ഒട്ടാവ: അമേരിക്കയുടെ സാമ്പത്തിക- സൈനിക ശക്തി ഉപയോഗിച്ചുള്ള കടുത്ത സമ്മര്‍ദ്ദ നയത്തിനെതിരെ ചെറുരാഷ്ട്രങ്ങള്‍ എങ്ങനെ പ്രതിരോധം തീര്‍ക്കാമെന്ന പുതിയ മാതൃക മുന്നോട്ടുവയ്ക്കാനുള്ള കാനഡ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയുടെ ശ്രമം ട്രംപ് ഭരണകൂടവുമായി കടുത്ത വാഗ്വാദങ്ങള്‍ക്ക് വഴിതുറന്നു.
കഴിഞ്ഞ ആഴ്ച അമേരിക്കയുടെ തന്ത്രപ്രധാന എതിരാളിയായ ചൈനയുമായി കാനഡ വ്യാപാര തര്‍ക്കം പരിഹരിക്കുകയും സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ ആഗോള ശക്തികളുടെ സാമ്പത്തിക ബലപ്രയോഗത്തിനെതിരെ ചെറുരാഷ്ട്രങ്ങള്‍ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രസംഗം നടത്തുകയും ചെയ്തു.
ഈ നീക്കങ്ങള്‍ രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും വലിയ പിന്തുണയാണ് നേടിയത്. ട്രംപ് ഭരണകൂടത്തിന്റെ 'ഭീഷണിപ്പെടുത്തല്‍ നയത്തിനെതിരെ' നിലകൊള്ളാനുള്ള മാതൃകയായി ഇതിനെ പലരും വിലയിരുത്തി. അതിനിടെയാണ് ഡെന്‍മാര്‍ക്ക് ഗ്രീന്‍ലാന്‍ഡ് അമേരിക്കയ്ക്ക് വിട്ടുകൊടുക്കാത്ത പക്ഷം യൂറോപ്പിനെതിരെ പ്രതികാര നടപടി ഉണ്ടാകുമെന്ന് പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കിയിരുന്നത്.
കാര്‍ണിയുടെ നിലപാടുകള്‍ ട്രംപ് ഭരണകൂടത്തെ പ്രകോപിപ്പിക്കുകയും ദാവോസില്‍ സംസാരിച്ച പ്രസിഡന്റ് ട്രംപ് കാര്‍ണിയെ വിമര്‍ശിക്കുകയും അമേരിക്കയില്ലായിരുന്നെങ്കില്‍ കാനഡ ഉണ്ടാകുമായിരുന്നില്ലെന്ന് പറയുകയും ചെ്തു. അടുത്ത തവണ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ഇത് ഓര്‍ക്കണമെന്നും ട്രംപ് പറഞ്ഞു.
തുടര്‍ന്നുള്ള ദിവസം ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്ഫോമില്‍ കാനഡയെ തന്റെ 'ബോര്‍ഡ് ഓഫ് പീസ്' സമിതിയിലേക്ക് ക്ഷണിച്ചത് പിന്‍വലിച്ചതായി അറിയിക്കുകയും ചെയ്തു. കാര്‍ണി ഈ നിര്‍ദേശം പരിഗണിച്ചിരുന്നുവെങ്കിലും അംഗീകരിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലട്ട്നിക്, കാര്‍ണിയുടെ നിലപാടിനെ അഹങ്കാരപരമായ ചിന്ത എന്നാണ് വിശേഷിപ്പിച്ചത്. ദാവോസ് പ്രസംഗം പരാതിയും വിലാപവും മാത്രമാണെന്നും ആരോപിച്ചു. ചൈനയുമായി കാനഡ ഒപ്പുവച്ച വ്യാപാര കരാര്‍ യു എസ്- മെക്‌സിക്കോ- കാനഡ സ്വതന്ത്ര വ്യാപാര ഉടമ്പടി പുനഃചര്‍ച്ചകള്‍ അട്ടിമറിക്കാനുള്ള