ഡോ. തോമസ് പി മാത്യു

ഡോ. തോമസ് പി മാത്യു

ഒഹായോ: ക്ലീവ്‌ലന്‍ഡിലെ ഇന്ത്യന്‍- മലയാളി സമൂഹത്തിലും ഓര്‍ത്തഡോക്‌സ് സഭാ പ്രവര്‍ത്തനങ്ങളിലുമുള്ള സജീവ സാന്നിധ്യമായിരുന്ന ഡോ. തോമസ് പി മാത്യു (80) നിര്യാതനായി. ഭാര്യ: ഡോ. റെയ്ചല്‍ മാത്യു. മക്കള്‍: റോഷന്‍ മാത്യു, ആഷ്‌ലി മാത്യു. മരുമക്കള്‍: സ്‌നേഹ, നോഹ സെപേല. 1946-ല്‍ തിരുവല്ലാ മേല്‍പ്പാടം ആകേരില്‍ പുത്തന്‍പറമ്പില്‍ കുടുംബത്തില്‍ ജനിച്ച തോമസ് പി മാത്യു ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്ന് 1966-ല്‍ ഫിലോസഫി, സൈക്കോളജി വിഷയങ്ങളില്‍ ബി എയും ആഗ്രയിലെ സെന്റ് ജോണ്‍സ് കോളജില്‍ നിന്ന് 1968-ല്‍ സൈക്കോളജിയില്‍ എം എയും നേടി. തുടര്‍ന്ന് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറി. ഒഹായോയിലെ സര്‍കിള്‍വില്‍ ബൈബിള്‍ കോളജില്‍ നിന്ന് 1972-ല്‍ സേക്രഡ് ലിറ്ററേച്ചറില്‍ ബിരുദവും ഒഹായോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1974-ല്‍ കമ്മ്യൂണിറ്റി കൗണ്‍സിലിംഗില്‍ മാസ്റ്റര്‍ ബിരുദവും നേടി. 2005-ല്‍, അന്‍പത്തിഒമ്പതാം വയസ്സില്‍ ആഷ്ലാന്‍ഡ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് ഡോക്ടറേറ്റ് ഇന്‍ മിനിസ്ട്രി ബിരുദവും കരസ്ഥമാക്കി. ജുവനൈല്‍ കോടതി പ്രൊബേഷന്‍ വകുപ്പും പ്രാദേശിക സഭകളും തമ്മിലുള്ള സഹകരണത്തിലൂടെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട കുട്ടികളുടെ പുനരധിവാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. അഞ്ച് പതിറ്റാണ്ടിലേറെയായി ക്ലീവ്‌ലന്‍ഡില്‍ താമസിച്ചിരുന്ന അദ്ദേഹം 1979-ല്‍ കുയഹോഗ കൗണ്ടി ജുവനൈല്‍ കോടതിയില്‍ സേവനം ആരംഭിച്ചു. പ്രൊബേഷന്‍ ഓഫീസര്‍, സോഷ്യല്‍ വര്‍ക്കര്‍, ഡിറ്റന്‍ഷന്‍ ഓഫീസര്‍, പ്രൊബേഷന്‍ കൗണ്‍സിലര്‍, അസസ്‌മെന്റ് മാനേജര്‍, പ്രൊബേഷന്‍ മാനേജര്‍ എന്നീ നിലകളില്‍ മൂന്ന് പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ച ശേഷം 2010-ല്‍ വിരമിച്ചു. ക്ലീവ്‌ലന്‍ഡിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്ന അദ്ദേഹം വര്‍ഷങ്ങളായി വിവിധ നേതൃത്വ സ്ഥാനങ്ങളില്‍ സഭയെ സേവിച്ചു. പൊതുദര്‍ശനം ജൂണ്‍ 6 ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ 7.30 വരെ നടക്കും. കുടുംബാംഗങ്ങള്‍ക്കായുള്ള സ്വകാര്യ ദര്‍ശനം വൈകിട്ട് 4.30 മുതല്‍ 5 മണിവരെയായിരിക്കും. ജൂണ്‍ 7 ഞായറാഴ്ച രാവിലെ 8 മണി മുതല്‍ 10.45 വരെ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് 11.15 മുതല്‍ 12.45 വരെ പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയും നടക്കും. കുടുംബാംഗങ്ങള്‍ക്കായുള്ള സ്വകാര്യ ദര്‍ശനം രാവിലെ 11 മുതല്‍ 11.15 വരെയായിരിക്കും. ശുശ്രൂഷകള്‍ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നടക്കും. സംസ്‌കാരം ജൂണ്‍ 7 ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ന് ക്ലീവ്‌ലന്‍ഡിലെ ലേക്ക് വ്യൂ സെമിത്തേരിയില്‍ നടക്കും.