ്രുഷികളും ചടങ്ങുകളില്‍ സജീവ സാന്നിധ്യമായിരുന്നു.

ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. ജോഷി വലിയവീട്ടില്‍ എന്നിവര്‍ ചടങ്ങുകള്‍ നയിക്കുകയും വചന സന്ദേശം നല്‍കുകയും ചെയ്തു.

ക്രിസ്തുമസ് രാവില്‍ നടന്ന ചടങ്ങില്‍ ഈ ഇടവകയില്‍ നിന്നും 2025ല്‍ വിവാഹിതരായ യുവജന ദമ്പതികളെ പ്രത്യേകം ആദരിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. ബോണ്ടിങ് ഫാമിലീസ് കമ്മിറ്റി അംഗങ്ങള്‍, കൈക്കാരന്‍മാര്‍, ഇടവക എസ്സിക്യൂട്ടീവ് എന്നിവരുടെ ആഭിമുഖ്യത്തില്‍ ഇടവക വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസി. വികാരി ഫാ. ജോഷി വലിയവീട്ടില്‍ എന്നിവര്‍ ചേര്‍ന്ന് ബോണ്ടിങ് ഫാമിലി വര്‍ഷം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.

അടുത്ത ഒരു വര്‍ഷത്തേക്ക് വിവിധങ്ങളായ പ്രോഗ്രാമുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ധ്യാനങ്ങള്‍, സെമിനാറുകള്‍, ഷിപ് ക്രൂയിസ്, വിശുദ്ധ നാട് സന്ദര്‍ശനം, ടൂറുകള്‍, ഫാമിലി കോണ്‍ഫറെന്‍സുകള്‍ തുടങ്ങിയ വളരെ വ്യത്യസ്തമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. 2026ലെ ഇടവകയുടെ പ്രധാന തിരുനാള്‍ ഇടവകയിലെ എല്ലാ ദമ്പതികളും ചേര്‍ന്ന്  പ്രസുദേന്തിമാരായാണ് നടത്തുന്നത്.

2025 ഡിസംബര്‍ 31ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം വരെ 12 മണിക്കൂര്‍ ആരാധനയും വൈകിട്ട് വര്‍ഷാവസാന പ്രാര്‍ഥനകളും തുടര്‍ന്നു പുതുവര്‍ഷാരംഭപ്രാര്‍ഥനകളും ഉണ്ടായിരിക്കുന്നതാണ്.

എല്ലാ ക്രമീകരണങ്ങള്‍ക്കും കൈക്കാരന്മാരായ  ജായിച്ചന്‍ തയ്യില്‍പുത്തന്‍പുരയില്‍,            ഷാജുമോന്‍ മുകളേല്‍, ബാബു പറയംകാലയില്‍, ജോപ്പന്‍ പൂവപ്പാടത്ത്, ജെയിംസ് ഇടുക്കുതറയില്‍,           ജോസ് പുളിക്കത്തൊട്ടിയില്‍, ബിബി തെക്കനാട്ട്, സിസ്റ്റര്‍. റെജി എസ് ജെ സി, പാരിഷ് എസ്സിക്യൂട്ടീവ് അംഗങ്ങള്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.