ലോകകപ്പിനൊപ്പം രോഗവ്യാപന ഭീഷണിയും; ടൊറന്റോയും വാന്‍കൂവറും കടുത്ത ആരോഗ്യ നിരീക്ഷണത്തില്‍

ലോകകപ്പിനൊപ്പം രോഗവ്യാപന ഭീഷണിയും; ടൊറന്റോയും വാന്‍കൂവറും കടുത്ത ആരോഗ്യ നിരീക്ഷണത്തില്‍


ടൊറന്റോ: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആരാധകര്‍ എത്തുന്നതിനിടെ രോഗവ്യാപന സാധ്യതകള്‍ നേരിടാന്‍ ടൊറന്റോയും വാന്‍കൂവറും വിപുലമായ പൊതുജനാരോഗ്യ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. മലിനജല പരിശോധന മുതല്‍ സോഷ്യല്‍ മീഡിയ നിരീക്ഷണം വരെ ഉള്‍പ്പെടുന്ന നൂതന സംവിധാനങ്ങളാണ് അധികൃതര്‍ ഉപയോഗിക്കുന്നത്.

കാനഡ, അമേരിക്ക, മെക്സിക്കോ എന്നീ ആതിഥേയ രാജ്യങ്ങളിലായി 65 ലക്ഷത്തിലധികം ആരാധകര്‍ മത്സരങ്ങള്‍ കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്രയും വലിയ തോതിലുള്ള അന്തര്‍ദേശീയ യാത്രകള്‍ രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പുകള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ചാംപനി, എബോള, ഹാന്റാ വൈറസ് എന്നിവയുടെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.

ടൊറന്റോ പബ്ലിക് ഹെല്‍ത്തിന്റെ മെഡിക്കല്‍ ഓഫീസര്‍ ഡോ. മിഷേല്‍ മര്‍ട്ടിയുടെ നേതൃത്വത്തില്‍, ടൊറന്റോ സര്‍വകലാശാലയിലെയും ടൊറന്റോ മെട്രോപൊളിറ്റന്‍ സര്‍വകലാശാലയിലെയും ഗവേഷകരുമായി സഹകരിച്ചാണ് പ്രത്യേക നിരീക്ഷണം നടത്തുന്നത്.

സ്റ്റേഡിയങ്ങള്‍, ഫാന്‍ ഫെസ്റ്റിവലുകള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മലിനജല സാമ്പിളുകള്‍ പരിശോധിച്ച് രോഗാണുക്കളുടെ സാന്നിധ്യം കണ്ടെത്താനാണ് ശ്രമം.

കോവിഡ്-19, ഇന്‍ഫ്‌ളുവന്‍സ, ആര്‍ എസ് വി തുടങ്ങിയ ശ്വാസകോശ സംബന്ധമായ വൈറസുകള്‍ക്കായുള്ള പതിവ് പരിശോധനകള്‍ക്കൊപ്പം നോറോ വൈറസ്, അഞ്ചാംപനി, എംപോക്‌സ് എന്നീ രോഗങ്ങള്‍ക്കായുള്ള പരിശോധനകളും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

രോഗാണുക്കളെ കണ്ടെത്തിയാല്‍ സ്വീകരിക്കേണ്ട പൊതുജനാരോഗ്യ നടപടികള്‍ വ്യത്യസ്തമായിരിക്കുന്നതിനാലാണ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഡോ. മര്‍ട്ടി പറഞ്ഞു.

രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പുതന്നെ മലിനജല പരിശോധനയിലൂടെ രോഗവ്യാപന സൂചനകള്‍ ലഭിക്കുമെന്നതാണ് ഈ രീതിയുടെ പ്രധാന പ്രത്യേകത.

ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് സയന്‍സ് ആന്റ് സെക്യൂരിറ്റിയുടെ ഡയറക്ടര്‍ ഡോ. റെബേക്ക കാറ്റ്‌സ് പറയുന്നതനുസരിച്ച് അഞ്ചാംപനിയുടെ ആദ്യ രോഗി ആശുപത്രിയില്‍ എത്തുന്നതിന് അഞ്ച് മുതല്‍ ഏഴ് ദിവസം മുമ്പ് തന്നെ മലിനജല പരിശോധനയില്‍ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയും.

ഈ വര്‍ഷം അമേരിക്കയില്‍ ഏകദേശം 2,000 അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെക്സിക്കോയിലും കാനഡയുടെ ചില പ്രദേശങ്ങളിലുമായി രോഗം വീണ്ടും പടരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

അഞ്ചാംപനി കണ്ടെത്തിയാല്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും പ്രതിരോധ കുത്തിവയ്പ്പിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുമെന്ന് ടൊറന്റോ പബ്ലിക് ഹെല്‍ത്ത് അറിയിച്ചു.

