ചിന്നമ്മ ഞാറവേലില്‍ ഫിലിപ്പിന് ഐഎന്‍എഐ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

ചിന്നമ്മ ഞാറവേലില്‍ ഫിലിപ്പിന് ഐഎന്‍എഐ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്


നഴ്‌സസ് വീക്ക് ആഘോഷത്തില്‍ ചിന്നമ്മ ഞാറവേലില്‍ ഫിലിപ്പിന് ഐഎന്‍എഐ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിച്ചു. നഴ്‌സിംഗ് മേഖലയിലെ അരനൂറ്റാണ്ട് കാലത്തെ സേവനവും നേതൃത്വവും പ്രചോദനവും പരിഗണിച്ചാണ് പുരസ്‌ക്കാരം. 1975ല്‍ അമേരിക്കയിലേക്ക് കുടിയേറിയ റജിസ്റ്റേര്‍ഡ് നഴ്സാണ് ചിന്നമ്മ. 35 വര്‍ഷത്തിലധികം പ്രായോഗിക ക്ലിനിക്കല്‍ പരിചയമുള്ള അവര്‍ ഓപ്പണ്‍ ഹാര്‍ട്ട് യൂണിറ്റ്, ന്യൂറോ ഐസിയു, കൊറോണറി കെയര്‍ യൂണിറ്റ് (സിസിയു), സ്റ്റെപ്പ്-ഡൗണ്‍ യൂണിറ്റ്, ഓങ്കോളജി ക്ലിനിക് എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ (ഐഎന്‍എഐ) നേതൃനിരയിലുള്ള ചിന്നമ്മ സംഘടനയില്‍ അഞ്ച് തവണ ചെയര്‍പേഴ്‌സണായി സേവനമനുഷ്ഠിച്ചു. രണ്ട് തവണ ജോയിന്റ് ട്രഷററായും പ്രവര്‍ത്തിച്ചിരുന്നു.  ഇല്ലിനോയിയില്‍ നടന്ന ആദ്യ നൈന കോണ്‍ഫറന്‍സില്‍ രജിസ്‌ട്രേഷന്‍ ചെയര്‍ എന്ന നിലയില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. സെമിനാറുകള്‍, പിക്‌നിക്കുകള്‍, അവധിക്കാല ആഘോഷങ്ങളില്‍ രസകരമായ റാഫിളുകളുടെ ചുമതല എന്നിവയുള്‍പ്പെടെ ഐഎന്‍എഐയുടെ നിരവധി പരിപാടികളില്‍ സജീവമായ ചിന്നമ്മ  കെസിഎസ് വനിതാ ഫോറം കോര്‍ഡിനേറ്ററായിരുന്നു. ഇന്‍ഷുറന്‍സ് ഇല്ലാത്ത സ്ത്രീകള്‍ക്കായി ആരോഗ്യ സെമിനാറുകള്‍, സൗജന്യ ഫ്‌ളൂ ഷോട്ടുകള്‍, സൗജന്യ മൊബൈല്‍ മാമോഗ്രാമുകള്‍ എന്നിവ അവര്‍ സംഘടിപ്പിച്ചിരുന്നു.