മാര്‍ഗരേഖയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് കാര്‍ണിയുടെ പ്രസംഗത്തെ ലഘൂകരിച്ചുകൊണ്ട് പ്രസംഗം നടത്തുന്നതിന് പകരം കാനഡ അമേരിക്കയ്ക്ക് നന്ദി പറയുകയാണ് വേണ്ടത് എന്ന് ദാവോസില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദാവോസില്‍ നിന്ന് കാനഡയിലേക്ക് മടങ്ങിയെത്തിയ ശേഷം നടത്തിയ പ്രസംഗത്തില്‍ കാര്‍ണി ശക്തമായ മറുപടി നല്‍കി. കാനഡയുടെ സമ്പദ്വ്യവസ്ഥ പുനര്‍നിര്‍മിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ ശ്രമിക്കണമെന്നും രാജ്യത്തിന്റെ സ്ഥാപക ചരിത്രം ഓര്‍മിപ്പിച്ചുകൊണ്ട് ആധിപത്യത്തിന് പകരം പങ്കാളിത്തവും വിഭജനത്തിന് പകരം സഹകരണവുമാണ് കാനഡ തെരഞ്ഞെടുത്തത് എന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച കാര്‍ണി കാനഡ അമേരിക്ക കാരണം ജീവിക്കുന്നില്ലെന്നും കാനഡ മുന്നേറുന്നത് കാനഡയായതിനാലാണെന്നും പറഞ്ഞു.
ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ കാനഡയ്ക്കെതിരെ തീരുവകള്‍ ഏര്‍പ്പെടുത്തിയതോടെ തുടങ്ങിയ യു എസ്- കാനഡ ബന്ധങ്ങളിലെ വിള്ളലുകളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ വാഗ്വാദം. കാനഡ വഴങ്ങില്ലെന്ന് ഓരോ തവണയും സൂചന നല്‍കിയപ്പോള്‍ ട്രംപ് ഭരണകൂടം സമ്മര്‍ദം വര്‍ധിപ്പിച്ചു. രണ്ടാം കാലാവധിയുടെ തുടക്കത്തില്‍ കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കാന്‍ സാമ്പത്തിക സമ്മര്‍ദ്ദം ഉപയോഗിക്കാമെന്ന സൂചന ട്രംപ് നല്‍കിയിരുന്നെങ്കിലും കാര്‍ണി അധികാരത്തിലെത്തിയ ശേഷം പ്രസ്തുത ഭാഷാപ്രയോഗം ഒഴിവാക്കി.
ചൈനയുമായി കാനഡയുണ്ടാക്കിയ വ്യാപാര ധാരണയും ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളെ തുറന്നുവിമര്‍ശിച്ച ദാവോസ് പ്രസംഗവും അമേരിക്കയുമായി ദശകങ്ങളായുള്ള സാമ്പത്തികസുരക്ഷാ കരാര്‍ അവസാനിച്ചുവെന്ന കാര്‍ണിയുടെ വിശ്വാസം വ്യക്തമാക്കുന്നതായി ഒട്ടാവയിലെ കാള്‍ട്ടണ്‍ സര്‍വകലാശാലയിലെ അന്താരാഷ്ട്രകാര്യ വിദഗ്ധനായ ഫെന്‍ ഹാംപ്‌സണ്‍ പറഞ്ഞു.
യു എസ്- മെക്‌സിക്കോ- കാനഡ അംഗീകരിക്കാവുന്ന നിബന്ധനകളില്‍ നിലനില്‍ക്കില്ലെന്ന് കണക്കുകൂട്ടി വ്യാപാരം വൈവിധ്യമാര്‍ന്നതാക്കാനും പുതിയ നിക്ഷേപകരെ കണ്ടെത്താനും നിയമാധിഷ്ഠിത പങ്കാളികളുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കാനുമാണ് കാര്‍ണി ശ്രമിക്കുന്നതെന്ന് ഹാംപ്‌സണ്‍ വിലയിരുത്തി.