അഞ്ചാംപനി ബാധിച്ചാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ 10 മുതല്‍ 12 ദിവസം വരെ എടുത്തേക്കാം. അതിനാല്‍ യാത്രയ്ക്ക് മുമ്പ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് ഡോ. മര്‍ട്ടി പറഞ്ഞു.

കടുത്ത ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാക്കുന്ന നോറോ വൈറസിന്റെ സാന്നിധ്യം സാധാരണയായി മലിനജലത്തില്‍ കാണാറുണ്ട്. എന്നാല്‍ രോഗവ്യാപനം വര്‍ധിക്കുന്നതിന്റെ സൂചന ലഭിച്ചാല്‍, രോഗബാധിതര്‍ വീടുകളില്‍ തുടരാനും കൈകള്‍ വൃത്തിയായി സൂക്ഷിക്കാനുമുള്ള നിര്‍ദേശങ്ങള്‍ നല്‍കും.

ശാരീരിക സമ്പര്‍ക്കത്തിലൂടെയും ലൈംഗിക ബന്ധങ്ങളിലൂടെയും പകരുന്ന എംപോക്‌സ് സംബന്ധിച്ചും ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശിച്ചിട്ടുണ്ട്. ടൊറന്റോയില്‍ ഇപ്പോഴും എംപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ കുത്തിവയ്പ്പും സുരക്ഷിത ലൈംഗിക പെരുമാറ്റവും പരിഗണിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

കോംഗോ റിപ്പബ്ലിക്കില്‍ അപൂര്‍വ ഇനത്തിലുള്ള എബോള വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ വടക്കേ അമേരിക്കയില്‍ പൊതുജനങ്ങള്‍ക്ക് എബോള ഭീഷണി വളരെ കുറവാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചില വിഭാഗങ്ങളിലെ കുടിയേറ്റ രേഖകള്‍ക്ക് കാനഡ താത്ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മലിനജല പരിശോധനയ്ക്കു പുറമെ, ഇലക്ട്രോണിക് ആരോഗ്യ രേഖകളില്‍ നിന്നുള്ള വിവരങ്ങളും സമൂഹമാധ്യമങ്ങളിലെ പൊതുവിവരങ്ങളും ഉപയോഗിച്ച് രോഗവ്യാപന സൂചനകള്‍ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

ഭക്ഷ്യവിഷബാധ തടയുന്നതിനായി ലോകകപ്പ് ഫാന്‍ സോണുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന എല്ലാ കച്ചവടക്കാരും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് ടൊറന്റോ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വാന്‍കൂവറിലെ ബി സി പ്ലേസില്‍ നടക്കുന്ന ഏഴ് മത്സരങ്ങള്‍ക്കായി മൂന്നര ലക്ഷം ആരാധകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫാന്‍ ഫെസ്റ്റിവലുകളിലും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കും.

ഇതിന്റെ ഭാഗമായി ബ്രിട്ടീഷ് കൊളംബിയ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, വാന്‍കൂവര്‍ കോസ്റ്റല്‍ ഹെല്‍ത്ത്, പ്രവിശ്യാ ആരോഗ്യ ഓഫീസുകള്‍ എന്നിവ സംയുക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഭക്ഷ്യവിഷബാധ, മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട അപകടങ്ങള്‍, മദ്യപാനവുമായി ബന്ധപ്പെട്ട പരിക്കുകള്‍, ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍, ഗതാഗത അപകടങ്ങള്‍ എന്നിവയും പ്രധാന വെല്ലുവിളികളായി തിരിച്ചറിഞ്ഞിട്ടുണ്ട്.

സ്റ്റേഡിയങ്ങളില്‍ പ്രത്യേക പാരാമെഡിക് സംഘങ്ങളെയും ആംബുലന്‍സുകളെയും വിന്യസിക്കുമെന്നും അടിയന്തര ചികിത്സാ വിഭാഗങ്ങള്‍ അധിക രോഗികളെ സ്വീകരിക്കാന്‍ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു.

ലോകകപ്പില്‍ പങ്കെടുക്കുന്നവര്‍ക്കായി പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പതിവായി കൈ കഴുകുക, സുരക്ഷിതമായ കുടിവെള്ളം ഉപയോഗിക്കുക, നന്നായി പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക, അടച്ചിട്ട ഇടങ്ങളില്‍ ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കുക തുടങ്ങിയവ ഉള്‍പ്പെടുന്നു.

മെക്സിക്കോയിലെ ചില നഗരങ്ങളില്‍ ഡെങ്കിപ്പനി, സിക്ക വൈറസ്, ചിക്കുന്‍ഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ പടരാനുള്ള സാധ്യതയുള്ളതിനാല്‍, കൊതുകുനിവാരണ ലോഷനുകള്‍ ഉപയോഗിക്കാനും ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കാനും യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.