ബിഷപ്പ് മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേലിന്റെ ദേഹവിയോഗത്തില്‍ ഷിക്കാഗോ രൂപതാ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് അനുശോചിച്ചു

ബിഷപ്പ് മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേലിന്റെ ദേഹവിയോഗത്തില്‍ ഷിക്കാഗോ രൂപതാ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് അനുശോചിച്ചു


ഷിക്കാഗോ: രാജ്കോട്ട് രൂപതയുടെ മുന്‍ ബിഷപ്പും സീറോ മലബാര്‍ സഭയുടെ കുടിയേറ്റ കമ്മീഷന്‍ ചെയര്‍മാനും ആയിരുന്ന ബിഷപ്പ് മാര്‍ കരോട്ടെമ്പ്രേലിന്റെ ദേഹവിയോഗത്തില്‍ ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് അഗാധമായ ദുഃഖവും അനുശോചനവും അറിയിച്ചു.

1996-ല്‍, സ്വര്‍ഗ്ഗീയനായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ, അമേരിക്കയിലെ കുടിയേറ്റക്കാരായ സീറോ മലബാര്‍ വിശ്വാസികളുടെ, മതപരമായ ആവശ്യങ്ങള്‍ പഠിക്കാനായി നിയോഗിക്കപ്പെട്ട മാര്‍ കരോട്ടെമ്പ്രേല്‍ അമേരിക്കയിലെ വിവിധ പ്രദേശങ്ങളിലെ വിശ്വാസികളുമായി സംവദിക്കുകയും കുടിയേറ്റ സീറോ മലബാര്‍ വിശ്വാസികളുടെ നിലനില്പിനും മതപരമായ വളര്‍ച്ചയ്ക്കും സ്വന്തമായി ഒരു രൂപത വേണമെന്ന ആവശ്യം ഉള്‍പ്പെട്ട റിപ്പോര്‍ട്ട് മാര്‍പ്പാപ്പയ്ക്ക് 1998-ല്‍ സമര്‍പ്പിക്കുകയും ചെയ്തു. അതുപ്രകാരം, ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ സീറോ മലബാര്‍ രൂപതയായി, സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് എപ്പാര്‍ക്കി ഓഫ് ഷിക്കോഗോ 2001, മാര്‍ച്ച് 13-ാം തിയ്യതി നിലവില്‍ വരുകയും മാര്‍ ജേക്കബ് അങ്ങാടിയത്തിനെ രൂപതയുടെ പ്രഥമ മെത്രാനായി നിയമിക്കുകയും ചെയ്തു. 

ഷിക്കാഗോ രൂപത സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന അവസരത്തില്‍ രൂപത ഏറ്റവും കടപ്പെട്ടിരിക്കുന്ന മാര്‍ കരോട്ടെമ്പ്രേലിന്റെ ദേഹവിയോഗം വ്യക്തിപരമായും വേദനാജനകമാണെന്ന് മാര്‍ ജോയി ആലപ്പാട്ട് തന്റെ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ഷിക്കാഗോ രൂപതയിലെ എല്ലാ ഇടവകകളിലും കാലം ചെയ്ത മാര്‍ കരോട്ടെമ്പ്രേലിന്റെ ആത്മശാന്തിക്കായി പ്രത്യേക പ്രാര്‍ഥനകള്‍ ഉണ്ടായിരിക്കുമെന്നും മാര്‍ ജോയി ആലപ്പാട്ട് അറിയിച്ചു. 

മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേലിന്റെ ദേഹവിയോഗത്തില്‍ ഷിക്കാഗോ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ്ബ് അങ്ങാടിയത്ത് അനുശോചിച്ചു. ഷിക്കാഗോ രൂപതയുടെ രൂപീകരണത്തിനും തുടര്‍ന്നുള്ള ബാലാരിഷ്ടതകളിലും പിതാവിന്റെ ഉപദേശങ്ങള്‍ തനിക്ക് ഏറെ പ്രയോജനകരമായിരുന്നുവെന്ന് മാര്‍ ജേക്കബ് അങ്ങാടിയത്ത് അനുസ്മരിച്ചു.