യു എസ്- മെക്‌സിക്കോ- കാനഡ പുനഃപരിശോധനയും പുനഃചര്‍ച്ചയും ഈ വേനല്‍ക്കാലത്ത് ശക്തമാകുമെന്ന് ട്രംപ് ഭരണകൂടം സൂചന നല്‍കിയിട്ടുണ്ട്. അമേരിക്കയുമായുള്ള വ്യാപാരത്തില്‍ കാനഡയുടെ സമ്പദ്വ്യവസ്ഥ വലിയ തോതില്‍ ആശ്രിതമായതിനാല്‍ ആ ആശ്രയം കുറയ്ക്കുക എന്നത് കാര്‍ണിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
ദാവോസ് പ്രസംഗത്തില്‍ അമേരിക്കയെയോ ചൈനയെയോ പേരെടുത്തുപറയാതെ പഴയ പാശ്ചാത്യ ആധിപത്യമുള്ള നിയമാധിഷ്ഠിത ആഗോള ക്രമം തകരുന്നതിനെക്കുറിച്ച് കാര്‍ണി മുന്നറിയിപ്പ് നല്‍കി. തീരുവകള്‍ പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആഗോള 'ആധിപത്യശക്തികള്‍' വിതരണ ശൃംഖലകള്‍ക്ക് ഭീഷണിയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സമ്മര്‍ദത്തിന് എതിരായി വിവിധ രാജ്യങ്ങള്‍ ചേര്‍ന്ന് വിഷയാധിഷ്ഠിത കൂട്ടായ്മകള്‍ രൂപീകരിക്കുകയാണ് ഏറ്റവും മികച്ച പ്രതിരോധമെന്ന് കാര്‍ണി അഭിപ്രായപ്പെട്ടു. നാം മേശയ്ക്കരികില്‍ ഇല്ലെങ്കില്‍, നാം തന്നെ ഭക്ഷണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ ശക്തികളുമായി രണ്ടുതല ചര്‍ച്ചകള്‍ നടത്തുന്ന ചെറുരാഷ്ട്രങ്ങള്‍ ബലഹീനതയില്‍ നിന്നാണ് ചര്‍ച്ച ചെയ്യുന്നത് എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേസമയം, ചൈനയുമായി ബന്ധം ശക്തമാക്കുന്ന കാര്‍ണിയുടെ നീക്കത്തിനെതിരെ ആഭ്യന്തരമായി വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളും ആഭ്യന്തര ഇടപെടലുകളും ചൂണ്ടിക്കാട്ടുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ലോകം ആഗ്രഹിക്കുന്നതുപോലെയല്ല, ഉള്ളതുപോലെ സ്വീകരിക്കുകയാണ് എന്ന് കാര്‍ണി പറഞ്ഞു.
ചൈനയുമായുള്ള വ്യാപാരം വര്‍ധിപ്പിച്ചതിന് കാനഡ വില കൊടുക്കേണ്ടിവരും എന്നും ഒരു വര്‍ഷത്തിനുള്ളില്‍ ചൈന അവരെ തിന്നുകളയും എന്നും ട്രംപ് വെള്ളിയാഴ്ച ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ മുന്നറിയിപ്പ് നല്‍കി.
ദാവോസില്‍ കാര്‍ണിയുടെ പ്രസ്താവനകള്‍ വലിയ സ്വീകാര്യത നേടിയെങ്കിലും അമേരിക്കയുമായി അതീവ അടുത്ത ബന്ധമുള്ള സമ്പദ്വ്യവസ്ഥയ്ക്ക് ഇത് അപകട സാധ്യതകളും സൃഷ്ടിക്കുമെന്ന് കാനഡ മുന്‍ നയതന്ത്രജ്ഞയായ ലൂയിസ് ബ്ലെയിസ് അഭിപ്രായപ്പെട്ടു. സ്വയം വലിയ നാശം ഏറ്റുവാങ്ങാതെ 'ഇല്ല' എന്ന് പറയാനുള്ള കഴിവുണ്ടാകുമ്പോഴാണ് മൂല്യപ്രഖ്യാപനങ്ങള്‍ക്ക് അര്‍ഥമുണ്ടാകുന്നതെന്നും കാനഡ ഇപ്പോഴും അതിനുള്ള തയ്യാറെടുപ്പിലെത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
