ഡോ. സ്വപ്‌ന ജേക്കബ് ബിനോയിക്ക് പരമോന്നത നഴ്‌സിംഗ് പുരസ്‌കാരം

ഡോ. സ്വപ്‌ന ജേക്കബ് ബിനോയിക്ക് പരമോന്നത നഴ്‌സിംഗ് പുരസ്‌കാരം


ഹൂസ്റ്റണ്‍: ലോകത്തെ ഏറ്റവും മികച്ച കാന്‍സര്‍ ചികിത്സാ- ഗവേഷണ കേന്ദ്രമായി വിലയിരുത്തപ്പെടുന്ന ഹൂസ്റ്റണ്‍ യുണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് എം ഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്ററിലെ പ്രശസ്ത മലയാളി നഴ്‌സിംഗ് വിദഗ്ധ ഡോ. സ്വപ്‌ന ജേക്കബ് ബിനോയി പരമോന്നത നഴ്‌സിങ് പുരസ്‌കാരത്തിന് അര്‍ഹയായി. ലോകോത്തര സ്ഥാപനത്തിലെ ഏറ്റവും ഉയര്‍ന്ന നഴ്‌സിംഗ് പുരസ്‌കാരമായ 2026ലെ ബ്രൗണ്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ഇന്‍ ഒങ്കോളജി നഴ്‌സിംഗിലാണ് ഡോ. സ്വപ്‌ന പുരസ്‌കാരം സ്വന്തമാക്കിയത്. 

എം ഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്ററിലെ ലിംഫോമ ക്ലിനിക്കല്‍ റിസര്‍ച്ച് വിഭാഗത്തില്‍ നഴ്‌സ് പ്രാക്ടീഷണര്‍ സൂപ്പര്‍വൈസറായ ഡോ. സ്വപ്‌നയ്ക്ക് നഴ്‌സിംഗ് രംഗത്ത് 25 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ട്. എം ഡി ആന്‍ഡേഴ്‌സണ്‍ പ്രസിഡന്റ് ഡോ. ജെഫ്രി ലീ, ചീഫ് നഴ്‌സിംഗ് എക്‌സിക്യൂട്ടീവ് ഡോ. കിം സ്ലസ്സര്‍, നഴ്‌സിംഗ് എക്‌സിക്യൂട്ടീവ് ഡോ. ജോയ്‌സ് ഡെയ്ന്‍സ് എന്നിവരുള്‍പ്പെടെയുള്ള ഉന്നത നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ക്യാഷ് അവാര്‍ഡിനൊപ്പംപ്രത്യേക പുരസ്‌കാരവും  ഡോ. സ്വപ്‌ന ഏറ്റുവാങ്ങി.

1982-ല്‍ ദി ബ്രൗണ്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ച  അവാര്‍ഡ് അസാധാരണമായ കാരുണ്യം, മികച്ച ക്ലിനിക്കല്‍ വൈദഗ്ധ്യം, രോഗികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള നേതൃപാടവം എന്നിവ പ്രകടിപ്പിക്കുന്ന ഒങ്കോളജി നഴ്‌സുമാര്‍ക്ക് നല്‍കുന്ന സ്ഥാപനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത ബഹുമതിയാണ്. ക്ലിനിക്കല്‍ ഫലങ്ങള്‍, സമഗ്ര സംഭാവനകള്‍ എന്നിവ വിലയിരുത്തി വിദഗ്ധ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.

കാല്‍നൂറ്റാണ്ടുകാലത്തെ തന്റെ ഔദ്യോഗിക ജീവിതത്തിനും ഒങ്കോളജി റിസര്‍ച്ച് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കും ലഭിച്ച വലിയ അംഗീകാരം രോഗീപരിചരണത്തോടുള്ള ഉത്തരവാദിത്തം ഇരട്ടിയാക്കുന്നതായി ഡോ. സ്വപ്‌ന പ്രതികരിച്ചു. 

കോട്ടയം വാകത്താനം ചിറയില്‍ സി സി ജേക്കബ്- മേരിക്കുട്ടി ജേക്കബ് ദമ്പതികളുടെ മകളാണ്.