ന്യൂയോര്‍ക്ക്: 2026ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കുന്നതിനായി 2022 ജൂലായ് ഒന്നിനും 2026 ജൂണ്‍ 30നുമിടയ്ക്ക് ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികള്‍ ക്ഷണിച്ചു.
നോര്‍ത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നോവല്‍, ചെറുകഥ, കവിത, ഹാസ്യം, യാത്രാവിവരണം, ലേഖനം, ഓര്‍മ്മക്കുറിപ്പുകള്‍ എന്നീ വിഭാഗങ്ങളില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പുറത്തിറങ്ങിയ കൃതികള്‍ വിലയിരുത്തി അവാര്‍ഡുകള്‍ നല്‍കും. നോര്‍ത്ത് അമേരിക്കന്‍ എഴുത്തുകാരുടെ സമഗ്ര സാഹിത്യ സംഭാവനകള്‍ പരിഗണിച്ചും പ്രത്യേക പുരസ്‌കാരങ്ങളും നല്‍കപ്പെടും.
2026 ആഗസ്റ്റ് 6, 7, 8, 9 തിയ്യതികളില്‍ പെന്‍സില്‍വാനിയയിലെ കലഹാരി റിസോര്‍ട്ടില്‍ അരങ്ങേറുന്ന ഫൊക്കാന കണ്‍വെന്‍ഷനില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അര്‍ഹമായ പ്രാധാന്യം നല്‍കി വിപുലമായ സാഹിത്യസമ്മേളനമാണ് ഫൊക്കാന കണ്‍വെന്‍ഷനില്‍ സംഘടിപ്പിക്കുന്നത്.
കേരളത്തില്‍ നിന്നുള്ള പ്രമുഖ സാഹിത്യകാരന്മാരും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന എഴുത്തുകാരും സമ്മേളനത്തില്‍ പങ്കെടുക്കും. അടൂര്‍ ഗോപാലകൃഷ്ണന്‍, കെ വി മോഹന്‍കുമാര്‍, ജോസ് പനച്ചിപുറം, പി പി ജെയിംസ്, ബെന്നി നായരമ്പലം, ഡോ. പ്രമീളാദേവി, ടി ഡി രാമകൃഷ്ണന്‍ തുടങ്ങിയ നിരവധി ചലച്ചിത്ര സാഹിത്യ പ്രതിഭകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
കോരസണ്‍ വര്‍ഗീസ് (ചെയര്‍മാന്‍), കെ കെ ജോണ്‍സന്‍ (കോ-ചെയര്‍മാന്‍), മുരളി ജെ നായര്‍ (കോ-ചെയര്‍മാന്‍) എന്നിവരുടെ നേതൃത്വത്തില്‍ ഫൊക്കാന ചുമതലപ്പെടുത്തുന്ന പ്രഗത്ഭരായ എഴുത്തുകാരുടെ സമിതി ആയിരിക്കും അവാര്‍ഡിനര്‍ഹരായവരെ തീരുമാനിക്കുക.
പുസ്തകത്തിന്റെ രണ്ട് കോപ്പികള്‍ 2026 ജൂലായ് അഞ്ചിനു മുന്‍പ് താഴെ പറയുന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ് എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു.
ചെയര്‍മാന്‍, ഫൊക്കാന സാഹിത്യ പുരസ്‌കാര സമിതി, 3 ലെയ്ന്‍ പ്ലേസ്, പ്ലയ്ന്‍ വ്യൂ, ന്യൂയോര്‍ക്ക് 11803.
