ഐക്യവും ആനന്ദവും കമ്യൂണിറ്റി ഓജസും ഉയര്‍ത്തി അയാന നഴ്‌സസ് ഡേ ആഘോഷിച്ചു

ഐക്യവും ആനന്ദവും കമ്യൂണിറ്റി ഓജസും ഉയര്‍ത്തി അയാന നഴ്‌സസ് ഡേ ആഘോഷിച്ചു


ന്യൂയോര്‍ക്ക്: തലസ്ഥാനനഗരി ആള്‍ബനി ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു വരുന്ന ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ആള്‍ബനി (അയാന) വൂര്‍ഹിസ്വില്‍ സെയ്ന്റ് മാത്യൂസ് പള്ളിയില്‍ വെച്ചു ഊര്‍ജസ്വലവും ഹൃദയംഗമവുമായി ആഘോഷിച്ച ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേ നഴ്സുമാരുടെ നേതൃത്വത്തിലുള്ള സാമൂഹിക കൂട്ടായ്മയുടെ ഐക്യവേദിയായി മാറി. നഴ്‌സിംഗ് സമൂഹത്തിന്റെ ശക്തിയും അതിലെ അംഗങ്ങളെ ബന്ധിപ്പിക്കുന്ന ആഴത്തിലുള്ള സമ്പര്‍ക്കവും ഈ പരിപാടി എടുത്തുകാണിച്ചു. ജൂണ്‍ പതിമൂന്നിന് നടന്ന നഴ്‌സസ് ഡേ ആഘോഷ  ചടങ്ങ് അതിഥികള്‍ എത്തിയ നിമിഷം മുതല്‍ അന്തരീക്ഷം ഊഷ്മളതയുടെയും പരസ്പര പങ്കാളിത്തത്തിന്റെയും പ്രതീതി പരത്തി.  

സ്വാഗതം ആശംസിച്ച സെക്രട്ടറി ലിജി ജിസണ്‍   നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്കയുടെ മുന്‍ പ്രസിഡന്റും സി ജി എഫ് എന്‍ എസ് ഇന്റര്‍നാഷണല്‍ എന്ന് അറിയപ്പെട്ടിരുന്ന ട്രൂമെറിറ്റ് അലയന്‍സ് അഡൈ്വസറി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് അംഗവും ട്രുമെറിറ്റിന്റെ ബോര്‍ഡ് ഓഫ് ട്രസ്സ്റ്റിസ് അംഗവുമായ സുജ തോമസിന്റെ സാന്നിധ്യത്തെ വളരെ അഭിമാനത്തോടെയാണ് സംസാരിച്ചത്.   അസോസിയേഷന്റെ ക്ഷണം സ്വീകരിച്ച് സെയ്ന്റ് മാത്യൂസ് ചര്‍ച്ചില്‍ നിന്നെത്തിയ ഫാ. റിക്ക് ലെസ്സറിനും വി എ മെഡിക്കല്‍ സെന്ററില്‍ നിന്ന് ഫാ. കോഫി ട്‌സിഫുള്‍ അമിസ്സയ്ക്കും ബ്യൂളാ സ്വാഗതം നല്‍കി. സംഘടനയുടെ ഭാരവാഹികളുടെയും മറ്റു സഹായികളുടെയും നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ നഴ്‌സസ് ഡേ ആഘോഷമെന്ന് അവര്‍ ചാരിതാര്‍ഥ്യത്തോടെ സ്മരിച്ചു.

നഴ്സുമാരുടെയും അവരുടെ സേവനത്തെ കുറിച്ചറിയുന്നവരുടെയും ആഴത്തിലുള്ള വൈകാരികതയെ സ്പര്‍ശിക്കുന്നതായിരുന്നു ഫാ. റിക്കും ഫാ. കോഫിയും ചേര്‍ന്ന് ചെയ്ത 'ബ്ലസിങ് ഓഫ് നഴ്‌സസ് ഹാന്‍ഡ്സ്' എന്ന പവിത്രമായ ചടങ്ങ്. നഴ്‌സിംഗ് എന്ന ജോലിയെ നിര്‍വചിക്കുന്ന കരുണാര്‍ദ്രതയേയും ത്യാഗത്തെയും സേവനത്തെയും ഊന്നിപ്പറഞ്ഞു വൈദികര്‍ ചടങ്ങില്‍ പ്രാര്‍ഥിച്ചപ്പോള്‍ നഴ്‌സിംഗ് എന്നത് ജോലിയെന്നതിലുപരി ഒരു വിളിയാണെന്ന ഓര്‍മ്മപ്പെടുത്തല്‍ ആയിരുന്നു ധ്വനിച്ചത്. സദസ്സിന് ശക്തമായ പ്രതിധ്വനിയും പ്രചോദനവും നല്‍കുന്നതായിരുന്നു ഈ ചടങ്ങ്.  

പ്രവര്‍ത്തങ്ങളെ അഭിമാനപൂര്‍വ്വം വിശദീകരിച്ച അയാന പ്രസിഡന്റ് ബ്യൂളാ ഷിബു, നഴ്‌സുമാര്‍ തങ്ങളുടെ ജോലിയിലെ നിസ്വാര്‍ഥ സേവനങ്ങള്‍ക്കു പുറമേ അയാനയെന്ന സംഘടനയിലൂടെ പ്രാദേശിക സമൂഹത്തിനു നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാട്ടി. നാഷണല്‍ അസോസിയേഷന്റെ ചാപ്റ്റര്‍ എന്ന നിലയ്ക്ക് ദേശീയമായ പ്രവര്‍ത്തന ലക്ഷ്യപ്രാപ്തിക്കായി സംഭാവന ചെയ്യുന്നുണ്ട് അയാന. കൂടുതല്‍ കൂടുതല്‍ നഴ്‌സുമാരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക വഴി നഴ്സുമാരില്‍ ശാക്തീകരണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ബ്യൂളാ പറഞ്ഞു. 

നഴ്‌സിംഗ് ജോലിയുടെ മൂല്യത്തെയും ആരോഗ്യ സംരക്ഷണത്തില്‍ നഴ്‌സുമാരുടെ ഒഴിച്ചുകൂടാനാവാത്ത പങ്കിനെയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള സുജ തോമസിന്റെ മുഖ്യ പ്രഭാഷണം നഴ്സുമാരില്‍ അഭിമാനവും പ്രതിജ്ഞാബദ്ധതയും പുതുക്കിയുറപ്പിച്ചു.    

ഇന്ത്യന്‍ നഴ്‌സുമാര്‍ ആരോഗ്യരംഗത്ത് നല്‍കുന്ന ഉന്നത നിലവാരമുള്ള സംഭാവനകളെ സാഭിമാനം ചൂണ്ടിക്കാണിക്കുന്നതായിരുന്നു അയാനയുടെ മുന്‍ സാരഥികളായിരുന്ന ഡോ. അമ്പിളി നായര്‍, ഡോ. കസ്തൂരി ശിവന്‍, ഡോണി മാത്യു എന്നിവരുടെ ആശംസാപ്രസംഗങ്ങളില്‍.   

ഒരു പ്രൊഫെഷണല്‍ സംഘടനയുടെ ഔപചാരികമായ ചടങ്ങുകളില്‍ വര്‍ണ്ണവും ആനന്ദവും ലാഘവവും പകര്‍ന്നുകൊണ്ട് കുട്ടികളും യുവാക്കളും മുതിര്‍ന്നവരും അവതരിപ്പിച്ച നൃത്തങ്ങളും ഗാനങ്ങളും ഉപകരണ സംഗീതവും അമേരിക്കന്‍ സംസ്‌കാര തനിമയില്‍ ഇന്ത്യന്‍ കലാ സാംസ്‌കാരികതയുടെ നല്ല വശങ്ങളെ സൂക്ഷിക്കുന്നതിന്റെ ഉദാഹരങ്ങളായി. പൈതൃകത്വവും ക്രിയാത്മകതയും അന്തര്‍ത്തലമുറകളുടെ അഭിമാനവും വേദിയില്‍ അവതരിപ്പിക്കപ്പെട്ട കലാപ്രകടനങ്ങളില്‍ നിറഞ്ഞുനിന്നു.

നഴ്‌സിംഗ് തൊഴില്‍ സമൂഹം ആഗോളതലത്തില്‍ തന്നെ നേരിടുന്ന ശാരീരികവും മാനസികവുമായ തളര്‍ച്ച, ആരോഗ്യ പരിപാലനത്തിന് വിട്ടുവീഴ്ചയുണ്ടാകാത്ത വിധം പര്യാപ്തമായ സ്റ്റാഫിങ് ഉറപ്പുവരുത്തുക, മേഖലയില്‍ നഴ്‌സുമാര്‍ വഹിക്കുന്ന ബഹുമുഖമായ റോളുകളെ കുറിച്ചുള്ള അവബോധം ഉയര്‍ത്തി ശാസ്ത്രീയമായ മുന്നേറ്റങ്ങളില്‍ അവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുക, നിയമനിര്‍മ്മാതാക്കളുടെ ഗൗരവതരമായ ശ്രദ്ധയില്‍ നഴ്‌സിംഗ് അനുബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടുവരുക, നഴ്‌സിംഗ് വിദ്യാഭ്യാസത്തില്‍- പ്രത്യേകിച്ച് പ്രതിസന്ധികളിലും പ്രകൃതിവിപത്തുകളിലും വ്യാപകമായ പൊതുജനാരോഗ്യ അടിയന്തിരാവസ്ഥകളില്‍- വര്‍ധിച്ച നിക്ഷേപം നടത്തുക, തുടങ്ങിയവയെ ലാക്കാക്കിയാണ് ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേ ആചരിക്കപ്പെടുന്നത്. ആ ദിനത്തെ ഐക്യത്തിന്റെയും സാംസ്‌കാരിക ധന്യതയുടെയും സാമുദായികതേജസ്സിന്റെയും വര്‍ണ്ണ രുചികള്‍ പകര്‍ന്ന്   കുറച്ചുകൂടി ആസ്വാദ്യകരമാക്കുകയും പരസ്പരം വിലമതിക്കപ്പെടുകയും ചെയ്യത്തക്കവിധം അയാനയുടെ നേതൃത്വം രൂപപ്പെടുത്തി.